ജിദ്ദ: ഹറമിലെ കുറ്റകൃത്യങ്ങൾ വിചാരണ ചെയ്യുന്നതിനായി മക്കയിൽ ഹജ്ജ് ഉംറ പ്രോസിക്യൂഷൻ ഓഫിസ് ആരംഭിച്ചു. ഹറമിനോട് ചേർന്ന് ആരംഭിച്ച ഓഫിസിന്റെ ഉദ്ഘാടനം പബ്ലിക് പ്രോസിക്യൂട്ടർ ശൈഖ് സഊദ് ബിൻ അബ്ദുല്ല അൽ മുഅ്ജബ് ഉദ്ഘാടനം ചെയ്തു. ഹജ്ജ്, ഉംറ എന്നിവയുടെ നീതിന്യായ സംരക്ഷണ നടപടികൾ എളുപ്പമാക്കുന്നതിനാണ് ഇങ്ങനെയൊരു ഓഫിസ് പ്രവർത്തനമാരംഭിച്ചിരിക്കുന്നത്.
തീർഥാടനവുമായി ബന്ധപ്പെട്ട നിബന്ധനകൾ ലംഘിക്കുന്ന ക്രിമിനൽ കുറ്റങ്ങൾക്കെതിരായതും ഹറമിൽ കുറ്റകൃത്യത്തിലേർപ്പെടുന്നവർക്കെതിരെയുള്ളതുമായ ശിക്ഷാനടപടികൾ, ഹജ്ജ്-ഉംറ തീർഥാടകർക്ക് നിയമം ഉറപ്പുനൽകുന്ന അവകാശങ്ങൾ ലഭിക്കുന്നുണ്ടെന്ന് പരിശോധിക്കുക തുടങ്ങിയവ ഓഫിസിന്റെ ലക്ഷ്യങ്ങളിലുൾപ്പെടും.
ഹജ്ജ്, ഉംറ പ്രോസിക്യൂഷൻ കൈകാര്യം ചെയ്യുന്ന ക്രിമിനൽ കേസുകൾ ഉടനെ തീർപ്പുകൽപിക്കേണ്ടതിന്റെ ആവശ്യകത പബ്ലിക് പ്രോസിക്യൂട്ടർ പറഞ്ഞു. മുഴുവൻ തീർഥാടകരും ഹജ്ജിന്റെയും ഉംറയുടെയും പുണ്യസ്ഥലങ്ങളുടെയും പവിത്രത പാലിക്കണം. അവ ലംഘിക്കുന്നത് ഏറ്റവും കഠിനമായ ശിക്ഷകൾ ആവശ്യപ്പെടുന്ന കേസുകളിലൊന്നായി കണക്കാക്കപ്പെടുന്നുവെന്നും പബ്ലിക് പ്രോസിക്യൂട്ടർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.