സൗദി വിദേശകാര്യ മന്ത്രി അമീർ ഫൈസൽ ബിൻ ഫർഹാനും ഇന്ത്യൻ വിദേശകാര്യ മന്ത്രി ഡോ. എസ്. ജയശങ്കറും കൂടിക്കാഴ്ച നടത്തിയപ്പോൾ
ഇന്ത്യ-സൗദി വിദേശകാര്യ മന്ത്രിമാർ ന്യൂഡൽഹിയിൽ കൂടിക്കാഴ്ച നടത്തി
ന്യൂഡൽഹി: സൗദി വിദേശകാര്യ മന്ത്രി അമീർ ഫൈസൽ ബിൻ ഫർഹാനും ഇന്ത്യൻ വിദേശകാര്യ മന്ത്രി ഡോ. എസ്. ജയശങ്കറും കൂടിക്കാഴ്ച നടത്തി. ന്യൂഡൽഹിയിൽ നടക്കുന്ന 2026-ലെ ബ്രിക്സ് ഉച്ചകോടിയുടെ ഭാഗമായാണ് ഇരു നേതാക്കളും ചർച്ച നടത്തിയത്.
ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധത്തിെൻറ വളർച്ചയും വിവിധ മേഖലകളിൽ കൈവരിച്ച പുരോഗതിയും കൂടിക്കാഴ്ചയിൽ അവലോകനം ചെയ്തു. പൊതുതാൽപ്പര്യങ്ങൾ മുൻനിർത്തി ഇരുരാജ്യങ്ങളിലെയും ജനങ്ങൾക്ക് പ്രയോജനകരമാകുന്ന രീതിയിൽ ഈ ബന്ധം കൂടുതൽ ശക്തിപ്പെടുത്താനുള്ള അവസരങ്ങളും ചർച്ചയായി.
പ്രാദേശികവും അന്തർദേശീയവുമായ പുതിയ സംഭവവികാസങ്ങളെക്കുറിച്ച് ഇരുനേതാക്കളും ആശയവിനിമയം നടത്തി. മേഖലയിൽ സുരക്ഷയും സ്ഥിരതയും ഉറപ്പുവരുത്തുന്നതിനും, നിലവിലെ പ്രതിസന്ധികൾക്കും വെല്ലുവിളികൾക്കും രാഷ്ട്രീയവും നയതന്ത്രപരവുമായ പരിഹാരം കണ്ടെത്തുന്നതിനുമായി കൂടിയാലോചനകളും ഏകോപനവും തുടരേണ്ടതിെൻറ പ്രാധാന്യം യോഗത്തിൽ ഊന്നിപ്പറഞ്ഞു.
ചർച്ചയിൽ ഇന്ത്യയിലെ സൗദി അംബാസഡർ ഹൈതം അൽ മാലിക്കി, സൗദി വിദേശകാര്യ മന്ത്രാലയത്തിലെ ഏഷ്യൻ രാജ്യങ്ങളുടെ ഡയറക്ടർ ജനറൽ അംബാസഡർ നാസർ അൽ ഗനൂം എന്നിവരും പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.