റിയാദ്: രാജ്യത്തെ പൈതൃക നഗരങ്ങളെയും ഗ്രാമങ്ങളെയും പുനരുജ്ജീവിപ്പിക്കാൻ ലക്ഷ്യമിട്ടുള്ള വിപുലമായ ദേശീയ പരിപാടിക്ക് സൗദി അറേബ്യ തുടക്കം കുറിക്കുന്നു. വാസ്തുവിദ്യാ പൈതൃകത്തിെൻറ സുസ്ഥിരത ഉറപ്പാക്കുന്നതിനൊപ്പം ഇവയെ സാംസ്കാരിക, വിനോദസഞ്ചാര, സാമ്പത്തിക കേന്ദ്രങ്ങളായി പരിവർത്തനം ചെയ്യാനാണ് ഈ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. സൗദി വിഷൻ 2030-െൻറ ഭാഗമായാണ് ഈ നിർണായക നീക്കം. സൗദിയിലെ വിവിധ ഭാഗങ്ങളിലായി സ്വകാര്യ ഉടമസ്ഥതയിലുള്ള 562ഓളം പൈതൃക പട്ടണങ്ങളും ഗ്രാമങ്ങളും ഉണ്ടെന്നാണ് ഔദ്യോഗിക കണക്ക്. വാസ്തുവിദ്യയിലെ വൈവിധ്യവും നിക്ഷേപ സാധ്യതകളും ഈ പ്രദേശങ്ങൾ മുന്നോട്ടുവെക്കുന്നുണ്ടെങ്കിലും, അവയുടെ സംരക്ഷണവും പുനരധിവാസവും വലിയ വെല്ലുവിളിയാണ്. ഈ സാഹചര്യം പരിഗണിച്ചാണ് ഹെറിറ്റേജ് കമീഷെൻറ പുതിയ നടപടി.
പൂർത്തിയായ പദ്ധതികൾ
രാജ്യത്തെ 160ലധികം പൈതൃക സ്ഥലങ്ങളുടെ പുനരുദ്ധാരണം ഇതിനോടകം പുരാവസ്തു കമീഷെൻറ നേതൃത്വത്തിൽ ആരംഭിച്ചിട്ടുണ്ട്. നശീകരണത്തിൽ നിന്നും പാരിസ്ഥിതിക ആഘാതങ്ങളിൽ നിന്നും പുരാതന കെട്ടിടങ്ങളെ സംരക്ഷിക്കുക എന്നതാണ് ഇതിെൻറ പ്രാഥമിക ലക്ഷ്യം. കഴിഞ്ഞ ഘട്ടങ്ങളിലായി പൈതൃക സംരക്ഷണവുമായി ബന്ധപ്പെട്ട 37 പദ്ധതികൾ അധികൃതർ വിജയകരമായി പൂർത്തിയാക്കി. അൽ ഖഷ്ല കൊട്ടാരം, അൽബാഹ മേഖലയിലെ അൽ അത്വാവില പ്രദേശം, റിയാദ് പ്രവിശ്യയിലെ ശഖ്റ, ഉഷൈക്കർ പട്ടണങ്ങൾ, കാസിൽ കോട്ട, അൽഉയുൻ കോട്ട, ഉർവ കൊട്ടാരം തുടങ്ങിയ പ്രമുഖ ചരിത്രസ്ഥലങ്ങൾ ഈ പട്ടികയിൽ ഉൾപ്പെടുന്നു.
ഭാവി പ്രവർത്തനങ്ങൾ
പുനരുജ്ജീവിപ്പിക്കാൻ ഉദ്ദേശിക്കുന്ന സ്ഥലങ്ങളെ സാമ്പത്തിക വളർച്ചയുടെ ചാലകശക്തികളാക്കി മാറ്റുകയാണ് ലക്ഷ്യം. ഇതിനായി 100ലധികം പൈതൃക നഗരങ്ങളെ ‘കാറ്റഗറി എ’ വിഭാഗത്തിൽ ഉൾപ്പെടുത്തി തരംതിരിച്ചിട്ടുണ്ട്. കേന്ദ്രങ്ങളുടെ നിലവിലെ അവസ്ഥ നിരീക്ഷിക്കുന്നതിനും വികസന ആവശ്യങ്ങൾ തിരിച്ചറിയുന്നതിനുമായി ഫീൽഡ് സന്ദർശനങ്ങൾ തുടരുകയാണ്. വിവരശേഖരണത്തിനായി ദേശീയ നഗര പൈതൃക രജിസ്റ്ററിനെയാണ് കമീഷൻ ആശ്രയിക്കുന്നത്.
നിക്ഷേപകരുടെ പങ്കാളിത്തം
പൈതൃക കേന്ദ്രങ്ങളുടെ വികസനത്തിൽ ഉടമകളെയും നിക്ഷേപകരെയും പങ്കാളികളാക്കുന്നതിനായി ഈ വർഷം നാലാം പാദത്തിൽ കമീഷൻ പ്രത്യേക പങ്കാളിത്ത പരിപാടികൾ ആരംഭിക്കും. ഇത് കേന്ദ്രങ്ങളുടെ പ്രവർത്തനപരവും സാമ്പത്തികവുമായ സുസ്ഥിരത ഉറപ്പാക്കാൻ സഹായിക്കും. 2019ൽ സൗദി അറേബ്യ ആവിഷ്കരിച്ച ദേശീയ സാംസ്കാരിക തന്ത്രത്തിെൻറ വിപുലീകരണമായാണ് ഈ പദ്ധതി വരുന്നത്. സാംസ്കാരിക സ്വത്വം പ്രോത്സാഹിപ്പിക്കുന്നതിനും നാഗരിക പൈതൃകം വരുംതലമുറയ്ക്കായി സംരക്ഷിക്കുന്നതിനും ഇത് കരുത്തേകും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.