റിയാദ്: കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ സുപ്രധാന സേവനങ്ങൾക്കായി റിയാദ് എയർപോർട്ട്സ് കമ്പനി നൽകിയ 31.49 കോടി റിയാലിെൻറ കരാർ സൗദി ഗ്രൗണ്ട് സർവീസസ് (എസ്.ജി.എസ്) സ്വന്തമാക്കി. വിമാനത്താവളത്തിലെ പാസഞ്ചർ ബോർഡിങ് ബ്രിഡ്ജുകളുടെ പ്രവർത്തനവും അവയുമായി ബന്ധപ്പെട്ട സാങ്കേതിക സേവനങ്ങളുടെ പരിപാലനവുമാണ് ഈ കരാറിലൂടെ കമ്പനി ഏറ്റെടുത്തിരിക്കുന്നത്.
മെയ് ഒന്ന് മുതൽ അഞ്ച് വർഷത്തേക്കാണ് കരാർ കാലാവധി നിശ്ചയിച്ചിരിക്കുന്നത്. ഇത് പിന്നീട് മൂന്ന് വർഷത്തേക്ക് കൂടി നീട്ടാനുള്ള വ്യവസ്ഥയും കരാറിലുണ്ട്. സൗദി ഗ്രൗണ്ട് സർവീസസിന് 51 ശതമാനം ഓഹരി പങ്കാളിത്തമുള്ള ‘എയർപോർട്ട് ബ്രിഡ്ജസ് ഫോർ ഓപ്പറേഷൻ ആൻഡ് മെയിൻറനൻസ്’ എന്ന കമ്പനിയുമായി ചേർന്നാണ് പദ്ധതി നടപ്പാക്കുന്നത്. ആവശ്യമായ ഔദ്യോഗിക ലൈസൻസുകൾ ലഭ്യമാകുന്ന മുറയ്ക്ക് കരാർ ഈ സബ്സിഡിയറി കമ്പനിക്ക് പൂർണമായും കൈമാറും.
യാത്രക്കാരുടെ ബോർഡിങ് ബ്രിഡ്ജുകൾക്ക് പുറമെ, വിമാനങ്ങൾക്കുള്ള ഗ്രൗണ്ട് പവർ യൂനിറ്റുകൾ, പ്രീ-കണ്ടീഷൻഡ് എയർ സിസ്റ്റങ്ങൾ, വിമാനങ്ങളെ കൃത്യമായി നയിക്കുന്നതിനുള്ള വിഷ്വൽ ഗൈഡൻസ് ഡോക്കിങ് സിസ്റ്റം എന്നിവയുടെ മാനേജ്‌മെൻറും സാങ്കേതിക മേൽനോട്ടവും ഈ പദ്ധതിയുടെ ഭാഗമാണ്.
ഈ കരാറിലൂടെയുള്ള സാമ്പത്തിക നേട്ടങ്ങൾ 2026-െൻറ രണ്ടാം പാദം മുതൽ കമ്പനിയുടെ വരുമാനത്തിൽ പ്രതിഫലിക്കുമെന്ന് സൗദി ഓഹരി വിപണിയായ ‘തദാവുലി’നെ അറിയിച്ചു. ഈ ഇടപാടിൽ മറ്റ് താല്പര്യബന്ധമുള്ള കക്ഷികളാരും ഉൾപ്പെട്ടിട്ടില്ലെന്നും കമ്പനി ഔദ്യോഗിക പ്രസ്താവനയിൽ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.