കെയ്റോയിൽ ചേർന്ന അറബ് ലീഗിന്‍റെ അസാധാരണ യോഗം

ഗസ്സ ഉപരോധം പിൻവലിക്കണം, മാനുഷിക സഹായമെത്തിക്കാൻ അനുവദിക്കണമെന്നും അറബ് ലീഗ്

ജിദ്ദ: ഗസ്സ ഉപരോധം പിൻവലിക്കണമെന്നും മാനുഷിക സഹായവും ഭക്ഷണവും ഇന്ധനവും അടിയന്തരമായി എത്തിക്കാൻ അനുവദിക്കണമെന്നും അറബ് ലീഗ് ആവശ്യപ്പെട്ടു. കെയ്റോയിൽ മോറോക്കൊയുടെ അധ്യക്ഷതയിൽ നടന്ന അറബ് ലീഗ് അസാധാരണ സമ്മേളനം അംഗീകരിച്ച ‘ഫലസ്തീൻ ജനതക്കെതിരായ ഇസ്രായേൽ ആക്രമണം തുടരുന്നു’ എന്ന പേരിലുള്ള പ്രമേയത്തിലാണ് ഇക്കാര്യം ആവശ്യപ്പെട്ടത്.

യു.എൻ ഏജൻസികൾ, പ്രത്യേകിച്ച് ഫലസ്തീൻ അഭയാർഥികൾക്കുള്ള യുനൈറ്റഡ് നേഷൻസ് റിലീഫ് ആൻഡ് വർക്ക്സ് ഏജൻസി വഴി ഫലസ്തീനിലേക്ക് സഹായമെത്തിക്കാൻ അനുവദിക്കണം. ഗസ്സക്ക് വൈദ്യുതി നൽകുന്നത് നിർത്താനും വെള്ളം വെട്ടിക്കുറക്കാനുമുള്ള ഇസ്രായേലിന്‍റെ അന്യായമായ തീരുമാനങ്ങൾ റദ്ദാക്കണമെന്നും പ്രമേയം ആവശ്യപ്പെട്ടു. സങ്കീർണമായ ഈ സാഹചര്യത്തിൽ വെല്ലുവിളികളെ നേരിടാൻ ഏജൻസികളെ പ്രാപ്തമാക്കുന്നതിന് മതിയായ സാമ്പത്തിക സഹായം അറബ് രാജ്യങ്ങളും അന്താരാഷ്ട്ര രാജ്യങ്ങളും നൽകേണ്ടതിന്‍റെ ആവശ്യകതയും അറബ് ലീഗ് ഊന്നിപ്പറഞ്ഞു.

എല്ലാ കക്ഷികളോടും സംയമനം പാലിക്കാനും വിനാശകരമായ ആക്രമണത്തിന്‍റെ പ്രത്യാഘാതങ്ങളെക്കുറിച്ച് മുന്നറിയിപ്പ് നൽകാനും ആഹ്വാനം ചെയ്തു. അന്താരാഷ്ട്ര നിയമം നടപ്പാക്കുന്നതിനും അടിയന്തരവും ഫലപ്രദവുമായ പ്രവർത്തനം ആരംഭിക്കുന്നതിനും അന്താരാഷ്ട്ര സമൂഹവുമായി ചേർന്ന് പ്രവർത്തിക്കണമെന്നും അക്രമത്തിന്‍റെ വ്യാപനം മേഖലയുടെ സുരക്ഷക്കും സ്ഥിരതക്കും അപകടമാണെന്നും അതിന് എല്ലാവരും വലിയ വില നൽകേണ്ടിവരുമെന്നും പ്രമേയത്തിൽ സൂചിപ്പിച്ചു. പൊതു മാനുഷിക മൂല്യങ്ങൾക്കും അന്താരാഷ്ട്ര നിയമങ്ങൾക്കും അനുസൃതമായി സാധാരണക്കാരെ സംരക്ഷിക്കേണ്ടതുണ്ട്. സാധാരണക്കാരെയും എല്ലാ തടവുകാരെയും വിട്ടയക്കേണ്ടതിന്‍റെ ആവശ്യകത പ്രമേയത്തിൽ വ്യക്തമാക്കി.

ഫലസ്തീൻ ജനതക്ക് നേരെയുള്ള എല്ലാ അതിക്രമങ്ങളെയും അവകാശ ലംഘനങ്ങളെയും അറബ് ലീഗ് മന്ത്രിതല സമിതി ശക്തമായി അപലപിച്ചു. അധിനിവേശം ശാശ്വതമാക്കുകയും ദ്വിരാഷ്ട്ര പരിഹാരത്തെ തുരങ്കം വെക്കുകയും നീതിയുക്തവും സമഗ്രവുമായ സമാധാനം കൈവരിക്കാനുള്ള സാധ്യതയും തകർക്കുന്ന എല്ലാ നിയമവിരുദ്ധമായ നടപടികളും ഇസ്രായേൽ നിർത്തണം. പാർപ്പിട നിർമാണ വിപുലീകരണവും ഭൂമി പിടിച്ചെടുക്കലും ഫലസ്തീനികളെ അവരുടെ വീടുകളിൽ നിന്ന് കുടിയിറക്കലും ഫലസ്തീൻ നഗരങ്ങൾക്കും ക്യാമ്പുകൾക്കുമെതിരായ സൈനിക പ്രവർത്തനങ്ങളും പുണ്യസ്ഥലങ്ങൾക്ക് നേരെയുള്ള ആക്രമണവും നിർത്തണമെന്നും അറബ് ലീഗ് മന്ത്രിതല സമിതി ആവശ്യപ്പെട്ടു.

ഫലസ്തീൻ ജനതയുടെ ഭൂമിയിലെ സ്ഥിരതക്കുള്ള പിന്തുണ അറബ് ലീഗ് വിദേശകാര്യ മന്ത്രിമാർ ഉറപ്പിച്ചു. ഫലസ്തീനികളെ കുടിയിറക്കാനുള്ള ശ്രമങ്ങൾക്കെതിരെ മുന്നറിയിപ്പ് നൽകി. യു.എൻ പ്രമേയങ്ങൾക്കും അറബ് സമാധാന സംരംഭത്തിനും അനുസൃതമായി എല്ലാ പ്രശ്‌നങ്ങളും പരിഹരിക്കണമെന്നും തുടർച്ചയായ അധിനിവേശം മൂലം രൂക്ഷമായ പ്രതിസന്ധി അയൽരാജ്യങ്ങളിലേക്കും കൂടി പടർത്താനുള്ള ശ്രമങ്ങൾ കൂട്ടായി നേരിടണമെന്നും മന്ത്രിമാർ ആവശ്യപ്പെട്ടു.

Tags:    
News Summary - Gaza blockade to be lifted and humanitarian aid to be allowed -Arab League

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.