റിയാദ്: രാജ്യത്ത് സ്വകാര്യ വിമാനങ്ങൾ പ്രവർത്തിപ്പിക്കുന്ന വിദേശ കമ്പനികൾക്ക് ആഭ്യന്തര യാത്രക്കാരെ സ്വീകരിക്കുന്നതിന് സൗദി സിവിൽ ഏവിയേഷൻ ജനറൽ അതോറിറ്റി അനുമതി നൽകി. മെയ് ആദ്യം മുതൽ ഇത് നടപ്പാവും.
സൗദിക്കകത്ത് ചാർട്ടർ വിമാന സർവിസ് നടത്തുന്നതിന് ഏർപ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങളിൽ ഇളവ് വരുത്തിയതായി അതോറിറ്റി വ്യക്തമാക്കി. യാത്രക്കാർക്ക് നൽകുന്ന സേവനങ്ങൾ മെച്ചപ്പെടുത്താനും അവരുടെ നിലവാരം ഉയർത്താനും സൗദിയിലെ വിമാനത്താവളങ്ങളിലെ യാത്രക്കാരുടെ അനുഭവം മെച്ചപ്പെടുത്താനുമാണ് ഇതിലുടെ അതോറിറ്റി ലക്ഷ്യമിടുന്നത്.
രാജ്യത്തിനുള്ളിൽ ചാർട്ടർ ഫ്ലൈറ്റുകളുടെ പ്രവർത്തനത്തിന് ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ നീക്കി ആഗോള വ്യോമയാന വ്യവസായത്തിന് പുതിയ ചക്രവാളങ്ങൾ തുറക്കാനാണ് അതോറിറ്റിയുടെ ഇത്തരം ചുവടുവെപ്പുകളെന്ന് അതോറിറ്റി ഡയറക്ടർ ജനറൽ എൻജി. ഇംതിയാസ് അൽമൻദരി പറഞ്ഞു. ഈ തീരുമാനം രാജ്യത്തെ പൊതുവ്യോമയാനത്തിനുള്ള കേന്ദ്രമാക്കി മാറ്റുന്നതിന് അതോറിറ്റി വികസിപ്പിച്ച റോഡ് മാപ്പിനെ പിന്തുണയ്ക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
സൗദിയുടെ വിവിധ ഭാഗങ്ങളിൽ പുതിയ വിമാനത്താവളങ്ങളും ടെർമിനലുകളും സ്ഥാപിക്കുന്നത് ഉൾപ്പെടുന്ന അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുന്നതിനുള്ള വിപുലമായ ഒരു പരിപാടി നടപ്പാക്കുന്നതിന് പുറമേയാണിതെന്നും അൽമുൻദരി പറഞ്ഞു.
‘വിഷൻ 2030’ന് അനുസൃതമായി സിവിൽ ഏവിയേഷന്റെ ദേശീയ തന്ത്രം, സൗദി വ്യാമയാനമേഖല മിഡിൽ ഈസ്റ്റിലെ ഒന്നാംതരം സെക്ടറായി മാറുന്നതിനും വർഷത്തിൽ 330 ദശലക്ഷം യാത്രക്കാരെ എത്തിക്കുന്നതിനും ലക്ഷ്യമിട്ടുള്ളതാണ്.
എയർ കാർഗോ 45 ലക്ഷം ടണ്ണായി വർധിപ്പിക്കുന്നതും 2030ഓടെ സൗദിയിലെ വിമാനത്താവളങ്ങളിലേക്കും തിരിച്ചും 250 ലക്ഷ്യസ്ഥാനങ്ങളിൽ എത്തിച്ചേരാൻ എയർ കണക്റ്റിവിറ്റി നിലവാരം ഉയർത്തുന്നതും ഇതിലുൾപ്പെടും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.