റിയാദ്: സൗദി അറേബ്യയും റഷ്യയും 480 കോടി റിയാൽ മൂല്യം വരുന്ന 13 നിക്ഷേപ കരാറുകളിലും ധാരണാപത്രങ്ങളിലും ഒപ്പുവെച്ചു. സെന്റ് പീറ്റേഴ്സ്ബർഗ് അന്താരാഷ്ട്ര സാമ്പത്തിക ഫോറത്തോടനുബന്ധിച്ച് ഇരു രാജ്യങ്ങളിലെയും സർക്കാർ ഏജൻസികളും പ്രമുഖ ബിസിനസ് കമ്പനികളും തമ്മിലാണ് കരാറുകളിൽ ഏർപ്പെട്ടത്.
സൗദിയുടെ വികസനരേഖയായ ‘വിഷൻ 2030’ന്റെ ലക്ഷ്യങ്ങൾക്ക് അനുസൃതമായി ഭക്ഷ്യസുരക്ഷ ഉറപ്പാക്കുക, പ്രാദേശികമായി നൂതന ബയോടെക്നോളജി സജ്ജമാക്കുക, വിതരണ ശൃംഖലകൾ ശക്തിപ്പെടുത്തുക ലക്ഷ്യമിടുന്നത്.
മൃഗസംരക്ഷണം, ജൈവ സുരക്ഷ എന്നിവ ലക്ഷ്യമിട്ട് വെറ്ററിനറി വാക്സിൻ നിർമാണം, കന്നുകാലി തീറ്റ ഉൽപന്നങ്ങളുടെ ലഭ്യതയും വിതരണ ശൃംഖലകളും, സ്വയംപര്യാപ്തത ഉറപ്പാക്കാനായി ബ്രോയിലർ കോഴി ഇനങ്ങളെ വികസിപ്പിക്കുക എന്നിവ ഉൾപ്പെടെ സുപ്രധാന മേഖലകൾ കരാറുകളുടെ പരിധിയിൽ വരുന്നുണ്ടെന്ന് സൗദി പരിസ്ഥിതി, ജലം, കൃഷി ഉപമന്ത്രി എൻജി. മൻസൂർ അൽ മുശൈതി വ്യക്തമാക്കി. മുൻനിര റഷ്യൻ കമ്പനികൾ വഴി സൗദിയിൽ നിന്നുള്ള ചെമ്മീൻ, മറ്റ് മത്സ്യവിഭവങ്ങൾ എന്നിവ കയറ്റുമതി ചെയ്യാനും കരാറുണ്ട്.
ഒട്ടകപ്പാലിൽനിന്നുള്ള ഉൽപ്പന്നങ്ങൾ റഷ്യൻ വിപണിയിലേക്കും മറ്റ് ആഗോള വിപണികളിലേക്കും വിപണനം ചെയ്യാനും, പ്രശസ്തമായ ‘സൗദി കാപ്പി’ ഉൽപ്പന്നങ്ങളുടെ പ്രചാരണത്തിനും കയറ്റുമറ്റിക്കുമുള്ള കരാറുകളിലും ഒപ്പുവെച്ചിട്ടുണ്ട്. സോഫ്റ്റ് ഡ്രിങ്ക്സ് മേഖലയിലെ സഹകരണവും സാങ്കേതിക കൈമാറ്റവും കരാറിന്റെ പരിധിയിൽ വരുന്നു. സെന്റ് പീറ്റേഴ്സ്ബർഗ് അന്താരാഷ്ട്ര സാമ്പത്തിക ഫോറത്തിലെ സൗദി അറേബ്യയുടെ സജീവ പങ്കാളിത്തം ഇരുരാജ്യങ്ങളും തമ്മിലുള്ള തന്ത്രപരമായ ബന്ധത്തിന്റെ ആഴം വ്യക്തമാക്കുന്നതാണെന്ന് മന്ത്രി കൂട്ടിച്ചേർത്തു. പരിസ്ഥിതി, ജലം, കൃഷി എന്നീ മേഖലകളിൽ പരസ്പരം അനുഭവങ്ങൾ പങ്കുവെക്കാനും ഇരുരാജ്യങ്ങളിലെയും നിക്ഷേപ സാധ്യതകൾ പരമാവധി പ്രയോജനപ്പെടുത്താനും ഈ കൂട്ടായ്മ വലിയ അവസരമാണ് തുറന്നുനൽകുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.