representational image

ലഹരിക്കടത്ത്: സൗദിയിൽ ഒരാഴ്ചക്കിടെ മലയാളികൾ ഉൾപ്പെടെ നിരവധി പ്രവാസികൾ അറസ്റ്റിൽ

ജിദ്ദ: സൗദിയിൽ ലഹരിക്കടത്ത് കേസിൽ പിടിയിലാകുന്നവരുടെ എണ്ണം വർധിക്കുന്നു. പിടിക്കപ്പെടുന്ന മലയാളികളടക്കമുള്ള പ്രവാസികളുടെ എണ്ണം വർധിക്കുന്നതായാണ് വിവിധ പ്രദേശങ്ങളിൽ നിന്നുള്ള റിപ്പോർട്ടുകൾ ചൂണ്ടിക്കാണിക്കുന്നത്.

മെത്താംഫെറ്റാമിൻ, എം.ഡി.എം എന്നിവ പിടിച്ചെടുത്ത കേസിൽ ഒരാഴ്ച്ചക്കിടയിൽ 10 ലധികം മലയാളികളാണ് സൗദിയിൽ പിടിയിലായത്. മദ്യ നിർമ്മാണവുമായി ബന്ധപ്പെട്ടും അത് വിതരണം ചെയ്തതിനും അറസ്റ്റിലായ പ്രവാസികളുടെ കൂട്ടത്തിലും മലയാളികളുടെ എണ്ണം കൂടിവരുന്നതായും വിവിധ ഭാഗങ്ങളിൽ നിന്നുള്ള കണക്കുകൾ വ്യക്തമാക്കുന്നു. രാജ്യത്ത് മദ്യം എത്തിച്ചു കൊടുക്കുന്ന കണ്ണികളുടെ കൂട്ടത്തിൽ മലയാളികളുടെ പങ്ക് ഏറെ ആശങ്ക ഉണ്ടാക്കിയിരിക്കുകയാണെന്ന് ഈ മേഖലയിൽ നിരീക്ഷണം നടത്തുന്നവർ പറയുന്നു. മറ്റു കേസുകളിലും ഇടപെടാൻ സാമൂഹിക പ്രവർത്തകർ മുന്നോട്ട് വരുമെങ്കിലും മയക്കുമരുന്നുമായി ബന്ധപ്പെട്ട കേസിൽ ഇടപെടാൻ ആരും തയാറാവുകയില്ല. സൗദി നിയമത്തിൽ ലഹരിക്കേസിൽ വിട്ടുവീഴ്‌ചയില്ലാത്ത നടപടികളാണ് കൈക്കൊള്ളുന്നത് എന്നതാണ് ഈ വിഷയത്തിൽ മറ്റൊരാൾ ഇടപെടാതിരിക്കാൻ കാരണം.

ലഹരിക്കടത്തു കേസുകളും കള്ളക്കടത്ത് കേസുകളും കണ്ടെത്താൻ പഴുതടച്ചുള്ള പരിശോധനകളും നിരീക്ഷണങ്ങളും സൗദി അധികൃതർ ശക്തമാക്കിയിട്ടുണ്ട്. രാജ്യത്ത് ലഹരിക്കടത്ത് കേസുകളിൽ ദിനേന നാലും അഞ്ചും പേർക്ക് വധശിക്ഷ നടപ്പാക്കികൊണ്ടിരിക്കെയാണ് മലയാളി യുവാക്കളുടെ ലഹരിക്കടത്ത്. പ്രവാസി യുവാക്കൾ മാരക ലഹരി വസ്തുവുമായി ഇടപാടുകൾ നടത്തുന്നത് നിരീക്ഷിച്ച അധികൃതർ നാടകീയമായാണ് പ്രതികളെ ഈയിടെ അറസ്റ്റ് ചെയ്തത്. ലഹരിക്കടത്തുമായി ബന്ധപ്പെട്ട എല്ലാവരെയും സുരക്ഷാ വിഭാഗം വലയിലാക്കിയതായാണ് വിവരം.

വർധിച്ചുവരുന്ന ലഹരികേസുകളിൽ ഇന്ത്യൻ പ്രവാസികളുടെ പങ്കാളിത്തം വർധിക്കുന്നതിൽ ഏറെ ആശങ്കയിലാണ് സൗദിയിലെ നിയമ വിദഗ്ധരും സാമൂഹിക പ്രവർത്തകരും. മയക്കുമരുന്നുമായോ ഏതെങ്കിലും തരത്തിലുള്ള ലഹരി വസ്തുക്കളോ പാനീയമോ ആയി ബന്ധപ്പെട്ട കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നതായി സംശയിക്കപ്പെടുന്ന ആളുകളുമായി ഇടപെടുമ്പോൾ നല്ല ജാഗ്രത പാലിക്കണമെന്ന് സാമൂഹിക പ്രവർത്തകർ ആവർത്തിച്ച് മുന്നറിയിപ്പ് നൽകുന്നു. സൗദി ക്രിമിനൽ നിയമപ്രകാരം കടുത്ത ശിക്ഷകളാണ് ലഹരിയുമായി ബന്ധപ്പെട്ടുള്ള കേസുകളിൽ വിധിക്കുന്നത്. ഇത്തരം ആളുകളുമായി ഏതെങ്കിലും വിധത്തിൽ ബന്ധമുണ്ടെങ്കിൽ വരെ നാടുകടത്തലിന് അത് കാരണമാകാമെന്നും സാമൂഹിക പ്രവർത്തകർ മുന്നറിയിപ്പ് നൽകുന്നു.

Tags:    
News Summary - Drug trafficking: Many expatriates, including Malayalis, were arrested in Saudi Arabia within a week

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.