കഴിഞ്ഞ ഫെബ്രുവരി 10 ന് അബഹ വിമാനത്താവളം ലക്ഷ്യമാക്കി ഹൂതികൾ വിക്ഷേപിച്ച ഡ്രോൺ തകർത്തതിന്റെ അവശിഷ്ടങ്ങൾ (ഫയൽ ഫോട്ടോ)

അബഹ വിമാനത്താവളത്തിന് നേരെ വന്ന ഹൂതി ഡ്രോൺ അറബ് സഖ്യസേന തകർത്തു

അബഹ: സൗദിയിലെ അബഹ അന്താരാഷ്ട്ര വിമാനത്താവളം ലക്ഷ്യമാക്കി യമനിൽ നിന്നും ഹൂതി മിലിഷ്യ വിക്ഷേപിച്ച ഡ്രോൺ അറബ് സഖ്യസേന നശിപ്പിച്ചു. ഇന്ന് പുലർച്ചെയായിരുന്നു സംഭവം. വിമാനത്താവളം ലക്ഷ്യമാക്കി വന്ന ഡ്രോണിനെ ആകാശത്ത് വെച്ച് തന്നെ തകർക്കുകയായിരുന്നു.

സംഭവത്തിൽ നാശനഷ്ടങ്ങളോ ആളുകൾക്ക് പരിക്കോ ഉണ്ടായിട്ടില്ല. ഡ്രോണിന്റെ അവശിഷ്ടങ്ങൾ വിമാനത്താവള റൺവേയിൽ ചിതറിക്കിടന്നതിനാൽ ഇത് സർവീസുകളെ അൽപ്പ സമയം ബാധിച്ചെങ്കിലും വിമാനത്താവള പ്രവർത്തനങ്ങൾ സാധാരണ നിലയിലായിട്ടുണ്ടെന്ന് സഖ്യസേന വൃത്തങ്ങൾ അറിയിച്ചു. അബഹ വിമാനത്താവളം ആക്രമിക്കാൻ ഹൂതി തീവ്രവാദികൾ നടത്തിയ ശ്രമം യുദ്ധക്കുറ്റമാണെന്നും സാധാരണ ജനങ്ങളെ ഉന്നം വെച്ച് ഹൂതികൾ നടത്തിക്കൊണ്ടിരിക്കുന്ന ആക്രമണങ്ങളിൽ നിന്നും അവരെ സംരക്ഷിക്കുന്നതിനുള്ള നടപടികളുമായി മുന്നോട്ട് പോവുന്നതായും സേന വൃത്തങ്ങൾ അറിയിച്ചു.

കുറച്ചു ദിവസങ്ങളായി യെമനിനോട് ചേർന്ന് കിടക്കുന്ന സൗദിയിലെ ദക്ഷിണ മേഖലയായ അബഹ, ജിസാൻ, നജ്‌റാൻ എന്നിവിടങ്ങളിലേക്ക് ഹൂതികൾ നിരന്തരം ഡ്രോണുകളും മിസൈലുകളും അയച്ചുകൊണ്ടിരിക്കുകയാണ്.

അന്താരാഷ്ട്ര അംഗീകാരമുള്ള സർക്കാരിനെതിരായ യമനിലെ ആഭ്യന്തര യുദ്ധത്തിൽ ഹൂതികൾക്ക് ഇറാൻ പിന്തുണ നൽകുന്നുണ്ടെന്ന്​ ആക്ഷേപമുണ്ട്​. ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് (ഐ.ആർ.ജി.സി) ഹൂതികൾക്ക് മിസൈലുകളും ഡ്രോണുകളും പരിശീലനവും നൽകുന്നു. ഇത് മുഖേനയാണ് വിമാനത്താവളങ്ങളെയും മറ്റ് നിർണായകമായ അടിസ്ഥാന സൗകര്യങ്ങളെയും ഹൂതികൾ ലക്ഷ്യമിടുന്നതെന്നാണ് സഖ്യസേന വൃത്തങ്ങൾ അറിയിക്കുന്നത്.

Tags:    
News Summary - drone, which was heading towards Abha airport, was destroyed by Arab coalition forces

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.