റിയാദ്: സൗദി അറേബ്യയിൽ മൂല്യവർധിത നികുതി (വാറ്റ്) അടക്കുന്നതുമായി ബന്ധപ്പെട്ട് ചുമത്തിയ പിഴകളിൽനിന്ന് ഒഴിവാക്കുന്നതിനുമുള്ള ഇളവ് ആറ് മാസത്തേക്ക് കൂടി നീട്ടിയതായി ധനകാര്യ മന്ത്രാലയം അറിയിച്ചു. മന്ത്രാലയത്തിൽ നിക്ഷിപ്തമായ അധികാരങ്ങൾ അടിസ്ഥാനമാക്കിയും ആദായനികുതി, മൂല്യവർധിത നികുതി സംവിധാനത്തിന്റെ അവലോകനത്തെ തുടർന്നുമാണ് കാലാവധി ജൂൺ 30 വരെ നീട്ടിയത്.
ഇതോടെ നികുതിദായകർക്ക് അവരുടെ കുടിശ്ശിക നികുതി അടവ് വൈകിയതിനുള്ള പിഴകളോ സാമ്പത്തിക ഉപരോധങ്ങളോ ഇല്ലാതെ തീർപ്പാക്കാൻ സാധിക്കും. സ്വകാര്യ സ്ഥാപനങ്ങൾക്ക് ഏറെ ആശ്വാസമായി നേരത്തെ പ്രഖ്യാപിച്ച ഈ ഇളവ് പദ്ധതി നികുതിദായകരുടെ ബാധ്യതകൾ സുഗമമാക്കുന്നതിനും നികുതി അടവ് കൃത്യമാക്കുന്നതിനും ധന, നികുതി നയങ്ങളുടെ കാര്യക്ഷമവും വഴക്കമുള്ളതുമായ നടപ്പാക്കൽ ഉറപ്പാക്കുന്നതിനും ലക്ഷ്യമിട്ടാണ്. നികുതിദായകരുടെ മേലുള്ള ഭാരം കുറയ്ക്കുന്നതിനും നികുതി ചട്ടങ്ങൾ പാലിക്കുന്നത് സുഗമമാക്കുന്നതിനുമുള്ള സർക്കാരിെൻറ ശ്രമങ്ങളുടെ ഭാഗം കൂടിയാണ്.
അതോറിറ്റി അംഗീകരിച്ച പേയ്‌മെൻറ് പ്ലാൻ പാലിക്കാത്തതിന് വൈകിയ പേയ്‌മെൻറ് പിഴകളിൽനിന്ന് നികുതിദായകരെ ഒഴിവാക്കുന്നത് ഈ പദ്ധതിയിൽ ഉൾപ്പെടുന്നു. എല്ലാ നികുതി സംവിധാനങ്ങളിലും വൈകി രജിസ്ട്രേഷൻ നടത്തുന്നതിനുള്ള പിഴകൾ, വൈകി പണമടയ്ക്കുന്നതിനുള്ള പിഴകൾ, റിട്ടേണുകൾ വൈകി ഫയൽ ചെയ്യുന്നതിനുള്ള പിഴകൾ, വാറ്റ് റിട്ടേണുകൾ തിരുത്തിയതിനുള്ള പിഴകൾ, ഇലക്ട്രോണിക് ഇൻവോയ്‌സിങ് വ്യവസ്ഥകളുമായും മറ്റ് വാറ്റ് വ്യവസ്ഥകളുമായും ബന്ധപ്പെട്ട ഫീൽഡ് നിയന്ത്രണ ലംഘനങ്ങൾക്കുള്ള പിഴകൾ എന്നിവ ഈ പദ്ധതിയിൽ ഉൾപ്പെടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.