തബൂക്കിലെ മുന്തിരി തോട്ടത്തിൽനിന്ന്

സൗദിയിൽ മുന്തിരി ഉൽപാദനം 40 ശതമാനവും തബൂക്കിൽനിന്ന്

തബൂക്ക്: സൗദി അറേബ്യയിലെ മൊത്തം മുന്തിരി ഉൽപ്പാദനത്തിെൻറ 40 ശതമാനവും സംഭാവന ചെയ്തുകൊണ്ട് തബൂക്ക് മേഖല പ്രാദേശിക വിപണിയിൽ തങ്ങളുടെ ആധിപത്യം ഉറപ്പിച്ചു. മേഖലയിലെ വിവിധ കൃഷിയിടങ്ങളിലായി വ്യാപിച്ചുകിടക്കുന്ന 15 ലക്ഷത്തിലധികം ഫലം തരുന്ന മുന്തിരിച്ചെടികളിൽ നിന്നാണ് ഈ മികച്ച നേട്ടം കൈവരിച്ചത്.

കർഷകരുടെ കൃത്യതയാർന്ന പ്രവർത്തനരീതികളും ഗുണനിലവാരത്തോടുള്ള പ്രതിബദ്ധതയുമാണ് ഈ ഉയർന്ന ഉൽപ്പാദന വിഹിതത്തിന് പിന്നിലെന്ന് തബൂക്കിലെ പരിസ്ഥിതി, ജല, കൃഷി മന്ത്രാലയ ബ്രാഞ്ച് ഡയറക്ടർ ജനറൽ എൻജിനീയർ അംജദ് ബിൻ അബ്ദുല്ല തുലാബ് വ്യക്തമാക്കി.

ജല ഉപഭോഗം കുറയ്ക്കുന്നതിനുള്ള സാങ്കേതിക പരിഹാരങ്ങളും, അംഗീകൃത നിലവാരത്തിലുള്ള ഉൽപ്പന്നങ്ങൾ വിപണിയിലെത്തിക്കാനുള്ള സഹായങ്ങളും മന്ത്രാലയം തുടർച്ചയായി കർഷകർക്ക് നൽകിവരുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പ്രൈം, സുപ്പീരിയർ, റെഡ് ഗ്ലോബ്, ഓട്ടം റോയൽ, മൂൺ ബാൾസ്, ഇവാൻസ് തുടങ്ങിയ വിവിധയിനം മുന്തിരികളാണ് തബൂക്കിൽ പ്രധാനമായും കൃഷി ചെയ്യുന്നത്.

പഴങ്ങളായി നേരിട്ട് വിൽക്കുന്നതിനപ്പുറം മുന്തിരി കൃഷിയുടെ സാമ്പത്തിക സാധ്യതകൾ കൂടുതൽ മേഖലകളിലേക്ക് വ്യാപിപ്പിക്കേണ്ടതുണ്ടെന്ന് എൻജിനീയർ അംജദ് ചൂണ്ടിക്കാട്ടി.

വരുമാന വർദ്ധനവിനും പുതിയ നിക്ഷേപ അവസരങ്ങൾക്കുമായി ഉണക്കമുന്തിരി, ജ്യൂസ്, മുന്തിരി പനീർ തുടങ്ങിയ അനുബന്ധ വ്യവസായങ്ങളിലേക്ക് രംഗം വ്യാപിപ്പിക്കേണ്ടതുണ്ട്. കൂടാതെ, സന്ദർശകർക്ക് ഫാമുകൾ സന്ദർശിക്കാനും വിളവെടുപ്പ് നേരിട്ട് കാണാനും അവസരമൊരുക്കുന്ന ‘കാർഷിക ടൂറിസം’ പ്രോത്സാഹിപ്പിക്കുന്നതിനൊപ്പം പാക്കിങ്, ലേബലിങ്, കോൾഡ് സ്റ്റോറേജ്, ഗതാഗത സേവനങ്ങൾ എന്നിവ ശക്തമാക്കുന്നതിലേക്ക് മേഖല നീങ്ങിക്കഴിഞ്ഞതായും അദ്ദേഹം പറഞ്ഞു.

വിതരണ ശൃംഖലയും വിപണനവും ശക്തിപ്പെടുത്തുന്നതിലൂടെ ഉൽപ്പന്നങ്ങൾ പാഴായിപ്പോകുന്നത് തടയാനും കാർഷിക-ഭക്ഷണ മേഖലയിലെ നിക്ഷേപങ്ങൾക്ക് തബൂക്കിനെ കൂടുതൽ ആകർഷകമാക്കാനും ഈ ഉൽപ്പാദനക്ഷമതയ്ക്ക് സാധിക്കുന്നു. ഇത് കർഷകർക്ക് മികച്ച വരുമാനം ഉറപ്പാക്കുന്നതിനൊപ്പം രാജ്യത്തിെൻറ ഭക്ഷ്യസുരക്ഷയ്ക്കും വലിയ പിന്തുണയാണ് നൽകുന്നത്.

Tags:    
News Summary - സൗദിയിൽ മുന്തിരി ഉൽപാദനം 40 ശതമാനവും തബൂക്കിൽനിന്ന്

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.