ജിദ്ദ: ‘ടോബിയൻ’ എന്ന പേരിൽ നിയോം ഭക്ഷ്യോൽപാദന കമ്പനി ആരംഭിച്ചു. ഭക്ഷണ വസ്തുക്കൾ ഉൽപാദിപ്പിക്കുന്നതും വിതരണം ചെയ്യുന്നതും ഉപഭോഗം ചെയ്യുന്നതുമായ രീതികൾ പുനർനിർവചിക്കാൻ ലക്ഷ്യമിടുന്ന സുസ്ഥിര ഭക്ഷ്യ സംവിധാനങ്ങൾ സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെയാണിത്. കാലാവസ്ഥയെ പ്രതിരോധിക്കുന്ന കൃഷി, പുനരുൽപാദിപ്പിക്കുന്ന അക്വാകൾച്ചർ, പുതിയ ഭക്ഷണങ്ങൾ, ഇഷ്ടാനുസൃത പോഷകാഹാരം, സുസ്ഥിര ഭക്ഷ്യവിതരണം എന്നീ അഞ്ച് അടിസ്ഥാന ഘടകങ്ങളിലൂടെ സുസ്ഥിരവും നൂതനവുമായ പരിഹാരങ്ങൾ വികസിപ്പിക്കുന്നതിന് ടോബിയൻ ശ്രമിക്കും. പരിസ്ഥിതി-ജലം-കൃഷി മന്ത്രാലയത്തിന്റെ പിന്തുണയോടെയാണ് ‘ടോബിയൻ’ ആരംഭിച്ചത്.
‘വിഷൻ 2030’ ലക്ഷ്യങ്ങൾ കൈവരിക്കുക, ഭക്ഷ്യസുരക്ഷ ഉറപ്പാക്കുക, കാലാവസ്ഥ വ്യതിയാനത്തിന്റെ പ്രത്യാഘാതങ്ങൾ കുറയ്ക്കുക, 2060ഓടെ കാലാവസ്ഥ നിഷ്പക്ഷത (ന്യൂട്രാലിറ്റി) കൈവരിക്കുക തുടങ്ങിയ രാജ്യത്തിന്റെ ലക്ഷ്യങ്ങൾക്ക് അനുസൃതമായാണ് കമ്പനിയുടെ ആരംഭം. ഭക്ഷ്യസുരക്ഷ കൈവരിക്കുന്നതിന് നിലവിലെ ആഗോള ഭക്ഷ്യ സമ്പ്രദായത്തിൽ വിപ്ലവം സൃഷ്ടിക്കുന്ന നൂതനമായ പരിഹാരങ്ങളും സംരംഭങ്ങളും കമ്പനി നൽകും. ജനസംഖ്യ വളർച്ച, മാറിക്കൊണ്ടിരിക്കുന്ന ഉപഭോഗ രീതികൾ, കാലാവസ്ഥ വ്യതിയാനം, പ്രകൃതി വിഭവങ്ങളുടെ ശോഷണം എന്നിവയുടെ ഫലമായുണ്ടാകുന്ന ആഗോള വെല്ലുവിളികളെ നേരിടാൻ ഉയർന്ന തലത്തിൽ സുസ്ഥിരമായ ഭക്ഷ്യ സമ്പ്രദായം നിർമിക്കുന്നതിന് ആവശ്യമായ സാങ്കേതികവിദ്യകൾ വികസിപ്പിക്കാനും ടോബിയൻ പ്രവർത്തിക്കും. ശാസ്ത്രജ്ഞരും വിദഗ്ധരും ഉൾപ്പെടുന്ന ഒരു ഉജ്ജ്വലമായ സമൂഹത്തെ ശക്തിപ്പെടുത്തുന്നതിലൂടെയാണ് ഇത് ചെയ്യുക.
മനുഷ്യ വികസനം ത്വരിതപ്പെടുത്തുന്നതിനാണ് നിയോം പ്രവർത്തിക്കുന്നതെന്ന് നിയോം സി.ഇ.ഒ നള്മി അൽനസ്ർ പറഞ്ഞു. രാജ്യത്തും ലോകത്തിന്റെ മറ്റു ഭാഗങ്ങളിലും ജീവിതത്തിന്റെ ക്രിയാത്മകവും ദീർഘകാലവുമായ പരിവർത്തനം സൃഷ്ടിക്കുന്നതിനുള്ള ഞങ്ങളുടെ പ്രതിബദ്ധതയാണ് ടോബിയൻ പ്രതിഫലിപ്പിക്കുന്നത്. സുസ്ഥിരവും സുരക്ഷിതവുമായ ഭക്ഷ്യവ്യവസായത്തിന്റെ ഭാവി രൂപപ്പെടുത്തുന്നതിൽ ടോബിയന്റെ നൂതനമായ സമീപനം പ്രധാന ചാലകമാകുമെന്ന് നിയോം സി.ഇ.ഒ പറഞ്ഞു. അഭിലഷണീയമായ ആശയങ്ങൾ യാഥാർഥ്യമാക്കി മാറ്റുന്നതിനും ഭാവിതലമുറക്ക് ഭക്ഷ്യസുരക്ഷ കൈവരിക്കുന്നതിന് സംഭാവന നൽകുന്നതിനും നിക്ഷേപകരുമായും പങ്കാളികളുമായും ഭക്ഷ്യ വ്യവസായ വിദഗ്ധരുമായും അടുത്തു പ്രവർത്തിക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നുവെന്നും നിയോം സി.ഇ.ഒ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.