റിയാദ്: ബലിപെരുന്നാൾ (ഈദുൽ അദ്ഹാ) നമസ്കാരത്തിനുള്ള ഒരുക്കവും ആവശ്യമായ ക്രമീകരണങ്ങളും അടിയന്തിരമായി പൂർത്തിയാക്കാൻ സൗദി ഇസ്ലാമിക കാര്യ-ദഅ്വ-മാർഗനിർദ്ദേശ മന്ത്രി ഡോ. അബ്ദുല്ലത്തീഫ് ആലു ശൈഖ് രാജ്യത്തെ മുഴുവൻ മന്ത്രാലയ ശാഖകൾക്കും നിർദ്ദേശം നൽകി.
വിശ്വാസികളെ സ്വീകരിക്കുന്നതിനായി രാജ്യത്തെ ഈദ് ഗാഹുകളും മസ്ജിദുകളും മുൻകൂട്ടിത്തന്നെ പൂർണമായി സജ്ജമാക്കണമെന്ന് മന്ത്രാലയം പ്രത്യേകം ഓർമിപ്പിച്ചു. ഉമ്മുൽ ഖുറാ കലണ്ടർ പ്രകാരം സൂര്യോദയത്തിന് ശേഷം കൃത്യം 15 മിനിറ്റ് കഴിഞ്ഞായിരിക്കും എല്ലാ ഈദ് ഗാഹുകളിലും നിശ്ചയിക്കപ്പെട്ട ജുമുഅ മസ്ജിദുകളിലും പെരുന്നാൾ നമസ്കാരം നടക്കുക. എന്നാൽ വലിയ ഈദ് ഗാഹുകൾക്ക് തൊട്ടടുത്തുള്ള സാധാരണ മസ്ജിദുകളിലും, ജനങ്ങൾ ഈദ് ഗാഹുകളെ മാത്രം ആശ്രയിക്കുന്ന ചെറിയ ഗ്രാമീണ മേഖലകളിലെ പള്ളികളിലും പ്രത്യേകമായി പെരുന്നാൾ നമസ്കാരം ഉണ്ടായിരിക്കുന്നതല്ല.
പെരുന്നാൾ ദിനത്തിലെ കാലാവസ്ഥാ വ്യതിയാനങ്ങൾ ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രവുമായി സഹകരിച്ച് സൂക്ഷ്മമായി നിരീക്ഷിക്കാൻ മന്ത്രി എല്ലാ റീജനൽ ശാഖകൾക്കും നിർദ്ദേശം നൽകിയിട്ടുണ്ട്. മഴ പെയ്യാൻ സാധ്യതയുള്ള നഗരങ്ങളിലും ഗവർണറേറ്റുകളിലും വിശ്വാസികളുടെ സുരക്ഷയും സൗകര്യവും മുൻനിർത്തി പെരുന്നാൾ നമസ്കാരം തുറസ്സായ ഈദ് ഗാഹുകൾക്ക് പകരം മസ്ജിദുകളിൽ മാത്രമായി പരിമിതപ്പെടുത്തുമെന്നും മന്ത്രാലയം അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.