ദമ്മാം: സൗഹൃദ പെരുമഴയിൽ ഹൃദയരാഗങ്ങളുടെ മധുരാഗശ്രുതിമീട്ടാൻ ദമ്മാം ഒരുങ്ങിക്കഴിഞ്ഞു. വെള്ളിയാഴ്ച വൈകീട്ട് ആറ് മുതൽ ദമ്മാം-അൽഖോബാർ ഹൈവേയിലെ സ്പോർട്സ് സിറ്റി ഇൻഡോർ സ്റ്റേഡിയത്തിൽ ഗൾഫ് മാധ്യമം ഒരുക്കുന്ന ‘ഹാർമോണിയസ് കേരള’ സംഗീത സന്ധ്യയുടെ രണ്ടാം പതിപ്പ് അരങ്ങേറും. കിഴക്കൻ പ്രവിശ്യ ഇതുവരെ ദർശിച്ചിട്ടില്ലാത്ത അത്യപൂർവ കാഴ്ച വിരുന്നുകളുമായാണ് ഇത്തവണ ഹാർമോണിയസ് കേരള അരങ്ങേറുന്നത്.
സ്നേഹ നിരാസങ്ങളുടെ തമസ്സുമുറ്റുന്ന ഇടങ്ങളിൽ സ്നേഹത്തിേൻറയും സൗഹൃദത്തിന്റെയും തിരിതെളിയിച്ച് ഹൃദയങ്ങളെ നന്മകളിൽ കൊരുത്ത് പുതിയ പ്രതീക്ഷകൾ പകർന്നു നൽകിയാവും ഈ സംഗീത സന്ധ്യക്ക് തിരശ്ശീല വീഴുക.
ഇതിന്റെ ഭാഗമാകാൻ കിഴക്കൻ പ്രവിശ്യയിലെ പൊതുസമൂഹം അത്യാവേശപൂർവമാണ് മുന്നോട്ട് വന്നിട്ടുള്ളത്. മഞ്ഞും തണുപ്പും വകവെക്കാതെ ഇൻഡോർ സ്റ്റേഡിയത്തിൽ ഇരുന്ന് ഇത്രയും മനോഹരമായ കലാമാമാങ്കം ആസ്വദിക്കാൻ കഴിയുന്നുവെന്നതാണ് അധികം പേരെയും ടിക്കറ്റുകൾ കരസ്ഥമാക്കാൻ പ്രേരിപ്പിച്ചത്.
മലയാളത്തിന്റെ പ്രിയഗായകൻ എം.ജി. ശ്രീകമാറിന്റെ 42 വർഷം നീണ്ട സംഗീത സപര്യയുടെ ആഘോഷം കൂടിയാണ് ദമ്മാമിലെ ഹാർമോണിയസ് കേരളയുടെ ഭാഗമായി നടക്കുന്നത്. അദ്ദേഹത്തോടൊപ്പം പാടാൻ അവസരം ലഭിക്കുന്ന ‘മധുമയമായ് പാടാൻ’ മത്സരത്തിലേക്ക് ഗായകർ അത്യാവേശപൂർവമാണ് പങ്കെടുത്തത്.
ബുധനാഴ്ച രത്രിയിൽ അതിന്റെ ഫൈനലിലേക്കുള്ള ആളുകളെ തെരഞ്ഞെടുത്തു. അഭിനയത്തികവിനപ്പുറം, നിലപാടുകൾകൊണ്ട് മലയാളം ശ്രദ്ധിച്ച നടി പാർവതി തിരുവോത്തിന്റെ സാന്നിധ്യമാണ് ഹാർമോണിയസ് കേരളയുടെ മറ്റൊരു ആകർഷണം.
2024ൽ അരങ്ങേറിയ ഹാർമോണിയസ് കേരളക്ക് ടിക്കറ്റ് കിട്ടാതെ നിരവധി ആളുകൾക്ക് അവസാന നിമിഷം നിരാശരായി മടങ്ങിപ്പോകേണ്ടി വന്നിരുന്നു. അതുകൊണ്ടുതന്നെ പലരും ഇത്തവണ നേരത്തേതന്നെ ടിക്കറ്റുകൾ കരസ്ഥമാക്കിയിട്ടുണ്ട്. എങ്കിലും അവസാനമെത്തുന്നവരേയും പരിഗണിക്കാൻ സംഘാടകർ കുറച്ച് ടിക്കറ്റുകൾ കരുതിവെച്ചിട്ടുണ്ട്.
സ്വാഭാവിക അഭിനയത്തിലുടെ യുവതയുടെ ഹൃദയം കവർന്ന അർജുൻ അശോകൻ, അനുകരണ കലയിലെ വ്യത്യസ്ത പ്രതിഭ സിദ്ദീഖ് റോഷൻ എന്നിവർക്കൊപ്പം കൗമാരഹൃങ്ങളെ ഇളക്കി മറിച്ച ഡാൻസർ റംസാന്റെ സാന്നിധ്യവും സ്കൂൾ കുട്ടികൾ ഉൾപ്പെടെയുള്ളവരെ ഹാർമോണിയസ് കേരളയിലേക്ക് ആകർഷിച്ചിട്ടുണ്ട്. പുതുവർഷ പുലരിക്ക് മുമ്പുള്ള ദിനങ്ങളെ ആടിയും പാടിയും ചിരിച്ചും രസിച്ചും ഉജ്ജ്വലമാക്കാൻ ഒരു സമൂഹം മുഴുവൻ ഒരുങ്ങിക്കഴിഞ്ഞു. സ്പോർട്സ് സിറ്റിയിൽ ആദ്യമായാണ് ഒരു വിദേശ മെഗാഷോ അരങ്ങേറാൻ ഒരുങ്ങുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.