റിയാദ്: സൗദി അറേബ്യയിലെ റസ്റ്റാറന്റുകളിലും കഫേകളിലുംനിന്ന് തങ്ങൾ കഴിക്കുന്ന ഭക്ഷണവസ്തുക്കളിലെ ചേരുവകൾ എന്താണെന്ന് ഉപഭോക്താക്കൾക്ക് അറിയാനുള്ള അവസരമൊരുക്കി സൗദി ഫുഡ് ആൻഡ് ഡ്രഗ് അതോറിറ്റി.
ജൂലൈ മുതൽ റസ്റ്റാറന്റുകളിലും കഫേകളിലും പുതിയ ഭക്ഷ്യനിയമം നടപ്പാകും. ഭക്ഷണങ്ങളിൽ ചേർക്കുന്ന പദാർഥങ്ങളുടെ അളവും മറ്റ് വിവരങ്ങളും ഉപഭോക്താവിന് മനസ്സിലാക്കാൻ കഴിയുംവിധം പ്രദർശിപ്പിക്കണം.
ഭക്ഷ്യസുതാര്യത വർധിപ്പിക്കണം എന്നതാണ് ഒരു നിയമം. ഭക്ഷണം കഴിക്കാനെത്തുന്ന ഉപഭോക്താക്കൾക്ക് തങ്ങൾ ഓർഡർ ചെയ്യുന്ന ഭക്ഷണത്തിനെറ മുഴുവൻ വിവരങ്ങൾ മനസ്സിലാക്കാൻ കഴിയണം. അതുവഴി അറിയുന്ന ആരോഗ്യകരമായ ഭക്ഷണം തിരഞ്ഞെടുക്കാൻ ഉപഭോക്താക്കൾ പ്രാപ്തരാകുന്നു. ജൂലൈ ഒന്ന് മുതൽ, രാജ്യത്തെ മുഴുവൻ ഭക്ഷണശാലകളും കഫേകളും മെനുവിൽ വിശദമായ പോഷകാഹാര വിവരങ്ങൾ പ്രദർശിപ്പിക്കണം.
ഭക്ഷണത്തിലെ ഉപ്പിന്റെ അളവ്, പാനീയങ്ങളിലെ കഫീൻ അളവ്, കഴിക്കുന്ന ഭക്ഷണത്തിന്റെ കലോറി എരിച്ചുകളയാൻ ആവശ്യമായ സമയം എന്നിവ നിർബന്ധമായും രേഖപ്പെടുത്തി പ്രദർശിപ്പിക്കണം. ആരോഗ്യകരമായ ഭക്ഷണം തിരഞ്ഞെടുക്കാൻ ആളുകൾക്ക് അവസരം ലഭിക്കുക, സന്തുലിതമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കുക, കഴിക്കുന്ന ഉപ്പിന്റെയും കഫീന്റെയും അളവ് നിർണയിക്കാനും ആരോഗ്യ ശിപാർശകളുമായി താരതമ്യം ചെയ്യാനും സഹായിക്കുക എന്നിവയാണ് അതോറിറ്റി ഈ നിയമപരിഷ്കാരത്തിലൂടെ ലക്ഷ്യമിടുന്നത്.
ലോകാരോഗ്യ സംഘടന സോഡിയം ഉപഭോഗം കുറക്കാൻ ശിപാർശ ചെയ്യുന്നുണ്ട്. മുതിർന്നവർ പ്രതിദിനം അഞ്ച് ഗ്രാം (ഒരു ടീസ്പൂണി)ൽ കൂടുതൽ ഉപ്പ് കഴിക്കരുത്.
അതുപോലെ കഫീൻ ഉപഭോഗവും മുതിർന്ന എല്ലാ വിഭാഗമാളുകൾക്ക് പ്രതിദിനം 400 മില്ലിഗ്രാമിലും ഗർഭിണികൾക്ക് 200 മില്ലിഗ്രാമിലും കൂടരുത്. റസ്റ്റാറന്റുകൾ, കഫേകൾ പോലുള്ള ഭക്ഷ്യ സ്ഥാപനങ്ങൾക്കും ഉപഭോക്താക്കൾക്കും അതോറിറ്റിയുടെ വെബ്സൈറ്റിലെ ‘ഇലക്ട്രോണിക് കഫീൻ കാൽക്കുലേറ്റർ’ ഉപയോഗിച്ച് പാനീയങ്ങളിലെ കഫീന്റെ അളവ് എളുപ്പത്തിൽ മനസ്സിലാക്കാനാവുമെന്നും അതോറിറ്റി സൂചിപ്പിച്ചു
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.