ഇറാൻ ആക്രമണത്തെ നേരിടാൻ ഗൾഫ് ഐക്യദാർഢ്യം; ആക്രമണങ്ങൾ ഉടനടി നിർത്തണമെന്ന് ജി.സി.സി മന്ത്രിതല കൗൺസിൽ

റിയാദ്: ജോർദാനു പുറമേ ജി.സി.സി രാജ്യങ്ങളെ ലക്ഷ്യമിട്ട് ഇറാൻ നടത്തുന്ന ആക്രമണങ്ങളെ ഗൾഫ് സഹകരണ കൗൺസിൽ (ജി.സി.സി) വിദേശകാര്യ മന്ത്രിമാരുടെ യോഗം ശക്തമായ ഭാഷയിൽ അപലപിച്ചു. വീഡിയോ കോൺഫറൻസ് വഴി ചേർന്ന അടിയന്തര യോഗത്തിൽ മേഖലയിലെ സുരക്ഷാ സാഹചര്യങ്ങൾ മന്ത്രിമാർ വിശദമായി ചർച്ച ചെയ്തു. ഏതെങ്കിലും ഒരു അംഗരാജ്യത്തിന് നേരെയുള്ള ആക്രമണം കൗൺസിലിലെ മുഴുവൻ രാജ്യങ്ങൾക്കും എതിരായ നേരിട്ടുള്ള ആക്രമണമായി കണക്കാക്കുമെന്ന് യോഗം പ്രഖ്യാപിച്ചു.

ഇറാൻ നടത്തുന്ന ഈ സൈനിക നീക്കങ്ങൾ രാജ്യങ്ങളുടെ പരമാധികാരം, അയൽപക്ക ബന്ധങ്ങൾ, അന്താരാഷ്ട്ര നിയമങ്ങൾ, യു.എൻ പ്രമേയങ്ങൾ എന്നിവയുടെ നഗ്നമായ ലംഘനമാണെന്ന് കൗൺസിൽ ചൂണ്ടിക്കാട്ടി. സിവിലിയന്മാരെയും സിവിലിയൻ അടിസ്ഥാന സൗകര്യങ്ങളെയും ലക്ഷ്യമിടുന്നത് അന്താരാഷ്ട്ര മാനുഷിക നിയമങ്ങൾക്ക് വിരുദ്ധമാണ്. അംഗരാജ്യങ്ങളുടെ സുരക്ഷ അവിഭാജ്യമാണെന്നും സംയുക്ത പ്രതിരോധ കരാർ അനുസരിച്ച് ഇതിനെ നേരിടുമെന്നും മന്ത്രിമാർ വ്യക്തമാക്കി. ഐക്യരാഷ്ട്രസഭാ ചാർട്ടറിലെ ആർട്ടിക്കിൾ (51) പ്രകാരം വ്യക്തിഗതമായും കൂട്ടായും സ്വയം പ്രതിരോധിക്കാനുള്ള നിയമപരമായ അവകാശം ജി.സി.സി രാജ്യങ്ങൾക്കുണ്ടെന്നും യോഗം ഓർമ്മിപ്പിച്ചു.

ഇറാൻ വിക്ഷേപിച്ച മിസൈലുകളെയും ഡ്രോണുകളെയും ഉയർന്ന പ്രൊഫഷണലിസത്തോടെ തടയുകയും ഭീഷണി നിർവീര്യമാക്കുകയും ചെയ്ത അംഗരാജ്യങ്ങളിലെ സായുധ സേനകളെയും വ്യോമ പ്രതിരോധ സംവിധാനങ്ങളെയും കൗൺസിൽ അഭിനന്ദിച്ചു. ജീവനും സുപ്രധാന ആസ്തികളും സംരക്ഷിക്കുന്നതിൽ സൈന്യം പുലർത്തിയ കാര്യക്ഷമത എടുത്തുപറയേണ്ടതാണെന്ന് മന്ത്രിമാർ അഭിപ്രായപ്പെട്ടു.

സംഘർഷം ഒഴിവാക്കാൻ ജി.സി.സി രാജ്യങ്ങൾ നിരന്തരമായ നയതന്ത്ര ശ്രമങ്ങൾ നടത്തിയിട്ടും ഇറാനെതിരെ ആക്രമണം നടത്താൻ തങ്ങളുടെ മണ്ണ് വിട്ടുകൊടുക്കില്ലെന്ന് ഉറപ്പുനൽകിയിട്ടും ഇറാൻ ആക്രമണം തുടരുന്നത് ഖേദകരമാണ്. മേഖലയിലെ സുരക്ഷയും വിതരണ ശൃംഖലകളുടെ സുഗമമായ നീക്കവും ഉറപ്പാക്കാൻ ഈ ആക്രമണങ്ങൾ ഉടനടി അവസാനിപ്പിക്കണം. അറേബ്യൻ ഗൾഫ് മേഖലയിലെ സ്ഥിരത ആഗോള സമ്പദ്‌വ്യവസ്ഥയുടെയും ഊർജ്ജ വിപണിയുടെയും നിലനിൽപ്പിന് അത്യാവശ്യമാണെന്നും കൗൺസിൽ ഓർമ്മിപ്പിച്ചു.

ആക്രമണങ്ങളെ അന്താരാഷ്ട്ര സമൂഹം ഒറ്റക്കെട്ടായി അപലപിക്കണമെന്ന് യോഗം ആഹ്വാനം ചെയ്തു. സമാധാനത്തിന് ഭീഷണിയാകുന്ന ഇത്തരം നിയമലംഘനങ്ങൾ തടയാൻ യു.എൻ സുരക്ഷാ കൗൺസിൽ അടിയന്തരമായി ഇടപെടണം. പ്രതിസന്ധി ഘട്ടത്തിൽ പിന്തുണ അറിയിച്ച സൗഹൃദ രാജ്യങ്ങൾക്ക് ജി.സി.സി നന്ദി രേഖപ്പെടുത്തി. പ്രശ്നപരിഹാരത്തിന് എപ്പോഴും സംഭാഷണത്തിന്റെ പാതയാണ് ജി.സി.സി ആഗ്രഹിക്കുന്നതെന്നും ഇതിനായി ഒമാൻ നടത്തുന്ന മധ്യസ്ഥ ശ്രമങ്ങൾ പ്രശംസനീയമാണെന്നും മന്ത്രിമാർ പറഞ്ഞു.

ആക്രമണങ്ങളിൽ ഇരയായവരുടെ കുടുംബങ്ങളെ കൗൺസിൽ അനുശോചനം അറിയിക്കുകയും പരിക്കേറ്റവർ എത്രയും വേഗം സുഖം പ്രാപിക്കട്ടെയെന്ന് പ്രാർത്ഥിക്കുകയും ചെയ്തു. സൗദി വിദേശകാര്യ മന്ത്രി അമീർ ഫൈസൽ ബിൻ ഫർഹാൻ, വിവിധ ജി.സി.സി വിദേശകാര്യ മന്ത്രിമാർ, ബഹുരാഷ്ട്ര അന്താരാഷ്ട്ര കാര്യങ്ങളുടെ അണ്ടർസെക്രട്ടറി ഡോ. അബ്ദുറഹ്മാൻ അൽറാസി, ഏഷ്യൻ രാജ്യങ്ങളുടെ വകുപ്പ് ഡയറക്ടർ ജനറൽ നാസർ അൽഗനൂം, ജി.സി.സി വകുപ്പ് ഡയറക്ടർ ഫൈസൽ ബിൻ സഈദ് എന്നിവർ യോഗത്തിൽ പങ്കെടുത്തു.

Tags:    
News Summary - Gulf solidarity to confront Iranian aggression; GCC Ministerial Council calls for immediate cessation of attacks

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.