ജിദ്ദ ഇന്ത്യൻ ഇസ്ലാഹി സെന്റർ സംഘടിപ്പിച്ച ഖുർആൻ പഠിതാക്കളുടെ കുടുംബസംഗമത്തിൽ അഹ്മദ് അനസ് മൗലവി സംസാരിക്കുന്നു
ജിദ്ദ: ഇന്ത്യൻ ഇസ്ലാഹി സെന്ററിന്റെ നേതൃത്വത്തിൽ ജിദ്ദയിലെ ഖുർആൻ പഠിതാക്കളുടെ കുടുംബസംഗമം ജിദ്ദ മക്ക റോഡിലെ നൈറ്റ് ക്യൂൻ ഇവന്റ് ഹാളിൽ വെച്ച് നടന്നു. സനാഇയ്യ ജാലിയാത്ത് മേധാവി ശൈഖ് ഇബ്രാഹിം ഖലീൽ അൽറായി ഉദ്ഘാടനം ചെയ്തു. ഖുർആൻ പഠിക്കാൻ വയസ്സ്, ആരോഗ്യം തുടങ്ങിയവയൊന്നും തടസ്സങ്ങളല്ലെന്നും ആർക്കും പഠിക്കാൻ പറ്റിയ രൂപത്തിലാണ് സ്രഷ്ടാവ് അതിനെ സജ്ജമാക്കിയതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
പ്രമുഖ പണ്ഡിതനും ഇസ്ലാഹീ പ്രഭാഷകനുമായ അഹമ്മദ് അനസ് മൗലവി മുഖ്യപ്രഭാഷണം നടത്തി. ഖുർആൻ നമ്മുടെ ജീവിതത്തെ സ്വാധീനിക്കുന്ന രൂപത്തിൽ പഠിക്കണമെന്ന് അദ്ദേഹം ഉണർത്തി. സംഗമത്തിന്റെ ഭാഗമായി പ്രമുഖ കൗൺസിലറും ലൈഫ് കോച്ചുമായ ഡോ. അലി അക്ബർ ഇരിവേറ്റിയുടെ നേതൃത്വത്തിൽ കൗമാരക്കായ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കുമായി 'ട്യൂൺ യുവർ പാഷൻ' എന്ന ശീർഷകത്തിൽ 'ടീൻസ് മീറ്റ് ' സംഘടിപ്പിച്ചിരുന്നു. കുട്ടികൾക്ക് വേണ്ടിയുള്ള കളിച്ചങ്ങാടത്തിന് ആശിഖ് മഞ്ചേരിയും മുതിർന്നവർക്കായി സംഘടിപ്പിച്ച ക്വിസ് മത്സരത്തിന് ഷിഹാബ് സലഫിയും നേതൃത്വം നൽകി. ഇസ്സുദ്ദീൻ സ്വലാഹി നയിച്ച ടേബിൾ ടോക്കിൽ ഇസ്ലാഹി സെന്ററിന്റെ കീഴിലുള്ള 'തഹ്ഫീദുൽ ഖുർആൻ' പഠനപദ്ധതി പൂർത്തിയാക്കിയ മുൻവിദ്യാർഥികൾ അവരുടെ പഠനകാലത്തെ അനുഭവങ്ങൾ പങ്കുവെച്ചു. അൽഫിത്റ വിദ്യാർഥികൾ അവതരിപ്പിച്ച പ്രത്യേക പരിപാടിയും ശ്രദ്ധേയമായിരുന്നു.കുടുംബസംഗമത്തിന്റെ ഭാഗമായി വിവിധ കായിക ഇനങ്ങളിലും ഖുർആൻ ഹിഫ്ള്, ഖുർആൻ പാരായണം, പ്രസംഗം, പെൻസിൽ ഡ്രോയിങ്, കാലിഗ്രാഫി തുടങ്ങിയ ഇനങ്ങളിലും മത്സരങ്ങൾ സംഘടിപ്പിച്ചു. എല്ലാ മത്സരങ്ങളിലെ വിജയികൾക്കും സമ്മാനങ്ങൾ വിതരണം ചെയ്തു. പരിപാടിക്ക് വന്നവരിൽ നിന്ന് നടത്തിയ ലക്കി ഡ്രോയിലെ വിജയിയായ സഹീർ ചെറുകോടിന് മൊബൈൽ ഫോൺ സമ്മാനം ലഭിച്ചു. റിയാദ് ഇസ്ലാഹീ സെന്റർ നടത്തിയ 'ലേൺ ദ ഖുർആൻ' ഫൈനൽ പരീക്ഷയിൽ ജിദ്ദയിൽ നിന്ന് മികച്ച വിജയം കൈവരിച്ച ജെനി അൻവർ, നിഷ അബ്ദുറസാഖ് (ഫസ്റ്റ്), ഷാഹിന (സെക്കന്റ് ), അസീന ബഷീർ (തേർഡ്), ആസിം ആഷിഖ് (കുട്ടികളിൽ ഫസ്റ്റ്) എന്നിവർക്കും ജിദ്ദ ഇസ്ലാഹി സെന്റർ നടത്തിയ ഓപൺ ബുക്ക് പരീക്ഷയിൽ നൂറു ശതമാനം മാർക്ക് നേടിയ നിഷ അബ്ദുറസാഖ്, റുബീന അനസ്, ജെനി അൻവർ, അസീന ബഷീർ, ഹസീന അറക്കൽ എന്നിവർക്കും പ്രത്യേകം സമ്മാനങ്ങൾ വിതരണം ചെയ്തു. അബ്ദുറസാക്ക്, ഷാജഹാൻ (റിഹേലി പോളിക്ലിനിക്), ഹിഫ്സുറഹ്മാൻ (മുൻ സിഫ് പ്രസിഡന്റ്) തുടങ്ങിയവർ സമ്മാനങ്ങൾ വിതരണം ചെയ്തു.ഇസ്ലാഹി സെന്റർ വളന്റിയർമാർ, വനിത വിങ് പ്രവർത്തകർ, മദ്രസാധ്യാപകർ തുടങ്ങി സെന്ററിന്റെ മുഴുവൻ പ്രവർത്തകരും പരിപാടികൾക്ക് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.