1. ജിദ്ദ ഇന്ത്യൻ കോൺസുലേറ്റിൽ നടന്ന റിപ്പബ്ലിക് ദിനാഘോഷ ചടങ്ങിൽ കോൺസുൽ ജനറൽ ഫഹദ് അഹമ്മദ് ഖാന് സൂരി സംസാരിക്കുന്നു, 2. ആഘോഷ ചടങ്ങിൽ പങ്കെടുത്ത ഇന്ത്യൻ സമൂഹം
ജിദ്ദ: ഇന്ത്യയുടെ 76-ാമത് റിപ്പബ്ലിക് ദിനാഘോഷം ജിദ്ദ ഇന്ത്യൻ കോൺസുലേറ്റിൽ വിപുലമായി സംഘടിപ്പിച്ചു. കോൺസുലേറ്റ് അങ്കണത്തിൽ നടന്ന ചടങ്ങിൽ കോൺസുൽ ജനറൽ ഫഹദ് അഹമ്മദ് ഖാന് സൂരി ദേശീയ പതാക ഉയർത്തി.
രാഷ്ട്രപതി ദ്രൗപതി മുർമുവിന്റെ റിപ്പബ്ലിക്ദിന സന്ദേശത്തിൽ നിന്നുള്ള പ്രസക്ത ഭാഗങ്ങൾ കോൺസുൽ ജനറൽ സദസിന് മുമ്പിൽ വായിച്ചു കേൾപ്പിച്ചു. സൗദി പടിഞ്ഞാറൻ മേഖലയിൽ താമസിക്കുന്ന ഇന്ത്യൻ പ്രവാസികൾക്ക് കോൺസുൽ ജനറൽ ഊഷ്മളമായ റിപ്പബ്ലിക് ദിന ആശംസകൾ നേർന്നു.
ഇന്ത്യയും സൗദിയും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിന് സൗദി സർക്കാരിന്റെ തുടർച്ചയായ പിന്തുണയ്ക്ക് കോൺസുൽ ജനറൽ നന്ദി അറിയിച്ചു. ഇന്ത്യൻ സമൂഹത്തിന്റെ ക്ഷേമം ഉറപ്പാക്കുന്നതിനും അവരുടെ ആവശ്യങ്ങൾ കാര്യക്ഷമതയോടും സഹാനുഭൂതിയോടും കൂടി നിറവേറ്റപ്പെടുന്നുവെന്ന് ഉറപ്പാക്കുന്നതിന് സേവന വിതരണ സംവിധാനം കൂടുതൽ മെച്ചപ്പെടുത്തുന്നതിനും കാര്യക്ഷമമാക്കുന്നതിനുമുള്ള കോൺസുലേറ്റിന്റെ പ്രതിബദ്ധത അദ്ദേഹം ആവർത്തിച്ച് ഉറപ്പിച്ചു. ജിദ്ദ ഇന്റർനാഷനൽ ഇന്ത്യൻ സ്കൂള്‍ വിദ്യാർഥികൾ ദേശഭക്തി ഗാനങ്ങൾ ആലപിച്ചു.
ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം നടത്തിയ 'ഭാരത് കോ ജനിയേ' ക്വിസ് മത്സര വിജയികളെയും ദേശീയ ഗാനാലാപനത്തില്‍ പങ്കെടുത്ത കുട്ടികളെയും അവരെ ഒരുക്കിയ അധ്യാപികമാരെയും കോൺസുൽ ജനറൽ സർട്ടിഫിക്കറ്റുകൾ നൽകി അനുമോദിച്ചു. കൊമേഴ്സ്, പ്രസ് ആൻഡ് ഇൻഫോർമേഷൻ കോണ്‍സല്‍ മുഹമ്മദ് ഹാഷിം ചടങ്ങ് നിയന്ത്രിച്ചു. കോൺസുലേറ്റ് അങ്കണത്തിൽ സ്ഥാപിച്ചിട്ടുള്ള ഗാന്ധി പ്രതിമയിൽ നേരത്തെ കോൺസുൽ ജനറൽ പുഷ്പാർച്ചന നടത്തി.
കേന്ദ്ര ഹജ്ജ് കമ്മിറ്റി ചെയർമാൻ എ.പി അബ്ദുല്ലക്കുട്ടി, വിവിധ കോണ്‍സുല്‍മാര്‍, അവരുടെ കുടുംബാംഗങ്ങൾ, കോണ്‍സുലേറ്റ് ഉദ്യോഗസ്ഥര്‍, വിവിധ ഇന്ത്യൻ സംഘടനാ നേതാക്കള്‍, മറ്റുള്ളവർ തുടങ്ങി നിരവധി പേര് ആഘോഷ പരിപാടികളില്‍ പങ്കെടുത്തു. ജിദ്ദ ഇന്റര്‍നാഷനല്‍ ഇന്ത്യന്‍ സ്കൂളിലും വർണാഭമായ വിവിധ പരിപാടികളോടെ റിപ്പബ്ലിക് ദിനം ആഘോഷിച്ചു. കോണ്‍സല്‍ ജനറല്‍ ഫഹദ് അഹമ്മദ് ഖാന് സൂരി ദേശീയ പതാക ഉയര്‍ത്തി. സ്കൂള്‍ വിദ്യാര്‍ഥികളുടെ മാർച്ച് പാസ്റ്റടക്കം വിവിധ പരിപാടികള്‍ അരങ്ങേറി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.