ഇവി ടോൾ എയർ ടാക്സി
റിയാദ്: അമേരിക്കൻ കമ്പനിയുമായി സഹകരിച്ച് സൗദി വ്യാപകമായി എയർ ടാക്സി സർവിസ് ആരംഭിക്കും. വെർട്ടിക്കൽ ടേക് ഓഫ് ലാൻഡിങ് (വിടോൾ) വിമാനങ്ങളിൽ വൈദഗ്ധ്യം നേടിയ മുൻനിര യു.എസ് കമ്പനിയായ ‘ആർച്ചർ ഏവിയേഷ’െൻറ സഹകരണത്തോടെയാണ് സൗദി സിവിൽ ഏവിയേഷൻ അതോറിറ്റി എയർ ടാക്സി സർവിസ് ഒരുക്കുന്നത്. കമ്പനിയും അതോറിറ്റിയും ഇത് സംബന്ധിച്ച ധാരണപത്രത്തിൽ ഒപ്പുവെച്ചു. റിയാദ് ഫിനാൻഷ്യൽ സെന്ററിൽ നടന്ന ‘നഗര മൊബിലിറ്റി: പരിധികളില്ലാത്ത നവീകരണം’ എന്ന വിഷയത്തിലുള്ള ഗ്ലോബൽ മൊബിലിറ്റി ഉച്ചകോടിയുടെ ചട്ടക്കൂടിനുള്ളിലാണ് ധാരണപത്രത്തിൽ ഒപ്പുവെച്ചതെന്ന് അതോറിറ്റി പറഞ്ഞു.
സൗദിയിൽ പറക്കും ടാക്സി സേവനങ്ങൾ സ്വീകരിക്കുന്നത് ത്വരിതപ്പെടുത്തുന്നതിനും സൗദിയിലെ ഭാവി മൊബിലിറ്റി സിസ്റ്റത്തിെൻറ ഭാഗമാകുന്നതിന് അഡ്വാൻസ്ഡ് എയർ ട്രാൻസ്പോർട്ട് (എ.എ.എം) വികസിപ്പിക്കുന്നതിനെ പിന്തുണക്കുന്നതിനുമുള്ള പുതിയ ചുവടുവെപ്പിെൻറ ഭാഗമാണിത്. കരാർ പ്രകാരം സൗദിയിൽ വെർട്ടിക്കൽ ടേക് ഓഫ് ആൻഡ് ലാൻഡിങ് വിമാന പ്രവർത്തനങ്ങളെ നിയന്ത്രിക്കുന്ന നിലവിലുള്ള നിയന്ത്രണ ചട്ടക്കൂട് മെച്ചപ്പെടുത്തുന്നതിനും വികസിപ്പിക്കുന്നതിനും അതോറിറ്റിയും ആർച്ചറും സഹകരിക്കും. പ്രവർത്തന സുരക്ഷ ഉറപ്പാക്കുന്നതിനും എയർ ടാക്സി സേവനങ്ങളുടെ ക്രമാനുഗത വിന്യാസത്തെ പിന്തുണക്കുന്നതിനുമായി ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷൻ (എഫ്.എ.എ) അക്രഡിറ്റേഷൻ മാനദണ്ഡങ്ങൾ തുടർച്ചയായി പാലിക്കുന്നതും കരാറിൽ ഉൾപ്പെടുന്നു.
‘ആർച്ചർ’ പോലുള്ള ആഗോള പങ്കാളികളുമായി പ്രവർത്തിക്കുന്നതിലൂടെ ദേശീയ വ്യോമയാന സംവിധാനത്തിൽ വെർട്ടിക്കൽ ടേക് ഓഫ്, ലാൻഡിങ് വിമാനങ്ങളെ സുരക്ഷിതമായി സംയോജിപ്പിക്കുന്നതിന് ആവശ്യമായ നിയന്ത്രണ, പ്രവർത്തന അടിത്തറകൾ അതോറിറ്റി ശക്തിപ്പെടുത്തുന്നത് തുടരുന്നുവെന്ന് സിവിൽ ഏവിയേഷൻ അതോറിറ്റി വ്യോമയാന സുരക്ഷക്കും പരിസ്ഥിതി സുസ്ഥിരതക്കുമുള്ള എക്സിക്യൂട്ടിവ് വൈസ് പ്രസിഡൻറ് ക്യാപ്റ്റൻ സുലൈമാൻ ബിൻ സ്വാലിഹ് അൽമുഹൈമിദി പറഞ്ഞു.
ദശലക്ഷക്കണക്കിന് ആളുകൾക്ക് സുരക്ഷിതവും സുസ്ഥിരവും കാര്യക്ഷമവുമായ വിമാനയാത്ര നൽകുന്നതിന് വഴിയൊരുക്കുന്നതിനായി സൗദിയിൽ നേരത്തേ പരീക്ഷണ പ്രവർത്തനങ്ങൾ നടന്നുവരുകയാണെന്ന് ആർച്ചർ സ്ഥാപകനും ചെയർമാനുമായ ആദം ഗോൾഡ്സ്റ്റൈൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.