മക്ക: പുരുഷ തുണയില്ലാതെ ഹജ്ജ് കർമത്തിനായി എത്തുന്ന മലയാളി വനിത തീർത്ഥാടകരുടെ പ്രവാഹം മക്കയിൽ തുടരുന്നു. ശനിയാഴ്ച മുതലാണ് മഹ്റം ഇല്ലാത്ത വിഭാഗത്തിലുള്ള ഹാജിമാർ വിശുദ്ധ മണ്ണിൽ എത്തിത്തുടങ്ങിയത്. കൊച്ചിയിൽ നിന്നുള്ള ആറ് വിമാനങ്ങളിലായി ഇതിനോടകം 2,580 തീർഥാടകർ ജിദ്ദ വിമാനത്താവളത്തിലെ ഹജ്ജ് ടെർമിനലിൽ ഇറങ്ങി.
ജിദ്ദയിലെത്തിയ വനിത തീർത്ഥാടകരെ ഇന്ത്യൻ ഹജ്ജ് മിഷൻ ഉദ്യോഗസ്ഥരും കെ.എം.സി.സി വനിതാ വളൻറിയർമാരും ഉൾപ്പെടെയുള്ള വിവിധ സന്നദ്ധ സംഘടനകളും ചേർന്ന് ഊഷ്മളമായി സ്വീകരിച്ചു. തുടർന്ന് പ്രത്യേക ഹജ്ജ് സർവിസ് ബസ്സുകൾ മാർഗം ഇവരെ മക്കയിലെ താമസസ്ഥലങ്ങളിൽ എത്തിച്ചു. ഇവിടെയും വനിത വളൻറിയർമാരുടെ നേതൃത്വത്തിൽ വിപുലമായ സ്വീകരണ സൗകര്യങ്ങളാണ് ഒരുക്കിയിരുന്നത്.
ഈ വിഭാഗത്തിൽ എത്തുന്ന തീർത്ഥാടകർക്കായി കർശനമായ സുരക്ഷ സംവിധാനങ്ങളുള്ള താമസസൗകര്യമാണ് ഒരുക്കിയിരിക്കുന്നത്. മെഡിക്കൽ സേവനങ്ങൾ, ഗതാഗത സൗകര്യങ്ങൾ എന്നിവക്ക് പുറമെ സർക്കാർ വകുപ്പുകളിൽ നിന്നുള്ള രണ്ട് വനിത ഉദ്യോഗസ്ഥർ വീതം ഓരോ സംഘത്തെയും അനുഗമിക്കുന്നുണ്ട്. മക്കയിലെത്തിയ തീർത്ഥാടകർ സ്റ്റേറ്റ് ഹജ്ജ് ഇൻസ്പെക്ടറുടെ മേൽനോട്ടത്തിൽ ഗ്രൂപ്പുകളായി ഹറമിലെത്തി ഉംറ നിർവഹിച്ചു.
നാട്ടിൽ നിന്നും തുണയില്ലാതെ എത്തുന്ന ഹാജിമാർക്ക് ഹജ്ജ് കർമങ്ങൾ എളുപ്പത്തിൽ പൂർത്തിയാക്കാൻ വിവിധ സന്നദ്ധ സംഘടനകളുടെ വനിത വിങ്ങുകൾ സജീവമായി രംഗത്തുണ്ട്. ഞായറാഴ്ച രണ്ട് വിമാനങ്ങളിലായി കൂടുതൽ വനിത ഹാജിമാർ ജിദ്ദയിലെത്തി. ഇതിൽ അവസാന വിമാനം രാത്രി 11-ഓടെയാണ് ലാൻഡ് ചെയ്തത്.
ജിദ്ദയിലും മക്കയിലും ഇവരെ സഹായിക്കാൻ വളൻറിയർമാർ വിശ്രമമില്ലാതെ സേവനമനുഷ്ഠിക്കുന്നു. മെയ് 14-ന് കോഴിക്കോട് നിന്നുമാണ് അടുത്ത ഘട്ട വനിത തീർത്ഥാടകരുടെ യാത്ര നിശ്ചയിച്ചിരിക്കുന്നത്. വിപുലമായ തയ്യാറെടുപ്പുകളോടെയാണ് വരും ദിവസങ്ങളിലും തീർത്ഥാടകരെ സ്വീകരിക്കാൻ ഹജ്ജ് മിഷനും സന്നദ്ധ സംഘടനകളും ഒരുങ്ങിയിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.