റിയാദ്: പൊതുവേദികളിൽ ഇനി പാട്ടുപാടി പെർഫോം ചെയ്യില്ലെന്ന് പ്രവാസി ഗായകൻ കുഞ്ഞിമുഹമ്മദ്. 25 വർഷത്തോളമായി ജി.സി.സി രാജ്യങ്ങളിലടക്കം നിരവധി വേദികളിൽ സംഗീത പരിപാടികൾ അവതരിപ്പിച്ചിരുന്ന താൻ പൊതുപരിപാടികളിൽ നിന്ന് പിൻവാങ്ങുകയാണെന്ന് വാർത്തക്കുറിപ്പിൽ അറിയിച്ചു. 2009ൽ ഏഷ്യനെറ്റ് സംപ്രേഷണം ചെയ്ത ‘മൈലാഞ്ചി’ റിയാലിറ്റി ഷോയിലെ വിജയിയായും 2013ൽ അമൃത ടിവിയിലെ ‘കസവുതട്ടം’ പരിപാടിയിൽ ശ്രദ്ധേയ പ്രകടനം നടത്തിയും അറിയപ്പെട്ട കുഞ്ഞിമുഹമ്മദ് പ്രവാസികൾക്കിടയിലും ശ്രദ്ധേയനായിരുന്നു.
2021ൽ ശരത് ചന്ദ്രൻ വയനാട് സംവിധാനം ചെയ്ത ‘ഷോക്’ എന്ന സിനിമയിലൂടെ സംഗീത സംവിധായകനായും പ്രവർത്തിച്ചു. സൗദി അറേബ്യയിലെത്തിയ ശേഷം ചുരുങ്ങിയ കാലയളവിനുള്ളിൽ നിരവധി വേദികളിൽ പരിപാടികൾ അവതരിപ്പിച്ചു. മതപണ്ഡിതനായ പിതാവിന്റെ ഉപദേശം സ്വീകരിച്ചാണ് പൊതുവേദികളിൽനിന്ന് പിന്മാറുന്നതെന്നാണ് കുഞ്ഞിമുഹമ്മദ് പറയുന്നത്.
സംഗീതോപകരണങ്ങളില്ലാതെ ഗാനാലാപനം നടത്തുമെങ്കിലും പൊതുപരിപാടികളിലേക്ക് ഇനിയുണ്ടാവില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.