റിയാദിൽ ചേതന ലിറ്റററി ഫോറം സംഘടിപ്പിച്ച സെമിനാറിൽ മീഡിയവൺ സീനിയർ ന്യൂസ് എഡിറ്റർ നിഷാദ് റാവുത്തർ സംസാരിക്കുന്നു
റിയാദ്: ആയിരക്കണക്കിന് കുഞ്ഞുങ്ങളെ നിഷ്കരുണം കുരുതിക്കിരയാക്കുകയും ഒരു ജനവിഭാഗത്തെ മുഴുവൻ നാമാവശേഷമാക്കുകയും ചെയ്യുന്ന ഇസ്രായേൽ നിഷ്ഠുരതക്കെതിരെ ലോകരാജ്യങ്ങൾ ഒരിടപെടലും നടത്താത്തത് അതീവ ദുഃഖകരമാണെന്നും അങ്ങേയറ്റം പ്രതിഷേധാർഹമാണെന്നും പ്രമുഖ ടെലിവിഷൻ ജേണലിസ്റ്റും മീഡിയവൺ സീനിയർ ന്യൂസ് എഡിറ്ററുമായ നിഷാദ് റാവുത്തർ പറഞ്ഞു. അന്താരാഷ്ട്ര സമൂഹം നീതിപൂർവമായല്ല പെരുമാറുന്നത്. ഇറാഖിലും അഫ്ഗാനിലും നാമത് കണ്ടതാണ്.
വംശീയതയും കുടിലതയും നിറഞ്ഞ രീതിയിലുള്ള സമീപനം ഒരു പരിഷ്കൃത സമൂഹത്തിന് ഒട്ടും യോജിച്ചതല്ലെന്നും ഇക്കാര്യത്തിൽ ലോക മാധ്യമങ്ങളുടെ കുറ്റകരമായ മൗനം ഭീകരമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ചേതന ലിറ്റററി ഫോറം റിയാദിൽ സംഘടിപ്പിച്ച ‘മാധ്യമ സ്വാതന്ത്ര്യവും വെല്ലുവിളികളും’ വിഷയത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്വാതന്ത്ര്യം എന്നത് മാധ്യമങ്ങളുടെ മാത്രമല്ല, ഓരോ മനുഷ്യന്റെയും സ്വാതന്ത്ര്യം കൂടിയാണ്. മാധ്യമങ്ങൾക്കായി പ്രത്യേക സ്വാതന്ത്ര്യമില്ല. ഭരണകൂടങ്ങളും കോർപറേറ്റ് മൂലധന ശക്തികളും ഭയപ്പെടുത്തിയും വിലക്ക് വാങ്ങിയും അനുമതി നിഷേധിച്ചും മാധ്യമങ്ങളുടെയും ജനങ്ങളുടെയും നാവരിയുന്നു. മാധ്യമങ്ങളാവട്ടെ, അവരുടെ നരേറ്റിവുകൾക്കനുസരിച്ച് ഉത്തരവാദിത്തരഹിതമായി പെരുമാറുന്നു, ജനങ്ങൾക്ക് ‘ആവശ്യമുള്ളത്’ നൽകുന്നു.
അപകടകരമായ ബാലൻസിങ്ങും വാഴ്ത്തുപാട്ടും ആൾക്കൂട്ട രാഷ്ട്രീയവുമായി നീതിബോധമില്ലാതെ പ്രതികരിക്കുന്നു. ലോകത്ത് പത്രസ്വാതന്ത്ര്യത്തിൽ നാം 160ാം സ്ഥാനത്തേക്ക് കൂപ്പുകുത്തുന്നു. ലോകത്ത് ഏറ്റവും നുണകൾ പ്രചരിപ്പിക്കുന്നവരായി നാം മാറിയിരിക്കുന്നു. ഇവിടെ, മാനവികതക്കും സാധാരണക്കാർക്കും വേണ്ടി ശബ്ദിക്കാനും ഗസ്സക്കുവേണ്ടി നിലകൊള്ളാനും നീതിയുടെ പക്ഷത്ത് നിൽക്കാനും തയാറാവുക എന്നതാണ് നമ്മുടെ ദൗത്യം. ഗാന്ധിജിയുടെ പക്ഷമതാണ്, നമ്മുടെ ഭരണഘടന വിഭാവനം ചെയ്യുന്നതുമതാണ്. മാധ്യമങ്ങളും പൗരസമൂഹവും ഉണർന്നു പ്രവർത്തിക്കേണ്ട ഘട്ടമാണിതെന്നും നിഷാദ് റാവുത്തർ പറഞ്ഞു.
ഫലസ്തീൻ, മീഡിയ, ഫാഷിസം തുടങ്ങി നിരവധി വിഷയങ്ങൾ ചോദ്യോത്തര സെഷനിൽ പ്രേക്ഷകർ ഉന്നയിക്കുകയും നിഷാദ് പ്രതികരിക്കുകയും ചെയ്തു. ഷാർജ പുസ്തകോത്സവത്തിൽ പ്രകാശനം ചെയ്യുന്ന ‘ചേതന’ അംഗങ്ങളടക്കമുള്ള എഴുത്തുകാരുടെ പുസ്തകങ്ങളുടെ കവർ പ്രകാശനം നിഷാദ് റാവുത്തർ നിർവഹിച്ചു. എം.പി. ഷഹ്ദാൻ, നൈറ ഷഹ്ദാൻ, സുബൈദ കോമ്പിൽ, നിഖില സമീർ, ഖമർബാനു എന്നിവർ സംബന്ധിച്ചു. ചേതന രക്ഷധികാരി സദറുദ്ദീൻ കീഴിശ്ശേരി അധ്യക്ഷത വഹിച്ചു. പ്രസിഡൻറ് ഡോ. മുഹമ്മദ് ലബ്ബ സ്വാഗതവും റഹ്മത്ത് തിരുത്തിയാട് നന്ദിയും പറഞ്ഞു. ചേതനയുടെ ഉപഹാരം ഡോ. ലബ്ബ, താജുദ്ദീൻ ഓമശ്ശേരി എന്നിവർ ചേർന്ന് സമ്മാനിച്ചു. സദറുദ്ദീൻ ഷാളണിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.