ജലീൽ കൊച്ചിൻ പങ്കെടുത്ത സംഗീത പരിപാടിയിൽ നിന്ന്​ (ഫയൽ ചിത്രം)

സംഗീതത്തെ പ്രണയിച്ച പ്രവാസത്തിന്‍റെ സ്വന്തം പാട്ടുകാരൻ

റിയാദ്‌: 'സംഗീതം സാഗരം പോലെയാണ്...' ആ ക്ലീഷേക്ക് മുന്നിൽ പകച്ചുനിൽക്കുന്ന കുറെ പാട്ടുകാർ ഇവിടെ, പ്രവാസത്തിലുമുണ്ട്. സംഗീതത്തെ പ്രണയിക്കുകയും ജീവിതവൃത്തിക്ക് വേണ്ടി കടൽ കടക്കേണ്ടി വരികയും ചെയ്ത കുറെ കലാകാരന്മാർ. അവരിലൊരാളാണ് സ്വരമധുരിമ കൊണ്ടും താളബോധം കൊണ്ടും പ്രവാസ ലോകത്തെ നാദവിസ്മയമായി മാറിയ ജലീൽ കൊച്ചിൻ എന്ന ഗായകൻ. മൂന്ന് ദശാബ്​ദങ്ങളായി റിയാദി​െൻറ മണ്ണിൽ ശുദ്ധ സംഗീതത്തി​െൻറ സ്വരശ്രുതിയുമായി സന്തോഷത്തി​െൻറയും സൗഹൃദത്തി​െൻറയും വേളകൾ ധന്യമാക്കുന്നു. 'സംഗീതം നൈസർഗികമായി കിട്ടിയ ഒരു വാസനയായിരുന്നു.

നാട്ടിലെ മ്യൂസിക് ട്രൂപ്പുകളിലൂടെയായിരുന്നു തുടക്കം. പിന്നീട് സൗദിയിലെത്തിയപ്പോൾ കൂടുതൽ അവസരങ്ങൾ തേടിവന്നു. കുടുംബത്തിൽ വല്യ പാട്ടുകാരാരുമില്ല, അനുജന്മാരും സഹോദരിയുടെ മകളും പാടും. എന്നാൽ അയൽപക്കത്ത് സംഗീതത്തിലെ ഗജകേസരികൾ തന്നെയുണ്ട്. സാക്ഷാൽ ഗാനഗന്ധർവൻ യേശുദാസും ഓർമയായ ഉമ്പായിക്കയും പിന്നെ യുവഗായകൻ അഫ്സലുമൊക്കെ. ആ ദീപസ്തംഭങ്ങളിൽ നിന്ന് വെളിച്ചം കടമെടുത്തൊരു മിന്നാമിനുങ്ങ്‌ മാത്രമാണ് താനെ'ന്ന് ജലീൽ പറയുന്നു. റിയാദിലെ കേരളീയ സമൂഹത്തി​െൻറ കലാസാംസ്കാരിക ഇടപെടൽ ഹൃദ്യമാണെന്ന അഭിപ്രായക്കാരനാണ് ജലീൽ. വിഭാഗീയതകൾക്കതീതമായി എല്ലാവരും ഒന്നിച്ചിരിക്കുകയും പാട്ടും വിനോദങ്ങളും ആസ്വദിക്കുകയും ചെയ്യുന്നു. ഗായകരോട് പ്രത്യേക സ്നേഹവും അടുപ്പവുമാണവർക്ക്. ത​െൻറ സംഗീത യാത്രക്ക് മണ്ണൊരുക്കിയതും പ്രചോദനമായി വർത്തിച്ചതും പ്രവാസി സമൂഹമാണ്. എല്ലാ സംഘടനകളും കൂട്ടായ്മകളും തന്നെ കേൾക്കാൻ ക്ഷണിക്കാറുണ്ടെന്നും ജലീൽ പറഞ്ഞു. ജിദ്ദ, ദമ്മാം, അൽഹാസ,അൽഖർജ്, അൽഖസീം എന്നിവിടങ്ങളിൽ പോയി പരിപാടികൾ അവതരിപ്പിച്ചിട്ടുണ്ട്.

സംഗീതത്തിലെ ത​െൻറ അറിവും കഴിവും സഹൃദയർക്ക് പകർന്നുനൽകാൻ സദാ ശ്രമിക്കാറുണ്ട്. ഒറ്റപ്പെടലി​െൻറയും ആത്മസംഘർഷങ്ങളുടെയും ലോകത്ത് കഴിയുന്ന പ്രവാസികൾക്ക് സംഗീതത്തിലൂടെ സാന്ത്വനം നൽകുക എന്നത് ഒരു ഭാഗ്യമായി കരുതുന്നു. വേദികളുടെയും പാട്ടി​െൻറയും എണ്ണത്തിൽ നിശ്ചയമില്ല. 'അല്ലാവിൻ കാരുണ്യം ഇല്ലെങ്കിൽ ഭൂമിയിൽ' എന്ന ആൽബം പുറത്തിറക്കിയിട്ടുണ്ട്. മെലഡി, സെമി ക്ലാസിക്കൽ ഗാനങ്ങളോടാണ് ഏറെ പ്രിയം. പഴയകാലത്തെ പാട്ടുകളോട് വലിയൊരു ഭ്രമം തന്നെയാണ്. കവിത തുളുമ്പുന്ന വരികളും മധുരമായ ഈണവും ഒരിക്കലും ഹൃദയത്തിൽ നിന്ന് മാഞ്ഞുപോകില്ല. ഇന്നത്തെ അധിക ഗാനങ്ങൾക്കും അതുകൊണ്ട് തന്നെ അതിജീവന ശേഷി കുറവാണ്. കോവിഡ് പൊതുവേദികൾക്ക് തടസ്സം സൃഷ്​ടിച്ചപ്പോൾ സമൂഹ മാധ്യമങ്ങൾ വലിയൊരനുഗ്രഹമായി മാറി. വീട്ടിലിരുന്ന് പാടാനും കേൾക്കാനും ഒപ്പം സമ്മർദങ്ങളുടെ കുരുക്കഴിക്കാനും ഏറെ സഹായകരമായി.

പുതിയ കുറെ പാട്ടുകാരെ പുറത്തുകൊണ്ടുവരാനും പരിചയപ്പെടാനും കഴിഞ്ഞു. എന്നാൽ ഓഫ്‌ലൈൻ വേദികൾ ലഭിക്കാത്തതിനാൽ കുറെ അവസരങ്ങൾ നഷ്​ടപ്പെട്ടവരുമുണ്ട്. പ്രവാസികളേക്കാൾ കടുത്ത പ്രയാസം നേരിട്ടവരാണ് നമ്മുടെ നാട്ടിലെ കലാകാരന്മാർ. അവരെ സംബന്ധിച്ചിടത്തോളം മറ്റ് ജീവിതോപാധികൾ ഒന്നുംതന്നെയില്ല. ഇപ്പോഴും മഹാവ്യാധിയുടെ സങ്കീർണതകളിലാണ് അവർ. നല്ല പാട്ടുകൾ തിരഞ്ഞെടുത്ത്​ പാടി ആസ്വദിക്കുകയും അനുവാചകരുടെ ഹൃദയത്തിലേക്കത് പകർന്നു നൽകുകയുമാണ് സംഗീതജീവിതം കൊണ്ട് ലക്ഷ്യമിടുന്നതെന്ന് ജലീൽ കൊച്ചിൻ വ്യക്തമാക്കി.

'യുട്യൂബിൽ കരോക്കെ ട്രാക്കിലെ ലിറിക്സ്​ നോക്കി മാത്രം പാടി പഠിച്ചവർക്ക് പെൻ ഡ്രൈവിൽ കരോക്കെ വെച്ചു ലിറിക്സെഴുതി എടുത്തു പാടുമ്പോൾ ബുദ്ധിമുട്ട് അനുഭവപ്പെടുന്നത് കണ്ടിട്ടുണ്ട്, അവരോടായി ഒരു ഉപദേശം, ലിറിക്സ്​ എഴുതിയെടുത്തു ട്രാക്ക് വെച്ചു താളം ശ്രദ്ധിച്ചു പാടി പഠിക്കുക'. ഫോർട്ടു കൊച്ചി സ്വദേശിയായ ജലീൽ അൽരാജ്ഹി ഹെഡോഫിസിലെ ഉദ്യോഗസ്ഥനാണ്. ഭാര്യ സാമൂഹിക പ്രവർത്തകയും അവതാരകയുമായ ഷെമീ ജലീൽ കലാ സാംസ്കാരിക രംഗത്ത് സജീവമാണ്. ഇരട്ടകളായ മക്കൾ മുഹമ്മദ്‌ ഹാഫിസ്, ഹൈഫ ജലീൽ ഇരുവരും ഇൻറർനാഷനൽ ഇന്ത്യൻ സ്കൂൾ രണ്ടാം ക്ലാസ് വിദ്യാർഥികളാണ്.

Tags:    
News Summary - Exile's own singer who loved music

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.