റിയാദ്: ഇറാൻ-ഇസ്രായേൽ സംഘർഷനാളുകളിൽ സ്വന്തം വ്യോമപാതയിൽ സൗദി അറേബ്യ സ്വീകരിച്ച ഉദാര സമീപനം വലിയ യാത്രാപ്രതിസന്ധിയെ ഇല്ലാതാക്കിയെന്ന് റിപ്പോർട്ട്. സൗദി വ്യോമാതിർത്തി എല്ലാവർക്കുമായി തുറന്നിട്ടപ്പോൾ പ്രതിദിനം കടന്നുപോയത് 1330 വിമാനങ്ങൾ. സംഘർഷത്തിന് മുമ്പുണ്ടായിരുന്നതിനേക്കാൾ 95 ശതമാനം അധികമാണ് ഈ എണ്ണം.ലോകത്തിന്റെ പലഭാഗങ്ങൾക്കുമിടയിലുള്ള വിമാന സർവിസുകളാണ് വഴിതിരിച്ചുവിട്ട് ഇതിലൂടെ കടന്നുപോയത്. മിസൈലുകളും ബോംബർ ജറ്റുകളും തലങ്ങും വിലങ്ങും പായുംവിധം സംഘർഷം രൂക്ഷമായപ്പോൾ പല രാജ്യങ്ങളുടെയും വ്യോമാതിർത്തികൾ അടച്ചു. അപ്പോൾ പല വിമാനസർവിസുകൾക്കും ഗതി മാറ്റേണ്ടിവന്നു. സൗദി അറേബ്യ ഉദാരസമീനം സ്വീകരിച്ചപ്പോൾ പല ലക്ഷ്യസ്ഥാനങ്ങളിലേക്കുമുള്ള വിമാനങ്ങൾ ഈ വ്യോമപാത തെരഞ്ഞെടുത്ത് സർവിസ് പൂർത്തിയാക്കി. ഇതുമൂലം വൻ യാത്രാപ്രതിസന്ധിക്കാണ് പരിഹാരമായത്.
വ്യോമഗതാഗതത്തിന്റെയും വ്യോമ പാതകളുടെയും സുഗമമായ ഒഴുക്ക് നിലനിർത്തുന്നതിനും വർധിച്ചുവരുന്ന ട്രാൻസിറ്റ് വിമാനങ്ങളുടെ എണ്ണം ഉൾക്കൊള്ളുന്നതിനുമായി സൗദി അറേബ്യ എല്ലാ മനുഷ്യ, ഭൗതിക വിഭവങ്ങളും ആവശ്യമായ തയാറെടുപ്പുകളും നടത്തിയിരുന്നു.ആ സംവിധാനങ്ങളും സൗകര്യവും ഇപ്പോഴും തുടരുകയും ചെയ്യുന്നു. ഏത് അടിയന്തര സാഹചര്യവും നേരിടാൻ വ്യോമപാത ഇന്ന് സജ്ജമാണ്. അന്താരാഷ്ട്ര സിവിൽ ഏവിയേഷൻ ഓർഗനൈസേഷന്റെ (ഐ.സി.എ.ഒ) മാനദണ്ഡങ്ങൾ കർശനമായി പാലിച്ചുകൊണ്ട് വിമാനങ്ങളുടെ ചലനം സുഗമമാക്കുന്നതിനുള്ള ആവശ്യകതകൾ നടപ്പാക്കുന്നതിനായി സാങ്കേതിക ഉപകരണങ്ങളും കർശനമായ സുരക്ഷാനടപടികളും ഏർപ്പെടുത്തിയിട്ടുണ്ട്.
ഇറാൻ-ഇസ്രായേൽ സംഘർഷാവസ്ഥ നിലനിന്ന നാളുകളിൽ സൗദി വ്യോമാതിർത്തിയിലെ കനത്ത സമ്മർദം നേരിടുന്നതിനായി കൂടുതൽ വ്യോമപാതകൾ തുറക്കാൻ സൗദി ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷൻ (ഗാക) തങ്ങളുടെ മുഴുവൻ ശേഷിയും ഉപയോഗപ്പെടുത്തി.സൗദി വ്യോമാതിർത്തിയുടെ സംരക്ഷണവും വിമാനയാത്രയുടെ സുരക്ഷയും ഉറപ്പാക്കുന്നതിന് നൂതന നാവിഗേഷൻ നടപടിക്രമങ്ങളും സംവിധാനങ്ങളും അനുസരിച്ച് ശേഷി വർധിപ്പിക്കുകയും പറക്കൽ സമയം കുറക്കുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.