‘തെളിവ് സഹിതം’ സിനിമ പോസ്റ്റർ
റിയാദ്: റിയാദിൽ ഏറെക്കാലം പ്രവാസിയും അറിയപ്പെടുന്ന ഗായകനും അഭിനേതാവും ഷോർട്ട് ഫിലിം സംവിധായകനുമായിരുന്ന സക്കീർ മണ്ണാർമലയുടെ ആദ്യ ബിഗ് സ്ക്രീൻ സംരംഭം പ്രേക്ഷകരിലേക്ക്. ‘തെളിവ് സഹിതം’ എന്ന മുഴുനീള ഫീച്ചർ സിനിമ ഏപ്രിൽ 25ന് കേരളത്തിലെയും ഗൾഫിലെയും തിയേറ്ററുകളിൽ റിലീസ് ചെയ്യും. ദമ്മാമിലെ പ്രമുഖ വ്യവസായി ജോളി ലോനപ്പന്റെ ‘ജോളി വുഡ് മൂവിസ്’ നിർമിച്ച ഈ ക്രൈം ത്രില്ലർ സിനിമയുടെ പ്രീവ്യൂ ഷോ റിയാദിലെ എമ്പയർ സിനിമ മാളിൽ നടന്നു. റിയാദിലെ സാമൂഹിക, സാംസ്കാരിക രംഗത്തെ പ്രമുഖർ ഉൾപ്പെടെ പങ്കെടുത്തു.
കുടുംബപശ്ചാത്തലത്തിലൂടെ കഥ പറഞ്ഞുപോകുന്ന ‘തെളിവ് സഹിതം’ സമകാലിക വിഷയങ്ങൾ, പ്രത്യേകിച്ചും യുവതിയുവാക്കളിൽ പടർന്നുപിടിച്ചിരിക്കുന്ന ലഹരിയുടെ ഉപയോഗവും അതിന്റെ വിപത്തുകളും എല്ലാം വളരെ വ്യക്തമായി അവതരിപ്പിക്കുന്നു. പുതുതലമുറക്കും അതോടൊപ്പം മാതാപിതാക്കൾക്കും ലഹരിക്കെതിരെ ശക്തമായ സന്ദേശമാണ് ഈ ചിത്രത്തിലൂടെ നൽകുന്നതെന്ന് സംവിധായകൻ സകീർ മണ്ണാർമല പറഞ്ഞു.
സൗദി അറേബ്യയിൽനിന്നുള്ള നിരവധി പ്രവാസികൾ ഈ സിനിമയിൽ കാമറക്ക് മുന്നിലും പിന്നിലും പ്രവർത്തിച്ചിട്ടുണ്ടെന്നും കേരളത്തിൽ റിലീസ് ചെയ്യുന്നതോടൊപ്പം ഗൾഫ് നാടുകളിലും പ്രദർശിപ്പിക്കുമെന്നും നിർമാതാവ് ജോളി ലോനപ്പൻ പറഞ്ഞു. കഥയും തിരക്കഥയും ഷഫീഖ് കാരാട് ആണ് നിർവഹിച്ചിരിക്കുന്നത്. എൽദോ ഐസക് ഇടുക്കി കാമറയും അശ്വിൻ കോഴിക്കോട് എഡിറ്റിങ്ങും കൈകാര്യം ചെയ്തിരിക്കുന്നു.
സംവിധായകൻ സക്കീർ മണ്ണാർമല, നിർമാതാവ് ജോളി ലോനപ്പൻ
സായ് ബാലനാണ് സംഗീതം. അതുൽ നറുക്കര, സായ് ബാലൻ ഗാനങ്ങൾ ആലപിച്ചിരിക്കുന്നത്. സിനിമക്ക് പിന്നിൽ പ്രവർത്തിക്കുന്നവരിൽ കൂടുതലും റിയാദിൽനിന്നുള്ള പ്രവാസികളാണ്. സുരേഷ് ശങ്കർ (പ്രൊഡക്ഷൻ മാനേജർ), ഷാജഹാൻ, ജുനൈദ്, അനിൽ കുമാർ, ഫാഹിദ് ഹസ്സൻ (കോ പ്രൊഡ്യൂസേഴ്സ്) തുടങ്ങിയവർ റിയാദിലെ പ്രവാസികളാണ്.
നിഷാന്ത് സാഗർ, അബു സലീം, മേജർ രവി, രാജേഷ് ശർമ, നിർമൽ പാലാഴി, പ്രദീപ് ബാലൻ, സിറാജ് പയ്യോളി, രമേശ് കാപ്പാട്, ബിച്ചാൽ മുഹമ്മദ്, ഷൗക്കത്ത് അലി, ഗ്രീഷ്മ ജോയ്, മാളവിക അനിൽ കുമാർ, നിദ (ചക്കി), ഗോപിക, പ്രാഭിജ കോഴിക്കോട് എന്നിവരാണ് സ്ക്രീനിൽ കഥാപാത്രങ്ങൾ ജീവൻ നൽകിയിരിക്കുന്നത്. ദമ്മാമിൽ പ്രവാസിയായ ജോളി ലോനപ്പന്റെ ഉടമസ്ഥതയിലുള്ള ‘ജോളിവൂഡ് മൂവീസി’ന്റെ ബാനറിലുള്ള മൂന്നാമത്തെ ചിത്രമാണ് ‘തെളിവ് സഹിതം’. ആദ്യ ചിത്രം ‘ആളൊരുക്കം’ നിരവധി അന്താരാഷ്ട്ര ബഹുമതികൾ നേടി ശ്രദ്ധേയമായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.