കുവൈത്ത് സിറ്റി: റോഡ് സുരക്ഷ വർധിപ്പിക്കൽ, നിയമലംഘനങ്ങൾ തടയൽ, ഗതാഗത അച്ചടക്കം ഉറപ്പാക്കൽ എന്നിവയുടെ ഭാഗമായി ജലീബ് അൽ ഷുയൂഖിൽ ജനറൽ ട്രാഫിക് വകുപ്പ് പരിശോധന. വാണിജ്യ വ്യവസായ മന്ത്രാലയം, കുവൈത്ത് മുനിസിപ്പാലിറ്റി എന്നിവയുടെ ഏകോപനത്തിൽ നടത്തിയ പരിശോധനയിൽ വിവിധ നിയമലംഘനങ്ങൾ കണ്ടെത്തി.
പരിശോധനയിൽ 55 വ്യത്യസ്ത ഗതാഗത നിയമലംഘനങ്ങൾ രേഖപ്പെടുത്തി. താമസ നിയമങ്ങൾ ലംഘിച്ചതിന് 23 പേരെ അറസ്റ്റുചെയ്തു. ഇവരെ നാടുകടത്തുന്നതിനായി നിയമനടപടികൾ ആരംഭിച്ചു.
വാണിജ്യ നിയന്ത്രണ ആവശ്യകതകൾ ലംഘിച്ച് പ്രവർത്തിക്കുന്ന വർക്ക്ഷോപ്പുകൾക്ക് വാണിജ്യ വ്യവസായ മന്ത്രാലയം നോട്ടീസുകൾ നൽകി. പൊതു ഇടങ്ങളുടെ നിയമവിരുദ്ധ ഉപയോഗത്തിനും ചൂഷണത്തിനും കുവൈത്ത് മുനിസിപ്പാലിറ്റിയും നടപടി സ്വീകരിച്ചു.
ക്രമസമാധാനം നിലനിർത്തുന്നതിനും റോഡ് സുരക്ഷ ഉറപ്പാക്കുന്നതിനുമുള്ള ആഭ്യന്തര മന്ത്രാലയത്തിന്റെ നടപടികളുടെ ഭാഗമാണ് സംയുക്ത പരിശോധനയെന്ന് ജനറൽ ട്രാഫിക് വകുപ്പ് വ്യക്തമാക്കി. നിയമങ്ങളും ചട്ടങ്ങളും പൂർണമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിന് രാജ്യത്തിന്റെ വിവിധ മേഖലകളിൽ സമാനമായ പരിശോധന തുടരുമെന്നും മന്ത്രാലയം അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.