ഇന്ത്യൻ വിമൻസ് ഓർഗനൈസേഷൻ ജിദ്ദയിൽ സംഘടിപ്പിച്ച ഫാമിലി മീറ്റിൽ ഡോ. ഫർഹ നൗഷാദിന് ശമിയത് അൻവർ
ഉപഹാരം കൈമാറുന്നു
ജിദ്ദ: കുടുംബബന്ധങ്ങൾ മനോഹരമാവുമ്പോൾ ഭൂമിയിൽ സന്തോഷത്തോടെയും സമാധാനത്തോടെയും സംതൃപ്തജീവിതം നയിക്കാൻ സാധിക്കുമെന്നും സ്നേഹബന്ധങ്ങളെ അലങ്കാരമാക്കുകയും അലങ്കോലമാകാതെ ശ്രദ്ധിക്കുകയും ചെയ്താൽ ജീവിതം സന്തോഷകരമായി തീരുമെന്നും മോട്ടിവേഷൻ സ്പീക്കറും ഫാമിലി കൗൺസലറുമായ ഡോ. ഫർഹ നൗഷാദ്.
ഇന്ത്യൻ ഇസ്ലാഹി സെൻറർ ജിദ്ദ വനിതാവിഭാഗമായ ഇന്ത്യൻ വിമൻസ് ഓർഗനൈസേഷൻ (ഐവോ) സംഘടിപ്പിച്ച ഫാമിലി മീറ്റിൽ ‘സ്നേഹ ബന്ധത്തിലെ സമവാക്യങ്ങൾ’ വിഷയത്തിൽ സംസാരിക്കുകയായിരുന്നു അവർ. കുടുംബബന്ധങ്ങൾ ശിഥിലമാകുമ്പോൾ മനുഷ്യമനസ്സുകൾ അസ്വസ്ഥമാകും.
അസ്വസ്ഥ മനസ്സുകൾ ബന്ധങ്ങളിൽ വിള്ളലുകൾ വീഴ്ത്തുകയും അകൽച്ച വർധിപ്പിക്കുകയും ചെയ്യും. കുടുംബത്തെ ചേർത്തുപിടിച്ച് നന്മയിൽ മുന്നേറാൻ സാധിക്കണം. കൗമാരക്കാരായ മക്കൾ ഇന്ന് വളർന്നുവരുന്നത് അധാർമിക ചുറ്റുപാടിലാണ്. ‘മൈ ബോഡി മൈ ചോയ്സ്’ എന്ന ചിന്ത കൗമാരക്കാരിൽ വളർന്നുവരുന്നത് അപകടകരമാണെന്ന് അവർ പറഞ്ഞു.
ഡോ. ഫർഹ നൗഷാദിനുള്ള ഐവോയുടെ ഉപഹാരം പ്രസിഡൻറ് ശമിയത്ത് അൻവർ നൽകി. നിഷാത്ത് ഷമീർ സ്വാഗതവും സിറിൻ ജമാൽ നന്ദിയും പറഞ്ഞു. ഐവോ സെക്രട്ടറി സംറാ മൻസൂർ ഖിറാഅത്ത് നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.