വിദേശികളുടെ പണമയക്കൽ കുറഞ്ഞു

റിയാദ്: സൗദിയിൽനിന്ന് വിദേശികളുടെ വ്യക്തിഗത പണമയക്കൽ തോത് വീണ്ടും കുറഞ്ഞു. സമീപ വർഷങ്ങളിലായി പ്രവാസികൾ സ്വദേശത്തേക്ക് അയക്കുന്ന പണത്തിന്റെ തോതിൽ കാര്യമായ കുറവ് പ്രകടമായിരുന്നു. അതിന്റെ തുടർച്ചയാണ് ഈ ജൂലൈ വരെയുള്ള കണക്കിലും കാണിക്കുന്നത്. കഴിഞ്ഞവർഷം ഇതേ കാലയളവിലെ പണമയക്കലുമായി താരതമ്യം ചെയ്യുമ്പോൾ 7.3 ശതമാനത്തിന്റെ കുറവാണുണ്ടായത്. കഴിഞ്ഞവർഷം 125 കോടി റിയാൽ അയച്ചപ്പോൾ ഈ വർഷം അത് 116 കോടിയായി കുറഞ്ഞു. രാജ്യത്തിനുള്ളിലും പുറത്തേക്കുമായി പ്രവാസികളുടെ പ്രതിമാസാടിസ്ഥാനത്തിലുള്ള മൊത്തം വ്യക്തിഗത പണം കൈമാറ്റത്തിന്റെ തോതിൽ 12 ശതമാനത്തിന്റെ കുറവുണ്ടായി. രാജ്യത്ത് താമസിക്കുന്ന വിദേശികൾ 132 കോടി റിയാലിന്റെ ഇടപാടാണ് ഒരുമാസത്തിനിടെ നടത്തിയത്.

സൗദിപൗരന്മാർ രാജ്യത്തിന് പുറത്തേക്കയക്കുന്ന പണത്തിന്റെ കാര്യത്തിൽ വർധനവുണ്ടായി. ഈ ജൂലൈയിൽ 61.5 കോടി റിയാലാണ് അവർ വിദേശത്തേക്ക് കൈമാറ്റം ചെയ്തത്. കഴിഞ്ഞവർഷം ഇതേ കാലയളവിൽ അത് 41.3 കോടി റിയാൽ മാത്രമായിരുന്നു. പ്രതിമാസാടിസ്ഥാനത്തിൽ നോക്കുമ്പോൾ ജൂലൈയിൽ 8.8 ശതമാനം കുറവുണ്ടായിട്ടുണ്ട്. 2020ലെ 1496.9 കോടി റിയാലുമായി താരതമ്യം ചെയ്യുമ്പോൾ 2021ലെ വാർഷികാടിസ്ഥാനത്തിലുള്ള പ്രവാസികളുടെ വ്യക്തിഗത പണമയക്കൽ 2.79 ശതമാനമായി ഉയർന്ന് (41.8 കോടി റിയാൽ വർധിച്ച്) 1538.7 കോടി റിയാലിലെത്തിയിരുന്നു. അയച്ച പണത്തിന്റെ മൂല്യം 2021ൽ 1568.6 കോടി റിയാൽ ആയിരുന്നു. 2015ന് ശേഷമുള്ള ആറ് വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന മൂല്യമായിരുന്നു ഇത്. തൊഴിലില്ലായ്മ നിരക്ക് കുറക്കാനും സൗദി യുവാക്കൾക്കും യുവതികൾക്കും കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും ലക്ഷ്യമിട്ട്, ഇതുവരെ പ്രവാസി തൊഴിലാളികൾ നിയന്ത്രിച്ചിരുന്ന പ്രധാന മേഖലകളിലെ തൊഴിലുകളെല്ലാം സ്വദേശിവത്കരിക്കാൻ തുടങ്ങിയശേഷം സാമ്പത്തികരംഗത്തുണ്ടായ മാറ്റമാണ് ഈ കണക്കുകളിൽ പ്രതിഫലിക്കുന്നത്.

Tags:    
News Summary - Foreign remittances have declined

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.