റിയാദ്: അംഗീകൃത കരാർ പ്രകാരം തീർഥാടകർക്ക് താമസ സൗകര്യം ഒരുക്കുന്നതിൽ വീഴ്ച വരുത്തിയ ഉംറ കമ്പനിക്കും അവരുടെ വിദേശ ഏജൻറിനുമെതിരെ ഹജ്ജ്, ഉംറ മന്ത്രാലയം നടപടിയെടുത്തു. ഉംറ കമ്പനിയുടെയും വിദേശ ഏജൻറിന്റെയും സേവനം നിർത്തലാക്കിയതായി മന്ത്രാലയം വ്യക്തമാക്കി. തീർഥാടകർക്ക് വേണ്ടിയുള്ള സേവനങ്ങളെ നിയന്ത്രിക്കുന്ന ചട്ടങ്ങളുടെയും നിർദേശങ്ങളുടെയും വ്യക്തമായ ലംഘനമാണിത്.
കരാറിൽ താമസ സൗകര്യം രേഖപ്പെടുത്തിയിട്ടുണ്ടെങ്കിലും അംഗീകൃത താമസ സൗകര്യം നൽകാതെ നിരവധി തീർഥാടകർ രാജ്യത്ത് എത്തിയതായി മന്ത്രാലയം കണ്ടെത്തി. ഇത് നിയമലംഘനം നടത്തിയ കമ്പനിക്കും അവരുടെ കരാർ പ്രകാരമുള്ള വിദേശ ഏജൻറിനുമെതിരെ നിയമങ്ങൾക്കനുസൃതമായി ഉടനടി നിയമനടപടി സ്വീകരിക്കേണ്ടത് അനിവാര്യമാക്കിയതായും മന്ത്രാലയം പറഞ്ഞു.
തീർഥാടകരുടെ അവകാശങ്ങൾ ഉറപ്പുനൽകുന്നതിനും അത്തരം ലംഘനങ്ങൾ ആവർത്തിക്കുന്നത് തടയുന്നതിനും അതുവഴി അവർക്ക് നൽകുന്ന സേവനങ്ങളുടെ ഗുണനിലവാരം ഉയർത്തുന്നതിനും സ്വീകരിച്ച നടപടികൾ മന്ത്രാലയം വിശദീകരിച്ചു. സൗദിക്കുള്ളിലെ തീർഥാടകന്റെ യാത്രയുടെ എല്ലാ ഘട്ടങ്ങളിലും അനുഭവം മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയുള്ള ‘വിഷൻ 2030’-െൻറ ലക്ഷ്യങ്ങൾക്ക് അനുസൃതമായി ഉംറ കമ്പനികളുടെ കരാറുകൾ കൃത്യമായും പ്രഫഷനലായും നടപ്പാക്കുന്നതിനുള്ള പ്രതിബദ്ധത നിരീക്ഷിക്കുന്നതിനും തീർഥാടകർക്ക് നൽകുന്ന സേവനങ്ങളുടെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിനുമുള്ള നിരന്തരമായ ശ്രമങ്ങളുടെ ചട്ടക്കൂടിനുള്ളിലാണ് ഈ നടപടി വരുന്നതെന്ന് മന്ത്രാലയം സ്ഥിരീകരിച്ചു.
തീർഥാടകരോടുള്ള കരാർ ബാധ്യതകളുടെ ഏതെങ്കിലും പോരായ്മകളോ ലംഘനങ്ങളോ അനുവദിക്കില്ലെന്ന് മന്ത്രാലയം ഊന്നിപ്പറഞ്ഞു. തീർഥാടകരുടെ അവകാശങ്ങൾ മുൻഗണനയാണെന്നും നൽകുന്ന സേവനങ്ങളുടെ ഗുണനിലവാരം മറികടക്കാൻ കഴിയാത്ത ഒരു ചുവന്ന വരയാണെന്നും മന്ത്രാലയം ഊന്നിപ്പറഞ്ഞു. എല്ലാ ഉംറ കമ്പനികളോടും അംഗീകൃത ചട്ടങ്ങളും നിർദേശങ്ങളും പൂർണമായും പാലിക്കാനും കരാർ ചെയ്ത പ്രോഗ്രാമുകൾക്കനുസൃതമായി സേവനങ്ങൾ നൽകാനും മന്ത്രാലയം ആഹ്വാനം ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.