ഹജ്ജ് തീർഥാടകർ ‘നുസ്ക്’ കാർഡ് കരുതണം -സൗദി ഹജ്ജ് മന്ത്രാലയം

മക്ക: ഹജ്ജ് തീർഥാടകർ ‘നുസ്ക്’ കാർഡ് നേടുകയും കൈയിൽ കരുതുകയും വേണമെന്ന് ഹജ്ജ്, ഉംറ മന്ത്രാലയം വ്യക്തമാക്കി. ഈ വർഷം എല്ലാ തീർഥാടകർക്കും മന്ത്രാലയം ഇത് നൽകുന്നുണ്ട്. തീർഥാടകർ എല്ലാ യാത്രയിലും കാർഡ് കൈവശം വെക്കുകയും ആവശ്യമാകുമ്പോൾ കാണിച്ചു കൊടുക്കുകയും ചെയ്യേണ്ടത് നിർബന്ധമാണെന്ന് മന്ത്രാലയം അറിയിച്ചു.

നിയമാനുസൃത തീർഥാടകരെ മറ്റുള്ളവരിൽനിന്ന് വേർതിരിക്കാനുള്ള ഔദ്യോഗികവും അംഗീകൃതവുമായ തിരിച്ചറിയൽ കാർഡാണിതെന്നും മന്ത്രാലയം സൂചിപ്പിച്ചു. സ്വകാര്യ വിവരങ്ങൾ, ഐഡന്‍റിറ്റി നമ്പർ അല്ലെങ്കിൽ ഏകീകൃത റഫറൻസ് നമ്പർ, ആരോഗ്യ വിവരങ്ങൾ, മക്ക, മദീന എന്നിവിടങ്ങളിൽ താമസിക്കുന്ന സ്ഥലം, പുണ്യസ്ഥലങ്ങളിൽ സേവനം നൽകുന്ന കമ്പനികളുടെ പേരുകൾ, അവരുമായി ആശയവിനിമയത്തിനുള്ള മാർഗങ്ങൾ, ഗ്രൂപ്പ് ലീഡറെക്കുറിച്ചുള്ള വിവരങ്ങൾ എന്നിവ ഉൾക്കൊള്ളുന്നതാണ് ഡിജിറ്റൽ കാർഡ്. തീർഥാടകർക്ക് കാര്യക്ഷമമായും വേഗത്തിലും സേവനം ലഭ്യമാക്കാൻ ഇത് സഹായിക്കും.

ഹജ്ജ് നിർവഹിക്കുന്ന സമയത്തുടനീളം പുണ്യസ്ഥലങ്ങളിൽനിന്ന് പുറത്തുകടക്കുക, പ്രവേശിക്കുക, യാത്ര ചെയ്യുക എന്നിവക്ക് കാർഡ് നിർബന്ധമാണ്. വഴിതെറ്റുമ്പോൾ തീർഥാടകനെ എളുപ്പത്തിലും സൗകര്യപ്രദമായും ലക്ഷ്യസ്ഥാനത്തെത്തിക്കാനും ആവശ്യമായ മെഡിക്കൽ സേവനം ലഭ്യമാക്കാനും കാർഡ് സഹായിക്കും. ഹജ്ജ് പൂർത്തിയാക്കിയതിന്റെ സർട്ടിഫിക്കറ്റും ഇതിൽ അടങ്ങിയിട്ടുണ്ട്. തവക്കൽന, നുസ്ക് ആപ്ലിക്കേഷനുകളിൽ കാർഡിന്റെ ഇലക്ട്രോണിക് പകർപ്പും മന്ത്രാലയം ഒരുക്കിയിട്ടുണ്ട്. ഇതിലൂടെ കാർഡ് നഷ്‌ടപ്പെടുമ്പോഴും പരിശോധന വേളയിൽ സുരക്ഷാ ഉദ്യോഗസ്ഥർക്ക് മുമ്പാകെ ഡിജിറ്റൽ പതിപ്പ് എളുപ്പത്തിൽ കാണിക്കാനും തീർഥാടകർക്ക് സാധിക്കും.

അന്താരാഷ്‌ട്ര തീർഥാടകർക്ക് വിസ ഇഷ്യു ചെയ്തതിന് ശേഷം ഹജ്ജ് ഓഫിസുകളിൽ നിന്നും ആഭ്യന്തര തീർഥാടകർക്ക് ഹജ്ജ് പെർമിറ്റ് നേടിയ ശേഷം സേവന ദാതാക്കളിൽ നിന്നും കാർഡ് ലഭിക്കുമെന്നും മന്ത്രാലയം അറിയിച്ചു.

Tags:    
News Summary - Hajj pilgrims must carry 'NUSK' card - Saudi Ministry of Hajj

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.