റിയാദിൽ വാടകചെലവ് 15 ശതമാനമായി കുറഞ്ഞു
റിയാദ്: സൗദി തലസ്ഥാന നഗരത്തിലെ ജീവിത ചെലവിൽ വാടകയിനത്തിലെ ഭാരം 15 ശതമാനമായി കുറഞ്ഞു. റിയാദിൽ താമസിക്കുന്ന കുടുംബങ്ങളുടെ വരുമാനത്തിൽനിന്ന് വാടകക്കായി ചെലവഴിക്കുന്ന തുകയുടെ അനുപാതമാണ് 15 ശതമാനത്തിലേക്ക് താഴ്ന്നതെന്ന് റിയൽ എസ്റ്റേറ്റ് ജനറൽ അതോറിറ്റി സി.ഇ.ഒ അബ്ദുല്ല അൽ ഹമ്മാദ് അറിയിച്ചു.
2025 സെപ്റ്റംബറിൽ ഇത് 17.5 ശതമാനത്തിനും മുകളിലായിരുന്നു. കിങ് സഊദ് സർവകലാശാലയിൽ സംഘടിപ്പിച്ച ലീഗൽ ആസ്പെക്ട്സ് ഓഫ് ഗവേണൻസ് കോൺഫറൻസിൽ സംസാരിക്കവേയാണ് അദ്ദേഹം ഈ വിവരങ്ങൾ വെളിപ്പെടുത്തിയത്.
റിയാദിലെ റിയൽ എസ്റ്റേറ്റ് വിപണിയിൽ സന്തുലിതാവസ്ഥ നിലനിർത്തുന്നതിനായി സർക്കാർ നടപ്പാക്കിയ നിയന്ത്രണങ്ങളുടെ പ്രകടമായ നേട്ടമാണിതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. മുൻപ്, സാമ്പത്തികമായി ഏറ്റവും പിന്നാക്കം നിൽക്കുന്ന കുടുംബങ്ങൾ തങ്ങളുടെ വരുമാനത്തിെൻറ 30 ശതമാനത്തിലേറെയും വാടകയ്ക്കായി മാറ്റിവെക്കേണ്ട അവസ്ഥയുണ്ടായിരുന്നു.
റിയൽ എസ്റ്റേറ്റ് മേഖലയിലെ സൂചികകൾ നിരന്തരം വിലയിരുത്താനും, ഇതുമായി ബന്ധപ്പെട്ട പുരോഗതിയും വെല്ലുവിളികളും അടങ്ങിയ റിപ്പോർട്ടുകൾ കൃത്യമായ ഇടവേളകളിൽ സമർപ്പിക്കാനും കിരീടാവകാശിയും പ്രധാനമന്ത്രിയുമായ അമീർ മുഹമ്മദ് ബിൻ സൽമാെൻറ നിർദ്ദേശം നൽകിയിട്ടുണ്ടെന്നും അൽ ഹമ്മാദ് വ്യക്തമാക്കി.
വാടക വിപണിയിലെ പ്രതിസന്ധികൾക്ക് പരിഹാരം കാണുന്നതിനായി തലസ്ഥാന നഗരിയുടെ നഗരാതിർത്തിക്ക് ഉള്ളിലുള്ള പാർപ്പിട-വാണിജ്യ കരാറുകളുടെ വാർഷിക വാടക വർദ്ധനവിന് അഞ്ച് വർഷത്തെ വിലക്ക് ഏർപ്പെടുത്തിയത് ഉൾപ്പെടെയുള്ള നിർണായക തീരുമാനങ്ങളാണ് റിയാദിൽ നടപ്പാക്കിയിട്ടുള്ളത്.
നിലവിലുള്ളതും പുതിയതുമായ കരാറുകൾക്ക് ഈ വ്യവസ്ഥ ബാധകമാണ്. മുൻപ് വാടകയ്ക്ക് നൽകിയിട്ടുള്ളതും എന്നാൽ നിലവിൽ ഒഴിച്ചിട്ടിരിക്കുന്നതുമായ പാർപ്പിട-വാണിജ്യ കെട്ടിടങ്ങൾക്ക്, സർക്കാറിെൻറ ‘ഇജാർ’ പ്ലാറ്റ്‌ഫോമിൽ രേഖപ്പെടുത്തിയിട്ടുള്ള ഏറ്റവും അവസാന കരാറിലെ വാടക തുക മാത്രമേ ഈടാക്കാൻ പാടുള്ളൂ.
അതേസമയം, മുൻപ് ഒരിക്കലും വാടകക്ക് നൽകിയിട്ടില്ലാത്ത പുതിയ കെട്ടിടങ്ങളുടെ വാടക നിരക്ക് കെട്ടിട ഉടമയും വാടകക്കാരനും തമ്മിലുള്ള പരസ്പര സമ്മതപ്രകാരം നിശ്ചയിക്കാവുന്നതാണ്. കൂടാതെ, കെട്ടിടം സ്വന്ത ആവശ്യത്തിനോ ഒന്നാം ഘട്ട രക്തബന്ധത്തിലുള്ള ബന്ധുക്കളുടെ ആവശ്യത്തിനോ ഉപയോഗിക്കാൻ ഉദ്ദേശിക്കുന്നതിനാൽ സാധാരണ പാർപ്പിട കരാറുകൾ പുതുക്കി നൽകാൻ സാധിക്കില്ലെന്ന് ഉടമ വ്യവസ്ഥ ചെയ്യുകയാണെങ്കിൽ, വാടകക്കാരനെ മുൻകൂട്ടി അറിയിക്കേണ്ട നോട്ടീസ് കാലാവധിയിലും മാറ്റം വരുത്തിയിട്ടുണ്ട്.
ഇത്തരം സാഹചര്യങ്ങളിൽ കരാർ കാലാവധി പൂർത്തിയാകുന്നതിന് കുറഞ്ഞത് 365 ദിവസം മുൻപെങ്കിലും വാടകക്കാരന് രേഖാമൂലം നോട്ടീസ് നൽകണം. കരാർ കാലാവധി തീരാൻ 365 ദിവസത്തിൽ താഴെ മാത്രം ബാക്കിയുള്ളപ്പോഴാണ് നോട്ടീസ് കൈമാറുന്നതെങ്കിൽ, നോട്ടീസ് നൽകിയ തീയതി മുതൽ ഒരു വർഷം തികയുന്നത് വരെ നിലവിലെ വാടകക്കരാറിെൻറ കാലാവധി ദീർഘിച്ചതായി കണക്കാക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.