സൗദിയിൽ ചൊവ്വാഴ്ച വരെ അതിശക്തമായ മഴക്കും കാറ്റിനും സാധ്യത; രാജ്യം അതീവ ജാഗ്രതയിൽ

റിയാദ്: സൗദി അറേബ്യയുടെ വിവിധ പ്രവിശ്യകളിൽ വരും ദിവസങ്ങളിൽ അതിശക്തമായ മഴക്കും കാലാവസ്ഥ വ്യതിയാനത്തിനും സാധ്യതയുണ്ടെന്ന് ദേശീയ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. ഞായറാഴ്ച മുതൽ ചൊവ്വാഴ്ച വരെ രാജ്യത്തി​െൻറ വിവിധ ഭാഗങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴ തുടരുമെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

നജ്‌റാൻ, ജിസാൻ, അസീർ, അൽ ബാഹ എന്നീ തെക്കൻ പ്രവിശ്യകളിൽ ശനിയാഴ്ച മുതൽ ആരംഭിച്ച മഴയുടെ തീവ്രത വരും ദിവസങ്ങളിൽ വർധിക്കാൻ സാധ്യതയുണ്ട്. മക്ക, റിയാദ്, കിഴക്കൻ പ്രവിശ്യയിലെ പ്രധാന നഗരങ്ങളായ ദമ്മാം, ഖോബാർ, ജുബൈൽ എന്നിവിടങ്ങളിലും മിതമായതോ ശക്തമായതോ ആയ മഴ പെയ്യും.

കനത്ത മഴക്കുള്ള സാധ്യത മുൻനിർത്തി തലസ്ഥാന നഗരിയായ റിയാദിൽ സൗദി റെഡ് ക്രെസൻറ്​ അതോറിറ്റി അതീവ ജാഗ്രത നിർദേശം പുറപ്പെടുവിച്ചു. അടിയന്തര സാഹചര്യം നേരിടാൻ 143 ആംബുലൻസ് യൂനിറ്റുകളെയും 25 ദ്രുത പ്രതികരണ സംഘങ്ങളെയും സജ്ജമാക്കിയിട്ടുണ്ട്. വലിയ അപകടങ്ങളുണ്ടായാൽ ഒരേസമയം കൂടുതൽ ആളുകളെ മാറ്റുന്നതിനായി ‘ബസ് തുവൈഖ്’ എന്ന അത്യാധുനിക വാഹനവും പ്രവർത്തനസജ്ജമാണ്. സഹായം ആവശ്യമുള്ളവർക്ക് 997 എന്ന നമ്പറിലോ 'അസഫ്നി' ആപ്പ് വഴിയോ ബന്ധപ്പെടാവുന്നതാണ്.

മഴക്കൊപ്പം മണിക്കൂറിൽ 60 കിലോമീറ്ററിലധികം വേഗതയുള്ള കാറ്റും പൊടിപടലങ്ങളും ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ വാഹനയാത്രികർ പ്രത്യേകം ശ്രദ്ധിക്കണമെന്ന് അധികൃതർ അറിയിച്ചു. അൽ ജൗഫ്, തബൂക്ക്, മദീന എന്നീ മേഖലകളിൽ പൊടിക്കാറ്റ് മൂലം കാഴ്ചപരിധി തീരെ ഇല്ലാതാകുന്ന സാഹചര്യം ഉണ്ടായേക്കാം. കൂടാതെ, കടൽതീരങ്ങളിൽ ഉയർന്ന തിരമാലകൾക്കും ചിലയിടങ്ങളിൽ ‘ടൊർണാഡോ’ അല്ലെങ്കിൽ ‘വാട്ടർ സ്പൗട്ടുകൾ’ രൂപപ്പെടാനും സാധ്യതയുണ്ട്.

മലവെള്ളപ്പാച്ചിൽ, ആലിപ്പഴ വർഷം എന്നിവക്ക് സാധ്യതയുള്ളതിനാൽ താഴ്ന്ന പ്രദേശങ്ങളിൽ നിന്നും വാദികളിൽ നിന്നും പൊതുജനങ്ങൾ വിട്ടുനിൽക്കണം. സിവിൽ ഡിഫൻസ് നൽകുന്ന സുരക്ഷ നിർദേശങ്ങൾ കർശനമായി പാലിക്കണമെന്നും കാലാവസ്ഥ വ്യതിയാനങ്ങൾ തത്സമയം അറിയാൻ ‘ആൻവാ’ ആപ്പ് ഉപയോഗിക്കണമെന്നും അധികൃതർ അഭ്യർത്ഥിച്ചു. പ്രാഥമിക നിഗമനങ്ങൾ പ്രകാരം വരും ആഴ്ചയുടെ അവസാനം വരെ രാജ്യത്തി​െൻറ പല ഭാഗങ്ങളിലും മഴ തുടരാനാണ് സാധ്യത.

Tags:    
News Summary - Heavy rain and strong winds likely in Saudi Arabia until Tuesday; country on high alert

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.