‘ഇഹ്സാൻ’ചാരിറ്റി പദ്ധതിയിലേക്ക് പണം നൽകാനായി സ്ഥാപിച്ച മെഷീനിൽ ആളുകൾ സംഭാവന നൽകുന്നു
ജിദ്ദ: ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി സൗദി ഡേറ്റ ആൻഡ് ആർട്ടിഫിഷ്യൽ ഇൻറലിജൻസ് അതോറിറ്റി (സദായ) ആരംഭിച്ച 'ഇഹ്സാൻ'ചാരിറ്റി പ്ലാറ്റ്ഫോം കാമ്പയിന് മികച്ച പ്രതികരണം. കാമ്പയിൻ ആരംഭിച്ച് 24 മണിക്കൂറിനുള്ളിൽ 26 കോടി റിയാലാണ് (6.93 കോടി ഡോളർ) സംഭാവനയായി ലഭിച്ചത്. സൗദി ഭരണാധികാരി സൽമാൻ രാജാവ് രണ്ടുകോടി റിയാലും കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാൻ ഒരുകോടി റിയാലും സംഭാവന നൽകിയാണ് കാമ്പയിൻ ആരംഭിച്ചത്. വിവിധ കമ്പനികൾ, രാജ്യത്തെ മനുഷ്യസ്നേഹികൾ എന്നിവർ കാമ്പയിന് പിന്തുണയുമായി രംഗത്തുവന്നു.
വഖഫ് സുലൈമാൻ അൽ റാജിഹിയാണ് പദ്ധതിയിലേക്ക് ഏറ്റവും കൂടുതൽ സംഭാവന നൽകിയത്. നാലുകോടി റിയാലാണ് ഇവർ നൽകിയത്. പരേതനായ ശൈഖ് മുഹമ്മദ് അബ്ദുൽ അസീസ് അൽ റാജിഹിയുടെ ചാരിറ്റി സ്ഥാപനങ്ങളായ നമ, അത്ത കമ്പനികൾ 2.5 കോടി റിയാലും സൗദി അരാംകോ കമ്പനി 1.5 കോടി റിയാലും സൗദി ടെലികോം കമ്പനി ഒരുകോടി റിയാലും അൽ റാജ്ഹി ബാങ്ക് 70 ലക്ഷം റിയാലും സൗദി ബേസിക് ഇൻഡസ്ട്രീസ് കോർപറേഷൻ, സൗദി നാഷനൽ ബാങ്ക് എന്നിവർ 50 ലക്ഷം റിയാൽ വീതവും പദ്ധതിയിലേക്ക് സംഭാവന നൽകി. രാജ്യത്തെ വിദേശികളും സ്വദേശികളുമായ എല്ലാ നിവാസികൾക്കും പദ്ധതിയിൽ എളുപ്പത്തിൽ പങ്കാളിത്തം വഹിക്കാവുന്ന തരത്തിലാണ് ഇഹ്സാൻ പദ്ധതി രൂപകൽപന ചെയ്തിരിക്കുന്നത്.
അശരണരുടെ വീടുകൾ പുതുക്കിപ്പണിയുക, കുടുംബങ്ങൾക്ക് ഭക്ഷണ കിറ്റ് നൽകുക, പ്രായമായവർക്ക് പരിചരണം നൽകുക, ഡയാലിസിസ് രോഗികളെയും അനാഥകളെയും സഹായിക്കുക തുടങ്ങി ഉപയോക്താക്കൾക്ക് തങ്ങളുടെ സംഭാവന ഏത് മേഖലയിലേക്കു നൽകണമെന്ന് തിരഞ്ഞെടുക്കാനും അവരുടെ സംഭാവനകളുടെ പുരോഗതി പിന്തുടരാനും കഴിയും. സാമ്പത്തിക കുറ്റകൃത്യങ്ങളിൽ ശിക്ഷിക്കപ്പെട്ട തടവുകാരെ സഹായിക്കുന്നതിനുള്ള ആഭ്യന്തര മന്ത്രാലയ പ്ലാറ്റ്ഫോമായ ഫ്യുരിജാത്ത്, കിങ് സൽമാൻ ഹ്യൂമാനിറ്റേറിയൻ എയ്ഡ് ആൻഡ് റിലീഫ് സെൻറർ എന്നിവയുമായും ഇഹ്സാൻ ചാരിറ്റി പദ്ധതി സേവനങ്ങളെ ബന്ധിപ്പിച്ചിട്ടുണ്ട്. ആവശ്യമുള്ളവർക്ക് ഭക്ഷണം, വെള്ളം, പാർപ്പിടം, മരുന്ന് തുടങ്ങിയ അടിയന്തര ആവശ്യങ്ങൾക്കും പദ്ധതിയിൽനിന്ന് സഹായങ്ങൾ നൽകും. സകാത് വിഹിതം അടക്കാനുള്ള സൗകര്യവും ഇഹ്സാൻ പദ്ധതിയിലുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.