പ്രതീകാത്മക ചിത്രം
ജിദ്ദ: രാജ്യത്തെ മൃഗസംരക്ഷണ രംഗം കൂടുതൽ ശക്തമാക്കുന്നതിനും മൃഗങ്ങളിൽനിന്ന് മനുഷ്യരിലേക്ക് പടരുന്ന പകർച്ചവ്യാധികൾ തടയുന്നതിനുമായി സൗദി അറേബ്യയിൽ സൗജന്യ പേവിഷബാധ പ്രതിരോധ കുത്തിവെപ്പ് കാമ്പയിന് തുടക്കമായി. നാഷനൽ സെൻറർ ഫോർ പ്ലാൻറ് പേസ്റ്റ് ആൻഡ് ആനിമൽ ഡിസീസ് പ്രിവെൻഷൻ ആൻഡ് കണ്ട്രോളിെൻറ (വിഖാ) നേതൃത്വത്തിലാണ് വളർത്തുമൃഗങ്ങൾക്കായുള്ള ഈ ബൃഹത്തായ വാക്സിനേഷൻ പദ്ധതി നടപ്പാക്കുന്നത്.
രാജ്യവ്യാപകമായി ‘വിഖാ’ നടപ്പാക്കി വരുന്ന സമഗ്ര പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായാണ് നിലവിൽ നാല് പ്രധാന മേഖലകൾ കേന്ദ്രീകരിച്ച് പദ്ധതി പുരോഗമിക്കുന്നത്. ഖസീം മേഖലയിലെ ബുറൈദ, ഉനൈസ, അൽ റസ് എന്നീ നഗരങ്ങളിലും, അൽ ജൗഫ് മേഖലയിലെ സകാക്ക, തബർജൽ എന്നിവിടങ്ങളിലും, നജ്റാൻ, ജിസാൻ മേഖലകളിലെ അംഗീകൃത വെറ്ററിനറി സെൻററുകളിലുമാണ് നിലവിൽ വാക്സിനേഷൻ സൗകര്യം ഒരുക്കിയിട്ടുള്ളത്.
കാമ്പയിൻ ദിവസങ്ങളിൽ വൈകുന്നേരം നാല് മുതൽ എട്ട് വരെ നിർദിഷ്ട വാക്സിനേഷൻ കേന്ദ്രങ്ങളിലും വെറ്ററിനറി ക്ലിനിക്കുകളിലും പ്രതിരോധ കുത്തിവെപ്പിനുള്ള സൗകര്യങ്ങൾ ലഭ്യമാണ്. സമയം കൃത്യമായി പാലിച്ചുകൊണ്ട് വളർത്തുമൃഗ ഉടമകളും പരിപാലകരും ഈ സൗജന്യ സേവനം പരമാവധി പ്രയോജനപ്പെടുത്തണമെന്ന് അധികൃതർ അഭ്യർത്ഥിച്ചു.
പേവിഷബാധ പൂർണമായും തടയുന്നതിനും മൃഗങ്ങളുടെ ആരോഗ്യം ഉറപ്പുവരുത്തുന്നതിനുമൊപ്പം, പകർച്ചവ്യാധികൾ മൂലമുണ്ടാകുന്ന പൊതുജന ആരോഗ്യ വെല്ലുവിളികൾ ലഘൂകരിക്കാനും ഈ പദ്ധതി ലക്ഷ്യമിടുന്നു. പൊതുജനാരോഗ്യവും മൃഗക്ഷേമവും ഒരുപോലെ ഉറപ്പാക്കുന്നതിനായി രാജ്യത്തിെൻറ വിവിധ ഭാഗങ്ങളിൽ വരുംദിവസങ്ങളിലും സമാനമായ ബോധവൽക്കരണ, പ്രതിരോധ പരിപാടികൾ തുടർന്നും സംഘടിപ്പിക്കുമെന്നും ‘വിഖാ’ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.