മക്ക: റമദാൻ മാസത്തിൽ മക്ക, മദീന ഹറമുകളിലെത്തുന്ന തീർഥാടകർക്കായി വിപുലമായ ഒരുക്കവുമായി കിങ് അബ്ദുല്ല സംസം സുഖ്യ പദ്ധതി.
റമദാനിലെ വർധിച്ച ആവശ്യം കണക്കിലെടുത്ത് 22 ലക്ഷത്തിലധികം സംസം കുപ്പികൾ വിതരണത്തിനായി സജ്ജമാക്കിയതായി ഔദ്യോഗിക നിർവഹണ ചുമതലയുള്ള നാഷനൽ വാട്ടർ കമ്പനി അറിയിച്ചു.
സീസണിലെ തിരക്ക് പരിഗണിച്ച് പ്രതിദിനം അഞ്ച് ലിറ്ററിന്റെ രണ്ട് ലക്ഷം കുപ്പികളാണ് പദ്ധതിയിലൂടെ ഉൽപാദിപ്പിക്കുന്നത്. നിലവിൽ പ്രധാന വിതരണ കേന്ദ്രത്തിന് പുറമെ സൗദി അറേബ്യയുടെ വിവിധ ഭാഗങ്ങളിലുള്ള 750ലധികം വിതരണ കേന്ദ്രങ്ങൾ വഴിയും സംസം ലഭ്യമാകും. കൂടാതെ, തീർഥാടകർക്ക് ‘നുസുക്’ ആപ്പ് വഴി 330 മില്ലി ലിറ്ററിന്റെ ചെറിയ കുപ്പികളും സ്വന്തമാക്കാം. മക്കയിലെ മസ്ജിദുൽ ഹറാമിൽ 24 മണിക്കൂറും സംസം വിതരണം ഉറപ്പാക്കുന്നതിനൊപ്പം, മദീനയിലെ മസ്ജിദുന്നബവിയിലേക്ക് പ്രതിദിനം അഞ്ച് കോടി ലിറ്ററിലധികം ജലം എത്തിക്കാനുള്ള ക്രമീകരണങ്ങളും പൂർത്തിയായിട്ടുണ്ട്.
സുരക്ഷിതവും ആരോഗ്യകരവുമായ മാർഗങ്ങളിലൂടെയാണ് മദീനയിലേക്കുള്ള ജലവിതരണം ഏകോപിപ്പിക്കുന്നത്. ആധുനിക സാങ്കേതികവിദ്യയുടെ സഹായത്തോടെ പൂർണമായും ഓട്ടോമേറ്റഡ് സംവിധാനത്തിലാണ് സംസം ശേഖരിക്കുന്നതും കുപ്പികളിലാക്കുന്നതും. കിണറിൽനിന്ന് കുപ്പികളിലാക്കുന്നത് വരെ മനുഷ്യ സ്പർശമേൽക്കാതെയാണ് ഈ പ്രക്രിയ നടക്കുന്നത്. ജലത്തിന്റെ ഗുണനിലവാരവും സുരക്ഷയും ഉറപ്പാക്കുന്നതിനായി അത്യാധുനിക ലാബുകളിൽ പ്രതിദിനം 400ലധികം പരിശോധനകൾ നടത്തുന്നുണ്ടെന്നും അധികൃതർ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.