വിയന്നയിൽ അന്താരാഷ്ട്ര ആണവോർജ ഏജൻസി വാർഷിക സമ്മേളനത്തിൽ സൗദി ഊർജ മന്ത്രി അമീർ അബ്ദുൽ അസീസ് ബിൻ സൽമാൻ സംസാരിക്കുന്നു
സൗദിയിൽ ആണവോർജ പദ്ധതികൾ വേഗത്തിൽ; ഊർജ ആവശ്യങ്ങൾ നിറവേറ്റാൻ ആണവോർജം നിർണായകമെന്ന് ഊർജ മന്ത്രി
റിയാദ്/വിയന്ന: സൗദി അറേബ്യയുടെ ഭാവി ഊർജ ആവശ്യങ്ങൾ നിറവേറ്റുന്നതിനായി ആണവോർജം കൂടി ഉൾപ്പെടുത്തിയുള്ള വിപുലമായ പദ്ധതികൾ കൃത്യമായ ആസൂത്രണത്തോടെ മുന്നോട്ടുപോകുകയാണെന്ന് സൗദി ഊർജ മന്ത്രി അമീർ അബ്ദുൽ അസീസ് ബിൻ സൽമാൻ അറിയിച്ചു. ലഭ്യമായ എല്ലാ സ്വാഭാവിക വിഭവങ്ങളും ഇതിനായി പ്രയോജനപ്പെടുത്തുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
ഓസ്ട്രിയയിലെ വിയന്നയിൽ നടന്ന അന്താരാഷ്ട്ര ആണവോർജ ഏജൻസിയുടെ 70-ാമത് വാർഷിക സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ലോകമെമ്പാടും സാമ്പത്തിക, വ്യാവസായിക, സാങ്കേതിക മേഖലകൾ വേഗത്തിൽ വളരുന്നതിനാൽ വൈദ്യുതിക്കും ഊർജത്തിനുമുള്ള ആവശ്യകതയും വർധിക്കുകയാണ്.
ഇത്തരം സാഹചര്യത്തിൽ രാജ്യത്തിെൻറ സാമ്പത്തിക വളർച്ച തടസ്സമില്ലാതെ മുന്നോട്ടുകൊണ്ടുപോകാനും, തടസ്സമില്ലാത്ത ഊർജ വിതരണം ഉറപ്പാക്കാനും പെട്രോളിയത്തിന് പുറമെ മറ്റ് ഊർജ സ്രോതസ്സുകൾ കൂടി ഉപയോഗിക്കേണ്ടത് അത്യാവശ്യമാണെന്ന് മന്ത്രി ചൂണ്ടിക്കാട്ടി.
ആഗോള ഊർജ വിപണിയിൽ എന്നും വിശ്വസിക്കാൻ കൊള്ളാവുന്ന പങ്കാളിയാണ് സൗദി അറേബ്യ. ഊർജ, ധാതു മേഖലകളിൽ രാജ്യം വൻതോതിൽ നിക്ഷേപങ്ങൾ നടത്തുന്നുണ്ട്. അതുകൊണ്ടുതന്നെ രാജ്യത്തിെൻറ മൊത്തം ഊർജ ഉൽപ്പാദനത്തിൽ ആണവോർജത്തെക്കൂടി പങ്കാളിയാക്കുന്നത് കാലഘട്ടത്തിെൻറ ആവശ്യമാണ്.
അന്താരാഷ്ട്ര സമൂഹത്തെ മാറ്റിനിർത്തിക്കൊണ്ടല്ല സൗദി ആണവ പദ്ധതികൾ നടപ്പാക്കുന്നത്. പൂർണ സുതാര്യതയോടെയും, അന്താരാഷ്ട്ര നിയമങ്ങളും സുരക്ഷാ മാനദണ്ഡങ്ങളും പാലിച്ചുമാണ് എല്ലാ പ്രവർത്തനങ്ങളും. ഇതിനായി ശക്തമായ മേൽനോട്ട സംവിധാനങ്ങൾ രാജ്യത്ത് ഏർപ്പെടുത്തിയിട്ടുണ്ട്. സൗദിയുടെ ചില ആണവ കരാറുകളെക്കുറിച്ച് വിദേശങ്ങളിൽ നിലനിൽക്കുന്ന തെറ്റിദ്ധാരണകൾ ശരിയല്ലെന്നും, അന്താരാഷ്ട്ര കരാറുകൾ പൂർണമായും പാലിച്ചാണ് രാജ്യം മുന്നോട്ടുപോകുന്നതെന്നും മന്ത്രി വ്യക്തമാക്കി.
സൗദിയിൽ വൻതോതിലുള്ള വിലപിടിപ്പുള്ള ധാതുശേഖരമുണ്ട്. അപൂർവമായി മാത്രം കാണപ്പെടുന്ന ഭൗമ ധാതുക്കൾ കണ്ടെത്താനും, അവ വേർതിരിച്ചെടുത്ത് രാജ്യത്തിന് വലിയ സാമ്പത്തിക മൂല്യമുള്ളതാക്കി മാറ്റാനും ലക്ഷ്യമിടുന്നു. ഇതിെൻറ വിതരണ ശൃംഖല സുരക്ഷിതമാക്കാൻ രാജ്യം പ്രതിജ്ഞാബദ്ധമാണ്.
രാജ്യത്ത് യുറേനിയം കണ്ടെത്തുന്നതിനുള്ള പര്യവേക്ഷണം ശക്തമായി തുടരുകയാണ്. ഇതിെൻറ ഭാഗമായി കൃഷി ആവശ്യങ്ങൾക്കുള്ള വളം നിർമിക്കുന്നതിനിടയിൽത്തന്നെ, അനുബന്ധ ഉൽപ്പന്നമായി യുറേനിയം വേർതിരിച്ചെടുക്കുന്ന രീതിയും നടപ്പാക്കുന്നുണ്ട്. മദീന പ്രദേശത്ത് മാത്രം യുറേനിയത്തിെൻറ സാന്നിധ്യമുള്ള 11 കോടി ടൺ അസംസ്കൃത ധാതുശേഖരം ഇതുവരെ കണ്ടെത്താൻ കഴിഞ്ഞിട്ടുണ്ടെന്നും ഊർജ മന്ത്രി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.