റിയാദ്: പ്രതിദിന എണ്ണ ഉൽപാദനം വർധിപ്പിക്കാൻ ഒപെക് രാജ്യങ്ങളുടെ തീരുമാനം. ഓൺലൈനായി ചേർന്ന അംഗരാജ്യങ്ങളുടെ യോഗമാണ് എട്ട് രാജ്യങ്ങൾ തങ്ങളുടെ ഉൽപാദനം പ്രതിദിനം 5,48,000 ബാരല്‍ വീതം കൂട്ടാൻ തീരുമാനിച്ചത്.
സൗദി അറേബ്യ, ഒമാന്‍, യു.എ.ഇ, കുവൈത്ത്, റഷ്യ, ഇറാഖ്, കസാക്കിസ്ഥാന്‍, അള്‍ജീരിയ എന്നീ രാജ്യങ്ങളാണ് ഉല്പാദനം വര്‍ധിപ്പിക്കുക. ആഗസ്റ്റ് മുതൽ തീരുമാനം നടപ്പാവും. എണ്ണ വിപണിയുടെ സ്ഥിരതക്കുവേണ്ടിയാണ് ഈ തീരുമാനം. 2023 ഏപ്രില്‍, നവംബര്‍ മാസങ്ങളില്‍ സ്വമേധയാ എണ്ണയുല്പാദനം വെട്ടിക്കുറച്ച രാജ്യങ്ങളാണ് ഇവ. ഓൺലൈൻ യോഗത്തിൽ വിപണിയുടെ ആവശ്യവും പ്രതീക്ഷയും അവലോകനം ചെയ്താണ് ഈ തീരുമാനത്തിലേക്ക് പോയത്.
പുതിയ തീരുമാനം നടപ്പാവുന്നതോടെ സൗദി അറേബ്യയുടെ പ്രതിദിന ഉൽപദാനം 97,56,000 ബാരലായി ഉയരും. ലോക വിപണിയിലെത്തുന്ന ക്രൂഡോയിൽ പകുതിയും ഉല്പാദിപ്പിക്കുന്ന രാജ്യങ്ങളാണിവ. എണ്ണ വിപണിയെ പിന്തുണക്കാനായാണ് 2022 മുതല്‍ ഉല്പാദനം കുറച്ചുവന്നത്. അനുകൂല സാഹചര്യങ്ങള്‍, ഭൗമരാഷ്ട്രീയ മാറ്റങ്ങള്‍, എണ്ണ വിതരണത്തെ ബാധിച്ച യുദ്ധങ്ങള്‍ എന്നിവയാണ് പുനരാലോചനക്ക് പ്രേരിപ്പിച്ചത്.
ആഗസ്റ്റിൽ ഉൽപാദനം വർധിപ്പിക്കുമെങ്കിലും സെപ്തംബറിലെ ഉല്പാദനം സംബന്ധിച്ച് വീണ്ടും പുനരാലോചന നടത്തും. ഇതിനായി ആഗസ്റ്റ് മൂന്നിന് യോഗം ചേരും.പുതിയ തീരുമാനം നടപ്പാവുമ്പോൾ ഒമാന്റേത് 7,92,000ഉം റഷ്യയുടേത് 93,44,000ഉം അള്ജീരിയയുടേത് 9,48,000ഉം ഇറാഖിന്റേത് 41,71,000ഉം കുവൈത്തിന്റേത് 25,16,000 ഉം യു.എ.ഇയുടേത് 32,72,000ഉം കസാക്കിസ്ഥാന്റേത് 15,32,000ഉം ബാരലായി പ്രതിദിന ഉൽപാദനം വർധിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.