സൗദി ഗ്രാന്റ് മുഫ്തിയുടെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി ജി.സി.സി രാഷ്ട്ര നേതാക്കൾ

ജിദ്ദ: സൗദി ഗ്രാന്റ് മുഫ്തിയും മുതിർന്ന പണ്ഡിത കൗൺസിൽ തലവനുമായിരുന്ന ശൈഖ് അബ്ദുൽ അസീസ് ആലു ശൈഖിന്റെ (82) വിയോഗത്തിൽ ഗൾഫ് സഹകരണ കൗൺസിൽ (ജി.സി.സി) രാഷ്ട്രങ്ങളിലെ വിവിധ നേതാക്കൾ അനുശോചനം രേഖപ്പെടുത്തി. ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി, പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ ബിൻ ജാസിം ആൽഥാനി എന്നിവർ സൽമാൻ രാജാവിന് അയച്ച പ്രത്യേക സന്ദേശത്തിൽ അനുശോചനം അറിയിച്ചു. ഒമാൻ സുൽത്താൻ ഹൈതം ബിൻ താരിഖ് രാജാവിന് അയച്ച സന്ദേശത്തിൽ സൗദി ഭരണകൂടത്തിനും ഇസ്‌ലാമിക സമൂഹത്തിനും ആത്മാർഥമായ അനുശോചനവും അതീവ ദുഃഖവും അറിയിക്കുന്നതായും പറഞ്ഞു. വിടപറഞ്ഞ ശൈഖിന് സ്വർഗത്തിനായും ദൈവത്തിന്റെ കരുണക്ക് വേണ്ടി പ്രാർഥിക്കുന്നതായും അദ്ദേഹം പറഞ്ഞു. ബഹ്റൈൻ രാജാവ് ഹമദ് ബിൻ ഈസ അൽ ഖലീഫ സൽമാൻ രാജാവ്, കിരീടാവകാശിയും പ്രധാനമന്ത്രിയുമായ അമീർ മുഹമ്മദ് ബിൻ സൽമാൻ എന്നിവർക്ക് അയച്ച സന്ദേശത്തിൽ ആത്മാർത്ഥമായ അനുശോചനവും ദുഃഖവും അറിയിച്ചു. ശൈഖിന്റെ കുടുംബത്തിനും സൗദി അറേബ്യയിലെ ജനങ്ങൾക്കും ഹൃദയംഗമമായ സഹതാപവും ബഹ്‌റൈൻ രാജാവ് അറിയിച്ചു.

ചൊവ്വാഴ്ച പുലർച്ചെ അന്തരിച്ച ശൈഖ് അബ്ദുൽ അസീസ് ആലു ശൈഖിന്റെ മയ്യിത്ത് നമസ്കാരം റിയാദിലെ ഇമാം തുർക്കി ബിൻ അബ്ദുല്ല മസ്ജിദിൽ അസർ നമസ്കാര ശേഷം നടന്നു. അതിന് ശേഷം ഖബറടക്കുകയും ചെയ്തു. പ്രധാനമന്ത്രിയും കിരീടാവകാശിയുമായ അമീർ മുഹമ്മദ് ബിൻ സൽമാൻ ആണ് മയ്യിത്ത് നമസ്കാരത്തിന് നേതൃത്വം നൽകിയത്. മക്കയിലെ മസ്ജിദുൽ ഹറാം, മദീനയിലെ മസ്ജിദുന്നബവി അടക്കം രാജ്യത്തെ എല്ലാ പ്രധാന പള്ളികളിലും ചൊവ്വാഴ്ച അസർ നമസ്കാരത്തിന് ശേഷം മയ്യിത്ത് നമസ്കാരം നടന്നിരുന്നു.

ഗ്രാന്റ് മുഫ്തി ശൈഖ് അബ്ദുൽ അസീസ് ആലു ശൈഖ്, ശൈഖ് മുഹമ്മദ് ബിൻ അബ്ദുൽ വഹാബിന്റെ പേരക്കുട്ടികളിൽ പെട്ട പണ്ഡിതനായിരുന്നു. സൗദി കാലഘട്ട ത്തിൽ അറഫയിലെ ആറാമത്തെ ഖതീബുമായിരുന്നു ശൈഖ്.1982 മുതൽ 2015 വരെ 35 വർഷക്കാലം മക്കയിലെ നമിറ പള്ളിയിൽ ഹാജിമാർക്ക് അറഫ പ്രഭാഷണം നടത്തി. ഇസ്‌ലാമിക രാഷ്ട്രത്തിന്റെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ കാലം ഹജ്ജ് സീസണിൽ അറഫാത്തിൽ സേവനമനുഷ്ഠിച്ച പ്രണ്ഡിതൻ എന്ന ബഹുമതിയും അദ്ദേഹം നേടി.1999 മെയ് 14 ന് ശൈഖ് അബ്ദുൽ അസീസ് ബിൻ ബാസിന്റെ മരണശേഷമാണ് ശൈഖ് അബ്ദുൽ അസീസ് ആലു ശൈഖിനെ സൗദി അറേബ്യയുടെ ഗ്രാന്റ് മുഫ്തിയായി നിയമിച്ചത്. മുതിർന്ന പണ്ഡിതൻ എന്ന നിലയിൽ ആഗോള ഇസ്‌ലാമിക സമൂഹത്തിൽ ശൈഖിനുണ്ടായിരുന്ന വിശിഷ്ട സ്ഥാനം ഏറെയായിരുന്നു. അദ്ദേഹത്തിന് അബ്ദുല്ല, മുഹമ്മദ്, ഉമർ, അബ്ദുൾറഹ്മാൻ എന്നിങ്ങനെ നാല് ആൺ മക്കളാണുള്ളത്.

Tags:    
News Summary - GCC leaders express condolences over the passing of Saudi Grand Mufti

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.