ജിദ്ദ: ഷോപ്പിങ്ങിനും മറ്റും പേയ്‌മെന്റ് നടത്തുന്നതിനുള്ള ലളിത മാർഗമായ ഗൂഗ്ൾ പേ സംവിധാനം സൗദി അറേബ്യയിലും യാഥാർഥ്യമാവുന്നു. ഇത് സംബന്ധിച്ച കരാറിൽ സൗദി സെൻട്രൽ ബാങ്കും ഗൂഗ്ളും ഒപ്പുവെച്ചു.
ദേശീയ പേയ്‌മെന്റ് സംവിധാനമായ mada വഴി 2025 ൽ തന്നെ പദ്ധതി രാജ്യത്ത് ആരംഭിക്കുമെന്ന് സൗദി സെൻട്രൽ ബാങ്ക് വാർത്താകുറിപ്പിൽ അറിയിച്ചു. സൗദി വിഷൻ 2030ന്റെ ഭാഗമായി രാജ്യത്തിന്റെ ഡിജിറ്റൽ പേയ്‌മെന്റ് സംവിധാനം മെച്ചപ്പെടുത്തുന്നതിനായി സൗദി സെൻട്രൽ ബാങ്കിന്റെ തുടർച്ചയായ ശ്രമങ്ങളുടെ ഭാഗമായാണ് ഗൂഗ്ൾ പേ സൗദിയിലെത്തുന്നത്.
ഷോപ്പുകളിലും ആപ്പുകളിലും വെബിലും മറ്റുമുള്ള ക്രയവിക്രയത്തിന് നൂതനവും സുരക്ഷിതവുമായ പേയ്‌മെന്റ് രീതി ഗൂഗ്ൾ പേ പദ്ധതിയിലൂടെ ഉപയോക്താക്കൾക്ക് നൽകാനാവും. ഗൂഗ്ൾ വാലറ്റിൽ ഉപയോക്താക്കൾക്ക് അവരുടെ mada കാർഡുകൾ സൗകര്യപ്രദമായി ചേർക്കാനും കൈകാര്യം ചെയ്യാനും കഴിയും.
അന്താരാഷ്ട്ര മാനദണ്ഡങ്ങൾ പാലിക്കുന്ന നൂതന ഡിജിറ്റൽ പേയ്‌മെന്റ് വാഗ്ദാനം ചെയ്യുന്നതിലൂടെ പണത്തെ ആശ്രയിക്കാത്ത ഒരു സമൂഹത്തിലേക്കുള്ള രാജ്യത്തിൻറെ പരിവർത്തനം സാധ്യമാക്കുന്ന സൗദി സെൻട്രൽ ബാങ്കിന്റെ പ്രതിബദ്ധതയാണ് ഇതു വഴി അടിവരയിടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.