ജിദ്ദ: യോഗ്യതയില്ലാതെ എൻജിനീയറായി ജോലി ചെയ്ത സിറിയൻ പൗരന് ആറുമാസം തടവും ലക്ഷം റിയാൽ പിഴയും ശിക്ഷിച്ചു. രാജ്യത്തിന്റെ വിവിധ പ്രദേശങ്ങളിൽ എൻജിനീയറിങ് സ്ഥാപനങ്ങളിൽ പരിശോധന നടത്തുന്നതിനിടെയാണ് വ്യാജ എൻജിനീയറായ സിറിയക്കാരനെ സൗദി എൻജിനീയേഴ്സ് കൗൺസിൽ പിടികൂടിയത്. എൻജിനീയറിങ് പ്രഫഷൻ സംബന്ധിച്ച തൊഴിൽ നിയമത്തിലെ ആർട്ടിക്കിൾ 11 ആണ് പ്രതി ലംഘിച്ചതെന്ന് കൗൺസിൽ ചൂണ്ടിക്കാട്ടി.
പ്രഫഷനൽ പ്രാക്ടീസിനുള്ള കമീഷനിൽനിന്ന് പ്രഫഷനൽ അക്രഡിറ്റേഷൻ നേടാതെ സോഷ്യൽ മീഡിയയിൽ ‘എൻജിനീയർ’ എന്ന് പേരുവെച്ച് ആൾമാറാട്ടം നടത്തിയതിനാണ് ഇയാളെ പിടികൂടിയതെന്ന് കൗൺസിൽ സെക്രട്ടറി ജനറൽ എൻജി. അബ്ദുന്നാസർ അബ്ദുൽ ലത്തീഫ് പറഞ്ഞു.
നിയമം അനുസരിച്ച് അതോറിറ്റി നിയമലംഘകനെതിരെ നിയമനടപടികൾ പൂർത്തിയാക്കി. മേൽനടപടികൾക്ക് പബ്ലിക്ക് പ്രോസിക്യൂഷന് പ്രതിയെ കൈമാറി. കോടതി അദ്ദേഹത്തെ ആറ് മാസത്തേക്ക് തടവിലാക്കാനും ലക്ഷം റിയാൽ പിഴയടക്കാനും വിധി പുറപ്പെടുവിച്ചതായി സെക്രട്ടറി ജനറൽ പറഞ്ഞു.
എൻജിനീയറിങ് മേഖലയെ ക്രമരഹിതമായ പ്രവർത്തനങ്ങളിൽനിന്ന് സംരക്ഷിക്കാൻ ലക്ഷ്യമിടുന്ന എൻജിനീയറിങ് പ്രഫഷൻസ് പ്രാക്ട്രീസ് സിസ്റ്റത്തിന്റെ പ്രയോഗം എൻജിനീയറിങ് സ്ഥാപനങ്ങളും വ്യക്തികളും പാലിക്കേണ്ടതുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഈ രംഗത്ത് നിയമലംഘനങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ അത് റിപ്പോർട്ട് ചെയ്യാൻ അദ്ദേഹം എല്ലാവരോടും ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.