റിയാദ്: ഗൾഫ് രാജ്യങ്ങൾക്കും ജോർദാനും നേരെ ഇറാൻ നടത്തുന്ന ആക്രമണങ്ങളെ ശക്തമായി അപലപിച്ചുകൊണ്ട് ഐക്യരാഷ്ട്ര സഭ സുരക്ഷാ കൗൺസിൽ പാസാക്കിയ പ്രമേയത്തെ സൗദി അറേബ്യ സ്വാഗതം ചെയ്തു. മേഖലയിലെ സമാധാനത്തിനും സുരക്ഷയ്ക്കും ഭീഷണിയാകുന്ന ഇത്തരം നടപടികൾക്കെതിരെ അന്താരാഷ്ട്ര സമൂഹം എടുത്ത ഉറച്ച നിലപാട് സ്വാഗതാർഹമാണെന്ന് സൗദി വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ അറിയിച്ചു. സൗദി അറേബ്യക്ക് പുറമെ ബഹ്‌റൈൻ, യു.എ.ഇ, ഖത്തർ, ഒമാൻ, കുവൈത്ത്, ജോർദാൻ എന്നീ രാജ്യങ്ങൾ സംയുക്തമായി സമർപ്പിച്ച 2817-ാം നമ്പർ പ്രമേയമാണ് സുരക്ഷാ കൗൺസിൽ അംഗീകരിച്ചത്.
ഇറാൻ നടത്തിയ ഹീനമായ ആക്രമണങ്ങൾ അന്താരാഷ്ട്ര നിയമങ്ങളുടെ നഗ്നമായ ലംഘനമാണെന്നും ആഗോള സുരക്ഷയ്ക്ക് ഇത് ഗുരുതരമായ ഭീഷണിയാണെന്നും പ്രമേയം അടിവരയിടുന്നു. പാർപ്പിട മേഖലകളെയും സിവിലിയൻ കേന്ദ്രങ്ങളെയും ലക്ഷ്യം വെച്ച് നടന്ന ആക്രമണങ്ങളെയും, അതുവഴി സാധാരണക്കാരുടെ ജീവനും സ്വത്തിനും സംഭവിച്ച നാശനഷ്ടങ്ങളെയും പ്രമേയം രൂക്ഷമായി വിമർശിച്ചു. ആക്രമണത്തിന് ഇരയായ രാജ്യങ്ങളോടും അവിടുത്തെ ജനങ്ങളോടുമുള്ള പൂർണ്ണമായ ഐക്യദാർഢ്യം ഐക്യരാഷ്ട്രസഭ പ്രഖ്യാപിച്ചിട്ടുണ്ട്.
ഇറാന്റെ ഭാഗത്തുനിന്നുള്ള എല്ലാവിധ ആക്രമണങ്ങളും നിരുപാധികമായി ഉടനടി അവസാനിപ്പിക്കണമെന്നും, അയൽ രാജ്യങ്ങൾക്കെതിരായ ഏതെങ്കിലും തരത്തിലുള്ള പ്രകോപനങ്ങളിൽ നിന്നും ഭീഷണികളിൽ നിന്നും ഇറാൻ പിന്തിരിയണമെന്നും പ്രമേയം കർശനമായി ആവശ്യപ്പെടുന്നു.
യു.എൻ ചാർട്ടറിലെ ആർട്ടിക്കിൾ 51 പ്രകാരം, ഒരു രാജ്യം ആക്രമിക്കപ്പെട്ടാൽ തങ്ങളുടെ പരമാധികാരവും പ്രാദേശിക സമഗ്രതയും സംരക്ഷിക്കുന്നതിനായി ആവശ്യമായ പ്രതിരോധ നടപടികൾ സ്വീകരിക്കാനുള്ള പൂർണ അവകാശം അതത് രാജ്യങ്ങൾക്കുണ്ടെന്നും പ്രമേയം സ്ഥിരീകരിക്കുന്നു. ഇറാെൻറ ആക്രമണോത്സുകമായ നിലപാടുകൾക്കെതിരെ ആഗോളതലത്തിൽ രൂപപ്പെട്ട വലിയ പിന്തുണയെ പ്രശംസിച്ച സൗദി അറേബ്യ, സ്വന്തം സുരക്ഷയും ജനങ്ങളുടെ സമാധാനവും ഉറപ്പാക്കാൻ പ്രതിജ്ഞാബദ്ധമാണെന്നും ആവർത്തിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.