റി​യാ​ദി​ൽ ന​ട​ന്ന നി​ർ​മി​ത ബു​ദ്ധി ഉ​ച്ച​കോ​ടി​യി​ൽ പ്ര​ദ​ർ​ശി​പ്പി​ക്ക​പ്പെ​ട്ട റോ​ബോ​ട്ട് നി​യ​ന്ത്രി​ത ട്രെ​യി​നി​ന്റെ​യും ബ​സി​ന്റെ​യും മാ​തൃ​ക​ക​ൾ

റിയാദ് നിർമിത ബുദ്ധിയുടെ നഗരമെന്ന് വിദേശ പ്രതിനിധികൾ

റിയാദ്: കിരീടാവകാശിയും സൗദി ഡേറ്റ ആൻഡ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അതോറിറ്റി (എസ്.ഡി.എ.ഐ.എ) ചെയർമാനുമായ അമീർ മുഹമ്മദ് ബിൻ സൽമാന്റെ മുൻകൈയിൽ ഈ മാസം 13 മുതൽ 15 വരെ റിയാദിൽ നടന്ന നിർമിതബുദ്ധി ആഗോള ഉച്ചകോടി രാജ്യത്തിന്റെ ഭാവി പ്രയാണത്തിൽ നാഴികക്കല്ലാകുമെന്ന് വിലയിരുത്തപ്പെടുന്നു. ലോകത്തെ വിവിധ രാജ്യങ്ങളിൽനിന്നുള്ള സാങ്കേതിക വിദഗ്ധർ, ന്യായരൂപവത്കരണ സമിതികളുടെ തലവന്മാർ, ഭരണശ്രേണിയിലെ ഉന്നത വ്യക്തിത്വങ്ങൾ, ആഗോള സ്ഥാപന അധ്യക്ഷന്മാർ, ലോകപ്രശസ്ത സർവകലാശാലകളിലെ സാങ്കേതിക വിഭാഗം മേധാവികൾ തുടങ്ങിയവർ പങ്കെടുത്ത അസാധാരണമായ ഉച്ചകോടിയാണ് റിയാദിൽ നടന്നത്.

ആശയ സംവേദനങ്ങളിലൂടെയും സഹകരണ കരാറുകളിലൂടെയും സാങ്കേതികവിദ്യയുടെ അടിസ്ഥാനത്തിൽ പ്രായോഗിക മാതൃകകൾ കണ്ടെത്താനുള്ള ഭരണകൂടശ്രമം വിജയിച്ചു എന്നുതന്നെ കരുതാം. വിഷൻ 2030ന്റെ അടിസ്ഥാനത്തിൽ രാജ്യത്തെ കെട്ടിപ്പടുക്കാനുള്ള ഊർജസംഭരണമായി ഉച്ചകോടി മാറി എന്നതാണ് യാഥാർഥ്യം. രാജ്യത്തെ സർക്കാർ, സ്വകാര്യ മേഖലയിലെ സ്ഥാപനങ്ങളും ഏജൻസികളും ആഗോള സ്ഥാപനങ്ങളും തമ്മിൽ 40ലധികം കരാറുകൾ ഒപ്പിടുന്നതിന് ഉച്ചകോടി വേദിയായി. ആധുനിക ജീവിതപ്രക്രിയയുടെ കാലാനുസൃതമായ വിന്യാസത്തിനും വികാസത്തിനും ഇത് വഴിയൊരുക്കുമെന്ന് വ്യക്തമാണ്. സൗദിയുടെ സ്വപ്ന നഗരപദ്ധതിയായ 'നിയോമി'നും അതിൽതന്നെയുള്ള പ്രകൃതി സൗഹൃദ പാർപ്പിട പദ്ധതിയായ 'ദ ലൈനി'നും ഇത് ഗണ്യമായ സംഭാവന നൽകും.

ആർജിത ബുദ്ധിയിലും പ്രയോഗവത്കരണത്തിലും അന്താരാഷ്ട്ര സഹകരണം ഉറപ്പാക്കുകയായിരുന്നു 10,000ത്തോളം പേർ സംബന്ധിച്ച ഉച്ചകോടിയിലൂടെ എസ്.ഡി.എ.ഐ.എ അധികൃതർ.

ഇതിലൂടെ ഒരു പതിറ്റാണ്ടിനുള്ളിൽതന്നെ സാങ്കേതിക തികവാർന്നൊരു ആഗോള മാതൃക സൃഷ്ടിക്കാമെന്ന ആത്മവിശ്വാസം രാഷ്ട്ര നേതൃത്വത്തിന് കൈവന്നിട്ടുണ്ട് എന്ന് ഉച്ചകോടിക്ക് ശേഷം വരുന്ന പ്രതികരണങ്ങൾ വ്യക്തമാക്കുന്നു.

ത്രിദിന ഉച്ചകോടിയുടെയും തലസ്ഥാന പര്യടനത്തിന്റെയും അനുഭവവെളിച്ചത്തിൽ അവരിൽ ചിലർ റിയാദിനെ 'നിർമിത ബുദ്ധിയുടെ നഗരം' എന്ന് വേദിയിൽതന്നെ വിശേഷിപ്പിച്ചത് ഇതിന്റെ തെളിവാണ്.

സൗദിയിലെ വിവിധ മന്ത്രാലയങ്ങൾ, സാങ്കേതിക സർവകലാശാലകൾ, അറിയപ്പെടുന്ന സ്ഥാപനങ്ങൾ എന്നിവയുമായി ധാരണയിൽ ഏർപ്പെടാൻ സാധിച്ചത് ആഗോള സ്ഥാപനങ്ങൾക്കും നേട്ടമായി.

നിർമിതബുദ്ധിയുടെ മേഖലയിൽ സ്ത്രീശാക്തീകരണം സാധ്യമാക്കുന്നതിനുള്ള ശ്രമങ്ങൾക്ക് ഊർജം പകരാനും ഉച്ചകോടിക്ക് കഴിഞ്ഞു എന്നത് ശ്രദ്ധേയമാണ്. യുനെസ്കോ സയന്റിഫിക് ആൻഡ് കൾച്ചറൽ ഓർഗനൈസേഷനിലെയും യു.എൻ എജുക്കേഷൻ ആൻഡ് സയന്റിഫിക് ഓർഗനൈസേഷനിലെയും സൗദിയുടെ സ്ഥിരം പ്രതിനിധികൾ ഇക്കാര്യത്തിൽ വലിയ മുൻകൈയാണ് എടുത്തത് എന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

കിങ് അബ്ദുൽ അസീസ് സിറ്റി ഫോർ സയൻസ് ആൻഡ് ടെക്‌നോളജി, ഖസീം യൂനിവേഴ്‌സിറ്റി, സൗദി ഇലക്ട്രോണിക് യൂനിവേഴ്‌സിറ്റി എന്നിവ സൗദി ആരോഗ്യ മന്ത്രാലയത്തിന്റെ ഡിജിറ്റൽ ഹെൽത്ത് എക്സലൻസ് സെന്ററുമായി ഉച്ചകോടിയിൽ ധാരണപത്രങ്ങൾ ഒപ്പിട്ടത് ഈ രംഗത്തെ ദ്രുതമുന്നേറ്റത്തിന് വഴിയൊരുക്കും. ഉച്ചകോടിയുടെ ഫലങ്ങൾ വിപുലവും ശ്രേണീബദ്ധവുമായ സാങ്കേതിക സംവിധാനങ്ങളിലൂടെ നൂതനവും സമ്പന്നവുമായ സാമൂഹിക ഘടന രൂപപ്പെടുത്താൻ സൗദി അറബ്യയെ സഹായിക്കുമെന്നാണ് കരുതുന്നത്.

Tags:    
News Summary - Foreign representatives that Riyadh is a city of built intelligence

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.