നഴ്സുമാരുടെ കൂട്ട പിരിച്ചുവിടലും കുട്ടികളുടെ വിദ്യാഭ്യാസവും: അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് ദോഹയിലെ ഇന്ത്യൻ എംബസിക്ക് ഷാഫി പറമ്പിൽ എം.പി കത്തയച്ചു
ദോഹ: ഹമദ് മെഡിക്കൽ കോർപ്പറേഷനിൽ (എച്ച്.എം.സി) ജോലി ചെയ്തിരുന്ന മലയാളി നഴ്സുമാർ ഉൾപ്പെടെയുള്ള ഇന്ത്യൻ ആരോഗ്യ പ്രവർത്തകരെ കൂട്ടത്തോടെ പിരിച്ചുവിടുന്ന സംഭവത്തിൽ അടിയന്തരമായി ഇടപെടണമെന്ന് ആവശ്യപ്പെട്ട് വടകര എം.പി ഷാഫി പറമ്പിൽ കേന്ദ്ര വിദേശകാര്യ മന്ത്രി ഡോ. എസ്. ജയശങ്കർ, ഖത്തറിലെ ഇന്ത്യൻ അംബാസഡർ എന്നിവർക്ക് കത്തയച്ചു.
സെപ്റ്റംബർ, ഒക്ടോബർ മാസങ്ങളിലായി രണ്ട് മാസത്തെ നോട്ടീസ് നൽകിക്കൊണ്ടാണ് ജീവനക്കാരെ ജോലിയിൽ നിന്ന് ഒഴിവാക്കിയതെന്നും, 60 ദിവസത്തിനകം തൊഴിലുടമ നൽകിയ താമസസൗകര്യം ഒഴിയണമെന്ന നിർദേശവും കടുത്ത ആശങ്ക ഉയർത്തുന്നതാണെന്ന് കത്തിൽ വിശദമാക്കുന്നു. ജോലി നഷ്ടപ്പെടുന്നതോടൊപ്പം കുട്ടികളുടെ വിദ്യാഭ്യാസ കാര്യത്തിലും വലിയ പ്രതിസന്ധിയാണ് ഉടലെടുത്തിട്ടുള്ളത്.
സി.ബി.എസ്.ഇ സിലബസിൽ പത്താം ക്ലാസിൽ പഠിക്കുന്ന നൂറിലധികം വിദ്യാർഥികളെയാണ് ഇത് നേരിട്ട് ബാധിക്കുക. അധ്യയന വർഷം പൂർത്തിയാകുന്നത് വരെ ജോലിയില്ലാതെ ഖത്തറിൽ തുടരുന്നത് കുടുംബങ്ങൾക്ക് വൻ സാമ്പത്തിക ബാധ്യത വരുത്തിവെക്കും. അതേസമയം, അധ്യയന വർഷത്തിന്റെ പകുതി പിന്നിട്ട സാഹചര്യത്തിൽ ഇന്ത്യയിലേക്ക് മടങ്ങുന്നത് കുട്ടികളുടെ ഒരു അധ്യയന വർഷം തന്നെ നഷ്ടപ്പെടാൻ കാരണമാകുമെന്നും ഷാഫി പറമ്പിൽ എം.പി ചൂണ്ടിക്കാട്ടി.
മാർച്ച് മാസത്തിലെ ബോർഡ് പരീക്ഷകൾ പൂർത്തിയാകുന്നത് വരെ ജീവനക്കാരുടെ നോട്ടീസ് കാലാവധിയും താമസസൗകര്യവും നീട്ടിനൽകാൻ ഹമദ് മെഡിക്കൽ കോർപ്പറേഷനുമായും മറ്റ് അധികൃതരുമായും ചർച്ച നടത്തണമെന്നും കത്തിൽ ആവശ്യപ്പെടുന്നു.
അതേസമയം, നാട്ടിലേക്ക് മടങ്ങേണ്ട സാഹചര്യമുണ്ടായാൽ, കുട്ടികൾക്ക് ഇന്ത്യയിലെ സ്കൂളുകളിൽ പ്രവേശനം ലഭിക്കുന്നതിന് സി.ബി.എസ്.ഇ, വിദേശകാര്യ മന്ത്രാലയം എന്നിവ വഴി ആവശ്യമായ ഇളവുകൾ ലഭ്യമാക്കാൻ ഇന്ത്യൻ എംബസിയുടെ ഇടപെടലുകൾ ഉണ്ടാകണം. നൂറിലധികം ഇന്ത്യൻ കുടുംബങ്ങളാണ് അനിശ്ചിതത്വത്തിൽ കഴിയുന്നതെന്നും ഇന്ത്യൻ എംബസിയുടെ അടിയന്തര ഇടപെടൽ പ്രവാസി സമൂഹത്തിന് ആശ്വാസമാകുമെന്നും ഷാഫി പറമ്പിൽ എം.പി കത്തിൽ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.