ഇന്ത്യൻ സ്കൂൾ വിദ്യാർഥികൾ അവതരിപ്പിച്ച കലാപരിപാടി
ദമ്മാം: രാഷ്ട്രപിതാവ് മഹാത്മ ഗാന്ധിയുടെ ജന്മവാർഷികം സൗദി അറേബ്യയിലും സമുചിതമായി ആഘോഷിച്ചു. ഇന്ത്യൻ എംബസിയുടെ ആഭിമുഖ്യത്തിൽ വിപുലവും വൈവിധ്യവുമായ ആഘോഷപരിപാടികളാണ് ഒരുക്കിയത്. റിയാദിൽ എംബസി സ്ഥിതിചെയ്യുന്ന ഡിപ്ലോമാറ്റിക് ക്വാർട്ടറിൽ 'സ്വർണത്തിെൻറയും വെള്ളിയുടെയും കഷണങ്ങളല്ല, ആരോഗ്യമാണ് യഥാർഥ സമ്പത്ത്' എന്ന ഗാന്ധിജിയുടെ സന്ദേശം ഉയർത്തിപ്പിടിച്ച് ഗാന്ധി സൈക്കിൾ റാലിയോടെയാണ് ആഘോഷപരിപാടികൾക്ക് തുടക്കമായത്. ഡിപ്ലോമാറ്റിക് ക്വാർട്ടേഴ്സ് ജനറൽ അതോറിറ്റിയുടെയും സൗദി സൈക്ലിങ് ഫെഡറേഷെൻറയും സഹകരണത്തോടെ സംഘടപ്പിച്ച റാലി സമാധാനം, ഐക്യം, സുസ്ഥിരമായ ജീവിതരീതി എന്നീ സന്ദേശങ്ങളുടെ പ്രചാരണദൗത്യമാണ് നിർവഹിച്ചത്. ഇത്തവണത്തെ ഗാന്ധിജയന്തി ആഘോഷങ്ങൾ ഒരു വർഷം നീണ്ടുനിൽക്കുന്ന ഇന്ത്യയുടെ 75ാമത് സ്വാതന്ത്ര്യദിനാഘോഷങ്ങളായ 'ആസാദി കാ അമൃതോത്സവ'ത്തിെൻറയും ഇന്ത്യ-സൗദി നയതന്ത്ര ബന്ധങ്ങളുടെ ആഘോഷത്തിെൻറയും ഭാഗംകൂടിയാണെന്ന് എംബസി അധികൃതർ വാർത്തക്കുറിപ്പിൽ വിശദീകരിച്ചു. ലുലു ഹൈപർമാർക്കറ്റ്, മസാഹ് ഗ്രൂപ്, അസ്ട്രസനാട്, ഇറാം ഗ്രൂപ്, ബി.ഐ.സി.വൈ, അൽകബീർ ഗ്രൂപ് എന്നിവയുൾപ്പെടെ പ്രമുഖ കമ്പനികളാണ് പരിപാടികൾ സ്പോൺസർ ചെയ്തത്. റാലിയിൽ വിവിധ രാജ്യങ്ങളുടെ നയതന്ത്രജ്ഞർ, സൗദി പൗരന്മാർ, ഇന്ത്യൻ പ്രവാസികൾ എന്നിവരുടെ ആവേശകരമായ പങ്കാളിത്തം ഉണ്ടായിരുന്നു. അംബാസഡർ ഡോ. ഔസാഫ് സഈദ് എംബസി ഓഡിറ്റോറിയത്തിൽ നടന്ന സമ്മേളനത്തെ അഭിസംബോധന ചെയ്തു. ഗാന്ധിയൻ ആദർശങ്ങൾ ഓരോ മനുഷ്യനും ജീവിതത്തിലേക്ക് ആവാഹിക്കുന്നത് ആരോഗ്യകരവും സുസ്ഥിരവുമായ ജീവിതത്തിന് ഗുണകരമാകുമെന്ന് അദ്ദേഹം പറഞ്ഞു. ലോകത്ത് സമാധാനപരവും സന്തുഷ്ടവുമായ ജീവിതം നയിക്കാൻ ഗാന്ധിയൻ ആദർശങ്ങൾ ഉപയുക്തമാെണന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
റാലി ആരംഭിക്കുന്നതിനുമുമ്പ് സൗദി സൈക്കിൾ അക്രോബാറ്റിക് ടീമിെൻറ പ്രകടനം അരങ്ങേറി. തുടർന്ന് ടീമുകളെ ബാച്ചുകളായി തിരിച്ച് അംബാസഡർ ഫ്ലാഗ്ഓഫ് ചെയ്തതോടെ സൈക്കിൾ റാലിക്ക് തുടക്കമായി. 10 വയസ്സ് മുതൽ 70 വയസ്സുവരെയുള്ള മുതിർന്ന സൈക്ലിസ്റ്റുകൾ ഉൾപ്പെടെ 19 രാജ്യങ്ങളിൽനിന്നുള്ള സൈക്ലിസ്റ്റുകൾ റാലിയിൽ പങ്കെടുത്തു. സ്ത്രീകളും കുട്ടികളും നയതന്ത്രജ്ഞരും ഉൾപ്പെടെ 150 സൈക്കിൾപ്രേമികൾ പങ്കെടുത്ത റാലി അഞ്ചു കിലോമീറ്റർ ദൂരം നീണ്ടു. റാലിയിൽ പങ്കെടുത്തവർക്ക് ടീഷർട്ടുകളും സർട്ടിഫിക്കറ്റുകളും വിതരണം ചെയ്തു. തുടർന്ന് എംബസി അങ്കണത്തിൽ വിവിധ കലാ സാംസ്കാരിക പരിപാടികളും അരങ്ങേറി. അംബാസഡർ ഗാന്ധിപ്രതിമയിൽ പുഷ്പാർച്ചന നടത്തി. റിയാദിലെ ഇന്ത്യൻ സ്കൂളുകളിലെ വിദ്യാർഥികൾ ഗാന്ധിയുടെ ജീവിതത്തെക്കുറിച്ചുള്ള നാടകവും കവിതകളും അവതരിപ്പിച്ചു. 'മഹാത്മാ ഗാന്ധി 20ാം നൂറ്റാണ്ടിലെ മഹത്തായ ആത്മാവ്' എന്ന ഡോക്യുമെൻററിയും പ്രദർശിപ്പിച്ചു. വൈകീട്ട്, പ്രശസ്ത ഫിലാറ്റലിസ്റ്റ് മിർസ മുഹമ്മദ് നവാബ്, നാണയ ശാസ്ത്രജ്ഞൻ സമീർ ആലമ്പത്ത് എന്നിവരുടെ സഹകരണത്തോടെ എംബസി സ്റ്റാമ്പുകളുടെയും നാണയങ്ങളുടെയും പ്രദർശനം സംഘടിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.