എട്ടാമത് ക്രൗൺപ്രിൻസ് ഒട്ടകമേളയിലെ വിജയികൾക്ക് മക്ക ഡെപ്യൂട്ടി ഗവർണർ അമീർ സഊദ് ബിൻ മിശ്അൽ സമ്മാനങ്ങൾ വിതരണം ചെയ്യുന്നു
എട്ടാമത് ക്രൗൺപ്രിൻസ് ഒട്ടകമേളക്ക് സമാപനം; വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു
ത്വാഇഫ്: ത്വാഇഫിലെ ചരിത്രപ്രസിദ്ധമായ ഒട്ടകയോട്ട മൈതാനത്ത് നടന്ന എട്ടാമത് ക്രൗൺപ്രിൻസ് ഒട്ടകമേള പ്രൗഢഗംഭീരമായ ചടങ്ങുകളോടെ സമാപിച്ചു. സമാപനത്തോടനുബന്ധിച്ച് നടന്ന അവസാനഘട്ട മത്സരങ്ങളിലെ വിജയികൾക്കുള്ള സമ്മാനങ്ങൾ മക്ക ഡെപ്യൂട്ടി ഗവർണർ അമീർ സഊദ് ബിൻ മിശ്അൽ വിതരണം ചെയ്തു.
സൗദി ഒട്ടക ഫെഡറേഷെൻറ നേതൃത്വത്തിലാണ് സമാപനച്ചടങ്ങ് സംഘടിപ്പിച്ചത്. കായിക മന്ത്രിയും സൗദി ഒളിമ്പിക്-പരാലിമ്പിക് കമ്മിറ്റി പ്രസിഡൻറുമായ അമീർ അബ്ദുൽ അസീസ് ബിൻ തുർക്കി ബിൻ ഫൈസൽ, സൗദി ഒട്ടക ഫെഡറേഷൻ ബോർഡ് ഓഫ് ഡയറക്ടേഴ്സ് ചെയർമാൻ അമീർ ഫഹദ് ബിൻ ജലവി തുടങ്ങിയ പ്രമുഖർ ചടങ്ങിൽ സംബന്ധിച്ചു.
രാജ്യത്തിെൻറ സംസ്കാരത്തിെൻറയും പൈതൃകത്തിെൻറയും പ്രതീകമായ ഒട്ടകയോട്ട മത്സരങ്ങൾക്ക് വലിയ പിന്തുണ നൽകുന്ന കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാന് കായിക മന്ത്രി ഹൃദയംഗമമായ നന്ദി രേഖപ്പെടുത്തി. ടൂർണമെൻറിെൻറ മികച്ച സംഘാടനത്തെയും മത്സരങ്ങളുടെ നിലവാരത്തെയും പ്രശംസിച്ച അദ്ദേഹം, വിജയികൾക്ക് ഉപഹാരങ്ങൾ കൈമാറാൻ നേരിട്ടെത്തിയ മക്ക ഡെപ്യൂട്ടി ഗവർണർക്ക് പ്രത്യേക നന്ദിയും അറിയിച്ചു.
സെപ്റ്റംബർ മൂന്നിന് ആരംഭിച്ച മേളയിൽ രാജ്യത്തിനകത്തുനിന്നും പുറത്തുനിന്നുമായി നൂറിലധികം ഒട്ടകങ്ങളും അവയുടെ ഉടമസ്ഥരും പങ്കെടുത്തു. വാശിയേറിയ മത്സരത്തിനൊടുവിൽ ഹൈൽ - പബ്ലിക് വിഭാഗത്തിൽ സൗദി പൗരനായ ഉഖാബ് മുഹമ്മദ് അൽദഹാസിയുടെ ഇൻതിബാഹ് എന്ന ഒട്ടകവും, ഹൈൽ - ഓപ്പൺ വിഭാഗത്തിൽ ഖത്തറിലെ ഹിജൻ അൽഷഹാനിയയുടെ തറഫ് എന്ന ഒട്ടകവും വിജയികളായി. ഇരു വിഭാഗങ്ങളിലെയും വിജയികൾക്ക് വാളും 15 ലക്ഷം സൗദി റിയാൽ വീതം സമ്മാനത്തുകയും ലഭിച്ചു.
മറ്റ് പ്രധാന വിഭാഗങ്ങളായ സമൂൽ - പബ്ലിക് മത്സരത്തിൽ യു.എ.ഇ പൗരനായ ഹമദ് അൽ ആമിരിയുടെ അൽ മാഇദി എന്ന ഒട്ടകവും, സമൂൽ - ഓപ്പൺ വിഭാഗത്തിൽ യു.എ.ഇ പ്രസിഡൻറിെൻറ ഉടമസ്ഥതയിലുള്ള ഹിജൻ അൽറിയാസയുടെ നഹാബ് എന്ന ഒട്ടകവും ചാമ്പ്യന്മാരായി. ഈ വിഭാഗങ്ങളിലെ വിജയികൾക്ക് തോക്കും 10 ലക്ഷം റിയാൽ വീതവുമാണ് സമ്മാനമായി ലഭിച്ചത്.
മേളയിൽ മികച്ച മുന്നേറ്റം നടത്തി പോയിൻറ് ട്രോഫി സ്വന്തമാക്കിയത് സൗദി ഒട്ടക ഉടമയായ അബ്ദുല്ല അൽഖഹ്താനിയാണ്. അദ്ദേഹത്തിന് മക്ക ഡെപ്യൂട്ടി ഗവർണർ ചാമ്പ്യൻഷിപ്പ് ട്രോഫിയും അഞ്ച് ലക്ഷം റിയാൽ ക്യാഷ് പ്രൈസും സമ്മാനിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.