കേളി കലാസാംസ്കാരിക വേദി ഉപതെരഞ്ഞെടുപ്പ് കൺവെൻഷനിൽ കെ.പി.എം. സാദിഖ്
സംസാരിക്കുന്നു
റിയാദ്: പുതിയ കേരളം കെട്ടിപ്പടുക്കാൻ അടിത്തറ പാകുന്ന തെരഞ്ഞെടുപ്പാണ് നിലമ്പൂരിലേതെന്ന് ഇടതുമുന്നണി സ്ഥാനാർഥി എം. സ്വരാജ് പറഞ്ഞു. കഴിഞ്ഞ ഒമ്പത് വർഷമായി കേരളം അനുഭവിച്ചുകൊണ്ടിരിക്കുന്ന വികസന മുന്നേറ്റങ്ങൾ നിലനിർത്താനും ഒരു പുതിയ കേരളം കെട്ടിപ്പടുക്കാനും തുടക്കം കുറിക്കുന്ന ഒന്നാവണം ഈ ഉപതെരഞ്ഞെടുപ്പ് ഫലമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
വോട്ടെടുപ്പിൽ പങ്കാളികളാകാൻ കഴിയുന്നവർ നാട്ടിലെത്തണമെന്നും ബന്ധുക്കളെയും സുഹൃത്തുക്കളെയും തെരഞ്ഞെടുപ്പിന്റെ പ്രാധാന്യം ബോധ്യപ്പെടുത്തി ഇടതുപക്ഷത്തിന്റെ വിജയം ഉറപ്പുവരുത്തണമെന്നും സ്വരാജ് പറഞ്ഞു. കേളി കലാസാംസ്കാരിക വേദി റിയാദിൽ സംഘടിപ്പിച്ച ഉപതെരഞ്ഞെടുപ്പ് കൺവെൻഷനിൽ വിഡിയോ കോൺഫറൻസിലൂടെ സംസാരിക്കുകയായിരുന്നു എം. സ്വരാജ്.
ഈ ഒൻപത് വർഷത്തെ ഭരണം കേരളം കണ്ട സമാനതകളില്ലാത്ത വികസനം പ്രതിപക്ഷം പോലും നിഷേധിക്കുന്നില്ല. പൊതുമരാമത്ത്, ആരോഗ്യം, വിദ്യാഭ്യാസം, പാർപ്പിടം, ദാരിദ്ര നിർമാർജനം തുടങ്ങീ സർവ മേഖലകളിലും വന്നിട്ടുള്ള മാറ്റം വേണ്ടെന്ന് വെക്കാൻ ഒരു രാഷ്ട്രീയ കക്ഷിക്കും കഴിയില്ല. ഈ വികസന പ്രവർത്തങ്ങൾ തുടരേണ്ടതിന്റെ ആവശ്യകത കൺവെൻഷനിൽ സംസാരിച്ചവർ സദസിനെ ഓർമിപ്പിച്ചു.നാടിന്റെ വികസനവും മനുഷ്യരേയും സർവ ജീവജാലങ്ങളെയും ബാധിക്കുന്ന വിഷയങ്ങൾ ഇടതുമുന്നണി ജനങ്ങൾക്ക് മുന്നിൽ ചർച്ചയാക്കുമ്പോൾ, അനാവശ്യ വിവാദങ്ങളും നുണ പ്രചരണങ്ങളുമായി ജനങ്ങളെ വെല്ലുവിളിക്കുന്ന തരത്തിലാണ് യു.ഡി.എഫ് പ്രചാരണങ്ങൾ നടത്തുന്നത്.
ഏത് വിധേനയും ജയിക്കുക എന്ന ലക്ഷ്യത്തോടെ സർവ വർഗീയ വാദികളുമായി കൂട്ടുകൂടാൻ ഒരു മടിയും കാണിക്കാത്ത യു.ഡി.എഫ് ഒരു വശത്തും തെളിമയാർന്ന രാഷ്ട്രീയത്തിന്റെ കലർപ്പില്ലാത്ത മുഖവുമായി ഇടത് മുന്നണി മറൂഭാഗത്തുമായാണ് നിലമ്പൂരിൽ തെരഞ്ഞെടുപ്പ് പോരാട്ടമെന്ന് അധ്യക്ഷ പ്രസംഗം നടത്തിയ കെ.പി.എം. സാദിഖ് അഭിപ്രായപ്പെട്ടു. പ്രസിഡന്റെ സെബിൻ ഇക്ബാൽ, കുടുംബവേദി സെക്രട്ടറി സീബാ കൂവോട്, രക്ഷാധികാരി കമ്മിറ്റി അംഗം പ്രഭാകരൻ കണ്ടോന്താർ എന്നിവർ സംസാരിച്ചു. രക്ഷാധികാരി സമിതി അംഗങ്ങളായ ഫിറോസ് തയ്യിൽ, ഷമീർ കുന്നുമ്മൽ എന്നിവർ പങ്കെടുത്തു. ആക്ടിങ് സെക്രട്ടറി മധു ബാലുശ്ശേരി സ്വാഗതവും ട്രഷറർ ജോസഫ് ഷാജി നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.