ഫോര്‍ക്ക റിയാദ് ലഹരിവിരുദ്ധ കാമ്പയിൻ ശിഹാബ് കൊട്ടുകാട് ഉദ്ഘാടനം ചെയ്യുന്നു
റിയാദ്: പ്രാദേശിക സംഘടനകളുടെ പൊതുവേദിയായ ഫെഡറേഷന് ഓഫ് റീജനല്‍ കേരളൈറ്റ്സ് അസോസിയേഷന് (ഫോര്‍ക്ക) ലഹരിക്കെതിരെ ആറു മാസം നീണ്ടുനില്‍ക്കുന്ന ബോധവത്കരണ കാമ്പയിന് തുടക്കമായി.
സഹൃദയ സാംസ്കാരിക വേദി അല്‍ യാസ്മിന് ഇന്റർനാഷനല്‍ സ്കൂളില്‍ ‘സൗഹൃദോത്സവം’ പരിപാടിയില്‍ കാമ്പയിന്റെ ഒന്നാം ഘട്ടത്തിന് തുടക്കം കുറിച്ചു. പ്രവാസി ഭാരതീയ പുരസ്കാര ജേതാവ് ശിഹാബ് കൊട്ടുകാട് ഉദ്ഘാടനം ചെയ്തു. ആക്ടിങ് ചെയര്മാന് ജയന് കൊടുങ്ങല്ലുര്‍ അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ പ്രധാന അതിഥിയായി പങ്കെടുത്ത കിങ് സുഊദ് മെഡിസിറ്റി ട്രോമാ കെയര്‍ വിഭാഗം കണ്‍സൽട്ടന്റ് ഡോ. ഇമാദ് അല്‍ ഹമൗദി ലഹരി വിരുദ്ധ സന്ദേശം നല്കി.
സമീപകാലത്തായി നാട്ടില്‍ വർധിച്ചുവരുന്ന രാസലഹരി ഉപയോഗവും വില്പനയുമായി ബന്ധപ്പെട്ട കേസുകളിൽ പ്രവാസികളും അവരുടെ മക്കളും നിരവധി അകപ്പെടുന്നതും പ്രവാസികൾക്കിടയിലും കുടുംബങ്ങളിലും വ്യാപകമായ ആശങ്കയാണ് സംജാതമായിരിക്കുന്നത്.
നാടിനെ രാസലഹരിയില്‍ നിന്ന് മോചിപ്പിക്കാന്‍ സര്‍ക്കാരും സന്നദ്ധസംഘടനകളും മറ്റും നടത്തുന്ന ബോധവത്കരണ പരിപാടിയില്‍ പ്രവാസത്തില്‍നിന്നും ഫോര്‍ക്കയും അംഗസംഘടനകളും കൈകോര്‍ക്കുകയാണ്. കാമ്പയിന്റെ ഭാഗമായി വിപുലമായ ബോധവത്കരണ പരിപാടികളാണ് ഫോര്‍ക്ക ആസൂത്രണം ചെയ്തിട്ടുളളത്.
ലഹരി വിരുദ്ധ പ്രമേയം അടിസ്ഥാനമാക്കി ചിത്രരചന, പോസ്റ്റര്‍ ഡിസൈനിങ്, പ്രസംഗം, ഉപന്യാസം, കവിതാരചന തുടങ്ങിയ മത്സരങ്ങള്‍ വിദ്യാര്‍ഥികള്‍ക്കും വീട്ടമ്മമാര്‍ക്കും യുവാക്കള്‍ക്കും പ്രത്യേകമായി നടത്തും.
കൂടാതെ ലഹരിവിരുദ്ധ സെമിനാര്‍, ഷോര്‍ട് ഫിലിം മത്സരം എന്നിവയും സംഘടിപ്പിക്കും. ചടങ്ങില്‍ ജനറല്‍ കണ്‍വീനര്‍ ഉമര്‍ മുക്കം, ജിബിൻ സമദ്, ഹാഷിം അബ്ബാസ്, അലി ആലുവ, ഗഫൂർ കൊയിലാണ്ടി, സൈഫ് കായംകുളം, സുനില്‍ സാഗര, ബിനീഷ്, പ്രമോദ് കോഴിക്കോട്, ബിനു കവിയൂര്‍, അഖിനാസ് കരുനാഗപ്പള്ളി, അലക്സ് കൊട്ടാരക്കര, ഷാജി മഠത്തിൽ, സലിം അർത്തിയിൽ, ബഷീര്‍ കോട്ടക്കല്‍, ജാനിസ് കരുനാഗപ്പള്ളി, ബക്കർ, ജിഷ, രാജി, അജേഷ്, ജയേഷ് എന്നിവര്‍ സംസാരിച്ചു. പ്രോഗ്രാം കണ്‍വീനര്‍ സൈഫ് കൂട്ടുങ്കല്‍ സ്വാഗതവും ഷാജഹാന് ചാവക്കാട് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.