കേരള സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന കോഴിക്കോട് നിന്ന് ജിദ്ദ വിമാനത്താവളത്തിലെത്തിയ
ആദ്യ സംഘത്തിലെ തീർഥാടകരെ ഇന്ത്യൻ കോൺസൽ ജനറൽ ഫഹദ് അഹ്മദ് ഖാൻ സൂരിയുടെ നേതൃത്വത്തിൽ സ്വീകരിക്കുന്നു
റിയാദ്: ഹജ്ജിന് കേരളത്തിൽനിന്ന് സംസ്ഥാന ഹജ്ജ് കമ്മിറ്റിക്ക് കീഴിലുള്ള ആദ്യ സംഘം തീർഥാടകർ മക്കയിലെത്തി. ശനിയാഴ്ച പുലർച്ച 4.20ന് എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിൽ ജിദ്ദ കിങ് അബ്ദുൽ അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ സംഘത്തിൽ 172 തീർഥാടകരാണുള്ളത്. തീർഥാടകരെ വളന്റിയർമാർ ചായയും ഈത്തപ്പഴവും നൽകി വരവേറ്റു.
ഹജ്ജ് സർവിസ് കമ്പനികൾ ഒരുക്കിയ ബസുകളിൽ തീർഥാടകർ രാവിലെ 7.30ഓടെ മക്കയിലെത്തി. ഹജ്ജ് സർവിസ് കമ്പനി ഇവർക്ക് ‘നുസ്ക്’ തിരിച്ചറിയൽ കാർഡുകൾ വിതരണം ചെയ്തു. സംഘത്തിൽ 77 പുരുഷന്മാരും 95 സ്ത്രീകളുമാണുള്ളത്. താമസകേന്ദ്രത്തിലെത്തി വൈകാതെ ഇവർ ഉംറ നിർവഹിക്കാൻ മസ്ജിദുൽ ഹറാമിലേക്ക് പുറപ്പെട്ടു.
കേരളത്തിൽനിന്നുള്ള രണ്ടാമത്തെ സംഘം ശനിയാഴ്ച രാത്രി എട്ടിന് എയർ ഇന്ത്യ എക്സ്പ്രസിന്റെ ഐ.എക്സ് 3031 വിമാനത്തിലെത്തി. ആദ്യ വിമാനം കോഴിക്കോട്ടുനിന്ന് ശനിയാഴ്ച പുലർച്ച 1.10നാണ് പുറപ്പെട്ടത്. രണ്ടാമത്തെ വിമാനം വൈകീട്ട് 4.30നാണ് കോഴിക്കോട് നിന്ന് പുറപ്പെട്ടത്. ഇതിൽ 87 പുരുഷന്മാരും 86 സ്ത്രീകളുമുൾപ്പടെ 173 തീർഥാടകരാണ് ഉണ്ടായിരുന്നത്.
കേരള സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന പുറപ്പെടുന്ന ആദ്യ സംഘത്തെ കരിപ്പൂരിൽ ഹജ്ജ് കമ്മിറ്റി ചെയർമാൻ ഡോ. ഹുസൈൻ സഖാഫി ചുള്ളിക്കോടിന്റെ നേതൃത്വത്തിൽ ടി.വി. ഇബ്രാഹിം എം.എൽ.എ, ഹജ്ജ് കമ്മിറ്റി അംഗങ്ങളായ അഡ്വ. പി. മൊയ്തീൻ കുട്ടി, അഷ്കർ കോറാട്, ജനപ്രതിനിധികൾ ഉദ്യോഗസ്ഥർ, ക്യാമ്പ് വളന്റിയർമാർ എന്നിവർ ചേർന്ന് സ്വീകരിച്ചു.
നെടുമ്പാശ്ശേരി: നെടുമ്പാശ്ശേരി ഹജ്ജ് ക്യാമ്പ് 15ന് ആരംഭിക്കും. സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ നേതൃത്വത്തിൽ 16ന് വൈകീട്ട് 5.55നാണ് ആദ്യസംഘം ഹാജിമാർ നെടുമ്പാശ്ശേരിയിൽനിന്ന് യാത്രയാകുന്നത്. ആദ്യ വിമാനത്തിൽ തിരിക്കേണ്ട തീർഥാടകർ 15ന് ക്യാമ്പിൽ എത്തും. വിമാനത്താവളത്തിലെ ‘ടി-3’ ടെർമിനലിലാണ് വളന്റിയർമാർ തീർഥാടകരെ സ്വീകരിക്കുന്നത്. ഇവിടെ രജിസ്ട്രേഷൻ പൂർത്തിയാക്കിയശേഷം ലഗേജുകൾ എയർലൈൻസിന് കൈമാറും. ഇതിനുശേഷം തീർഥാടകരെ പ്രത്യേക വാഹനത്തിൽ ക്യാമ്പിൽ എത്തിക്കും.
കേരളത്തിൽനിന്നുള്ള 5680 പേരാണ് നെടുമ്പാശ്ശേരി എംബാർക്കേഷൻ വഴി യാത്ര തിരിക്കുന്നത്. ഇവരെക്കൂടാതെ തമിഴ്നാട്ടിൽ നിന്നുള്ള 199 പേരും ലക്ഷദ്വീപിൽനിന്നുള്ള 111 പേരും നെടുമ്പാശ്ശേരിയിൽനിന്ന് പുറപ്പെടും. 21 സർവിസുകളാണ് സൗദി എയർലൈൻസ് ഇവിടെനിന്ന് ചാർട്ടർ ചെയ്തിരിക്കുന്നത്. വെയ്റ്റിങ് ലിസ്റ്റിൽനിന്ന് കൂടുതൽ പേർക്ക് അവസരം ലഭിച്ചാൽ സർവിസുകൾ വർധിപ്പിക്കാനും സാധ്യതയുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.