ഈ വർഷത്തെ റമദാനിൽ ആദ്യ ജുമുഅക്ക് മസ്ജിദുൽ ഹറാമിൽ പങ്കെടുത്തവർ

മുൻകരുതൽക്കിടയിൽ റമദാനിലെ ആദ്യ ജുമുഅ നമസ്കാരം; ഇരുഹറമുകളിൽ പതിനായിരങ്ങൾ പങ്കെടുത്തു

ജിദ്ദ: ഇരുഹറമുകളിൽ നടന്ന ഈ വർഷത്തെ റമദാനിലെ ആദ്യ ജുമുഅ നമസ്കാരത്തിൽ പതിനായിരങ്ങൾ പങ്കെടുത്തു. മസ്ജിദുൽ ഹറാമിൽ നടന്ന ജുമുഅ നമസ്കാരത്തിന് ഡോ. അബ്ദുറഹ്മാൻ അൽസുദൈസ് നേതൃത്വം നൽകി. സ്വയം അവലോകനം ചെയ്യാനും കർമങ്ങൾ നന്നാക്കാനും അഭിപ്രായ വ്യത്യാസങ്ങളും ഭിന്നതകളും മാറ്റിവെക്കാനും പുണ്യങ്ങളിലും ഭക്തിയിലും സഹകരിക്കാനും മത്സരിക്കാനും ധാരാളം അവസരങ്ങൾ റമദാനിലുണ്ടെന്ന് ഡോ. സുദൈസ് പറഞ്ഞു. ലോകം ഇപ്പോഴും പകർച്ചവ്യാധിയുടെ നിഴലിലാണ് ജീവിക്കുന്നത്. അസാധാരണമായ അവസ്ഥയിലാണ് റമദാൻ കടന്നുവന്നിരിക്കുന്നത്. പ്രതിരോധ മുൻകരുതൽ നടപടികൾ പാലിക്കുന്നതിൽ ആരും അലംഭാവം കാണിക്കരുത്. കുത്തിവെപ്പെടുക്കാൻ ധൃതി കൂട്ടണം. വ്യാജ പ്രചരങ്ങളെ കരുതിയിരിക്കണമെന്നും ഇമാം ഉണർത്തി. മദീനയിലെ മസ്ജിദുന്നബവിയിൽ നടന്ന ജുമുഅ നമസ്കാരത്തിന് ശൈഖ് സ്വലാഹ് ബിൻ മുഹമ്മദ് അൽ ബദീർ നേതൃത്വം നൽകി. കുറ്റകൃത്യങ്ങളിലേർപ്പെട്ട് നോമ്പിന്റെ പ്രതിഫലം പാഴാക്കരുതെന്നും വർജ്ജിക്കേണ്ട കാര്യങ്ങളെല്ലാം വെടിഞ്ഞു ദൈവത്തിലേക്ക് കൂടുതൽ അടുക്കണമെന്നും ഇമാം ഉദ്ബോധിപ്പിച്ചു.


കർശനമായ കോവിഡ് പ്രതിരോധ മുൻകരുതലുകൾക്കിടയിലാണ് ജുമുഅ നമസ്കാരം നടന്നത്. നമസ്കാരത്തിൽ പങ്കെടുക്കാൻ അനുമതി ലഭിച്ചവരിൽ സ്വദേശികളും രാജ്യത്തെ താമസക്കാരായ വിദേശികളും ഉൾപ്പെടും. കുട്ടികൾക്ക് പ്രവേശനാനുമതി നൽകിയിരുന്നില്ല. അനുമതി പത്രം ലഭിച്ചവരാണെന്ന് ഉറപ്പുവരുത്തിയ ശേഷമാണ് ആളുകളെ ഹറമിനുള്ളിലേക്ക് കടത്തിവിട്ടത്. ആദ്യ ജുമുഅ നമസ്കാരത്തിനെത്തുന്നവരെ സ്വീകരിക്കാൻ മുഴുവൻ ഒരുക്കങ്ങളും വിവിധ വകുപ്പുകളുമായി സഹകരിച്ച് ഇരുഹറം കാര്യാലയത്തിനു കീഴിലെ സാങ്കേതിക, സേവന കാര്യ വിഭാഗം പൂർത്തിയാക്കിയിരുന്നു. ശുചീകരണം, അണുമുക്തമാക്കൽ, ഓപറേഷൻ, ഉന്തുവണ്ടി, കവാടങ്ങൾ, പോക്കുവരവുകൾ വ്യവസ്ഥാപിതമാക്കൽ തുടങ്ങിയവ കാര്യക്ഷമമാക്കുന്നതിനു വേണ്ട നടപടികൾ നേരത്തെ സ്വീകരിച്ചിരുന്നു. നമസ്കാര വിരിപ്പുകൾ ശുചീകരിക്കലും അണുമുക്തമാക്കലും സുഗന്ധം പൂശലും ലൈറ്റ് ആൻറ് സൗണ്ട് സംവിധാനങ്ങൾ കുറ്റമറ്റതാണെന്ന് ഉറപ്പുവരുത്തലും വ്യാഴാഴ്ച രാത്രിയോടെ പൂർത്തിയാക്കിയിരിക്കുന്നു.

ഹറമിലേക്ക് എത്തുന്ന റോഡുകളിൽ നാല് സ്ഥലങ്ങളിലായി പ്രത്യേകം ഒരുക്കിയ കേന്ദ്രങ്ങളിൽ നിന്ന് സംഘങ്ങളായാണ് ആളുകളെ ഹറമിനടുത്ത ബസ് സ്റ്റേഷനുകളിലെത്തിച്ചത്. യാത്രക്ക് നിരവധി ബസുകൾ ഒരുക്കിയിരിക്കുന്നു. ഹറം കവാടങ്ങളിൽ വെച്ച് ശരീരോഷ്മാവ് പരിശോധിച്ച ശേഷമാണ് ആളുകളെ അകത്തേക്ക് കടത്തിയത്. ഇതിനായിൽ 70 ഓളം തെർമൽ കാമറകൾ ഘടിപ്പിച്ചിരുന്നു. പോക്കുവരവുകൾ വ്യവസ്ഥാപിതമാക്കാൻ കൂടുതൽ കവാടങ്ങൾ തുറന്നു. ഉംറ തീർഥാടകർക്കും നമസ്കരിക്കാനെത്തുന്നവർക്കും പ്രത്യേക പാതകൾ നിശ്ചയിച്ചിരുന്നു. മത്വാഫിലേക്ക് ഉംറ തീർഥാടകരെ മാത്രമാണ് കടത്തിവിട്ടത്. മത്വാഫിലും തീർഥാടകർ കടന്നു പോകുന്ന വഴികളിലും പ്രതിരോധ മുൻകരുതൽ നടപടികൾ ഓർമപ്പെടുത്താനും നിരീക്ഷിക്കാനും പ്രത്യേകം ആളുകളെ നിശ്ചയിച്ചിരുന്നു. കോവിഡ് സാഹചര്യം നിലനിൽക്കുന്നതിനാൽ ഹറമും മുറ്റങ്ങളും മുഴുസമയം അണുമുക്തമാക്കുന്നതിനും ശുചീകരണത്തിനും 45 സംഘങ്ങൾ രംഗത്തുണ്ടായിരുന്നു. 300 ഓളം നൂതന ഉപകരണങ്ങൾ അണുമുക്തമാക്കുന്നതിനായി ഒരുക്കിയിരുന്നു.


കർശനമായ കോവിഡ് മുൻകരുതൽ നടപടികൾക്കിടയിൽ ഹറമുകളിലെത്താനും ആദ്യ ജുമുഅ നമസ്കാരത്തിന് പങ്കാളിയാകാനും കഴിഞ്ഞതിലുള്ള ആത്മീയാനുഭൂതിലാണ് തീർഥാടകരും നമസ്കരിക്കാനെത്തിയവരും. കോവിഡ് മഹാമാരിയിൽ നിന്ന് രാജ്യത്തിനും ലോകത്തിനും എത്രയും വേഗം രക്ഷയുണ്ടാകണമേയെന്ന് മനമുരുകി പ്രാർഥിച്ചാണ് ജുമുഅക്കെത്തിയവർ ഇരു ഹറമുകളോടും വിടപറഞ്ഞത്.

Tags:    
News Summary - first juma of ramzan masjid al haram mecca

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.