സൗദി വിമാനത്താവളങ്ങളിൽ കുടുങ്ങിയ ജി.സി.സി പൗരന്മാർക്ക് താമസമൊരുക്കാൻ സൽമാൻ രാജാവിന്റെ ഉത്തരവ്

റിയാദ്: മേഖലയിലെ അപ്രതീക്ഷിത സാഹചര്യങ്ങളെത്തുടർന്ന് സൗദി അറേബ്യയിലെ വിവിധ വിമാനത്താവളങ്ങളിൽ കുടുങ്ങിപ്പോയ ജി.സി.സി (ഗൾഫ് സഹകരണ കൗൺസിൽ) രാജ്യങ്ങളിലെ പൗരന്മാർക്ക് അടിയന്തര താമസസൗകര്യവും സഹായങ്ങളും എത്തിക്കാൻ സൗദി ഭരണാധികാരി സൽമാൻ രാജാവ് ഉത്തരവിട്ടു.

ശനിയാഴ്ച പുലർച്ചെ ഗൾഫ് നഗരങ്ങളെ ലക്ഷ്യമാക്കി ഇറാൻ നടത്തിയ ആക്രമണങ്ങളെത്തുടർന്ന് സുരക്ഷാ മുൻകരുതലി​െൻറ ഭാഗമായി ഗൾഫ് രാജ്യങ്ങൾ വ്യോമാതിർത്തികൾ താൽക്കാലികമായി അടച്ചിരുന്നു. ഇതേത്തുടർന്ന് യാത്ര തടസ്സപ്പെട്ട അയൽരാജ്യങ്ങളിലെ പൗരന്മാരുടെ ക്ഷേമം ഉറപ്പുവരുത്താനാണ് രാജാവി​െൻറ സവിശേഷ നിർദേശം.

കുടുങ്ങിക്കിടക്കുന്ന പൗരന്മാരെ സ്വന്തം കുടുംബാംഗങ്ങളെപ്പോലെ പരിഗണിക്കണമെന്നും അവർക്ക് ‘രണ്ടാമത്തെ വീട്ടിൽ’ എന്നപോലെ എല്ലാവിധ ആതിഥ്യമര്യാദകളും ആശ്വാസവും ഉറപ്പാക്കണമെന്നും രാജാവ് നിർദേശിച്ചു. സ്വന്തം രാജ്യങ്ങളിലേക്ക് സുരക്ഷിതമായും മാന്യമായും മടങ്ങാൻ സാഹചര്യം ഒരുങ്ങുന്നതുവരെ ഇവർക്ക് ആവശ്യമായ താമസവും ഭക്ഷണവും സൗദി ഭരണകൂടം ഒരുക്കും.

രാജകീയ ഉത്തരവ് ഉടനടി നടപ്പാക്കാൻ ബന്ധപ്പെട്ട എല്ലാ സർക്കാർ വകുപ്പുകൾക്കും അതോറിറ്റികൾക്കും സൽമാൻ രാജാവ് കർശന നിർദേശം നൽകിയിട്ടുണ്ട്. ഗൾഫ് രാജ്യങ്ങൾ തമ്മിലുള്ള ഐക്യദാർഢ്യത്തി​െൻറ ഭാഗമായാണ് ഈ നടപടി. നിലവിൽ വിമാനത്താവളങ്ങളിൽ കുടുങ്ങിയവർക്ക് ആവശ്യമായ എല്ലാ സേവനങ്ങളും നൽകാൻ സിവിൽ ഏവിയേഷൻ അതോറിറ്റിയും മറ്റ് സുരക്ഷാ വിഭാഗങ്ങളും പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചു വരികയാണ്.

Tags:    
News Summary - King Salman approves hosting stranded GCC citizen

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.